Tuesday 25 August 2015 - 32 comments

ആമാശയത്തിന്ടെ ആശ.



വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് മടിയില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ കമ്പ്യൂട്ടറുകളും..കയ്യില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ മൊബൈലുകളും ജനപ്രിയമാകുന്നതിന് മുന്‍പുള്ള പണ്ട്..

കൃത്യമായി പറഞ്ഞാല്‍ ഉന്നീസ് സൌ...അല്ലെങ്കില്‍ വേണ്ട  തല്‍ക്കാലം നമുക്ക് 2002 എന്ന് പറയാം.

അംബാനിയെ പോലെയാവുക എന്നാ ചെറിയ മോഹമോടെ, പണി കിട്ടുമോ എന്ന് അന്വേഷിച്ചു ബോംബയില്‍ അലഞ്ഞു നടക്കുന്ന സമയം. I Mean ജോലി.

ചൂട് അതിന്റെ മൂര്‍ധന്യ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.വെള്ളപ്പൊക്ക ബാധിതര്‍ കൊണ്ട് വരുന്ന പോലെ തന്ടെ റെസ്യൂം കൊണ്ട് എല്ലാ കമ്പനികളിലും കയറി ഇറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല.

എല്ലാവര്ക്കും വേണ്ടതും എനിക്ക് ഇല്ലാത്തതും അതൊന്നു മാത്രമായിരുന്നു.

" എക്സ്പീരിയന്‍സ് "

അംബാനിയുടെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കൂടി കൊണ്ട് വരികയും എന്റെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കുറഞ്ഞു അകൌണ്ട് കട്ട് ആവുമെന്ന അവസ്ഥയിലും ആയിരിക്കുന്നു.

താമസവും ജോലി തെണ്ടലും ചാമക്കാല വിനീതിന്ടെ കൂടെയായിരുന്നു.അവനെ കുറിച്ചു നിങ്ങളോട് എപ്പോളെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് വലിയൊരു അപരാധം ആകും.

എന്റെ ഏറ്റവും അടുത്ത വളരെ ചുരുക്കം കൂട്ടുകാരില്‍ ഒരാളാണ് വിനീത്.അവനും എനിക്കും ഒരേ പ്രായം.ഒരുമിച്ചു ജനിച്ചു..ഒരുമിച്ച് വളര്‍ന്നു..ഒരുമിച്ച് സ്കൂളില്‍ ചേര്‍ന്നു.

അവന്‍ ചമാക്കാലയിലും..ഞാന്‍ പെരിഞ്ഞനത്തും..

സ്വതവേ ശാന്ത ശീലനും..കഠിന അദ്ധ്വാനിയും ...മിത ഭാഷിയും ആയിരുന്നു വിനീത്. ആദ്യത്തേത് ഉറങ്ങുമ്പോളും ...രണ്ടാമത്തേത് ഭക്ഷണം കഴിക്കുമ്പോളും ...പിന്നത്തേത് ഒറ്റക്കിരിക്കുമ്പോളും ആണെന്ന് മാത്രം. ചുരുക്കത്തില്‍ ഇത്തിരി സ്ലോ..നിര്‍ദോഷി ..അന്നൊന്നും സിക്സ് പാക്കും 8 പാക്കും ഇല്ലാത്തത് കൊണ്ട് ആകെയുള്ള ഒരു പാക്‌ വയറെ അവനും ഉണ്ടായിരുന്നുള്ളൂ..

അന്ന് പൊതുവേ ചൂട് കൂടിയ ഒരു ദിവസമായിരുന്നു.പണി അന്വേഷിച്ചു നടന്നു തളര്‍ന്നു തിരികെ എത്തിയപ്പോളാണ് ഭോജിക്കാന്‍ ഒന്നുമില്ല എന്ന സത്യം ഓര്‍മ വന്നത്.സ്ഥിരമായി കഴിക്കാറുള്ള മലയാളി ചേട്ടന്ടെ കടയിലേക്ക് ചെന്നപ്പോള്‍,അവാര്‍ഡ് പടത്തിന്ടെ സെക്കന്റ്‌ ഷോ കാണാന്‍ കയറിയവരെ പോലെ ഒറ്റക്കും തെറ്റക്കും അങ്ങിങ്ങായി രണ്ടു മൂന്നു പഴം പൊരി മാത്രം.

അങ്ങിനെ വിശന്നു വിഷണ്ണനായി ഇരികുമ്പോളാണ് വായ്‌ നിറയെ ചിരിയുമായി മഞ്ഞ ഷര്‍ട്ട്‌ ഇട്ട വിനീത് പ്രത്യക്ഷപെട്ടത്.

ചിക്കന്‍ ബിരിയാണി...ഷാഹി പനീര്‍...ദാല്‍ മക്കനി...ആലു കുല്‍ച്ച

" ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് തോനുന്നു? "

പതിവില്ലാതെ രാവിലെ തേച്ച പല്ലിന്ടെ  വെണ്മ കാട്ടി നല്ല ഗംഭീര ശബ്ദത്തില്‍ ചോദിച്ചു.

" നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോനുന്നു.വിശപ്പാണെങ്കില്‍ മെഡുല ഒബ്ലാംഗേറ്റ വരെ എത്തിയിരിക്കുന്നു.അപ്പോളാ അവന്ടെ ഒരു ഭക്ഷണ വിവരണം"

അളിയാ... ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല.ഇതെല്ലം കഴിക്കാനുള്ള വകുപ്പുണ്ട്.അടുത്തൊരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണം നടക്കുന്നുണ്ട്.ബോംബയിലെ രാജാക്കന്മാര്‍ ആണെന്ന് തോനുന്നു.കുതിരയോക്കെയുണ്ട്.ഇന്നത്തെ ഫുഡ്‌ അവിടെ നിന്നാക്കിയാലോ?

ചോദ്യം കേട്ടതും കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം പല തവണ മനസ്സില്‍ കണ്ടു കഴിഞ്ഞിരുന്നു.

കാര്യം വിശപ്പ്‌ ഉണ്ടെങ്കിലും, ഒരിക്കല്‍ കൂടി ചോദിച്ചാല്‍ "YES" പറയാം എന്ന് കരുതി ഞാന്‍ പറഞ്ഞു

" ഓ...വേണ്ടളിയാ..."

എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് അവന്‍ ചോദ്യം നിര്‍ത്തി പോവാന്‍ റെഡി ആയി.സദ്യയുടെ കാര്യത്തില്‍ വിനീത് ഒരു സോഷ്യലിസ്റ്റ്‌ ആണ്.പാവപ്പെട്ടവന്‍....പണക്കാരന്‍..എന്ന വേര്‍തിരിവോന്നും ഇല്ല. വീട്ടില്‍ ക്ഷണിച്ചോ..ഇല്ലയോ എന്ന് പോലും നോക്കാതെ എല്ലാ കല്യാണത്തിനും പോകും.

തിങ്കി കൊണ്ടിരുന്നാല്‍ അകത്തേക് ഒന്നും പോകില്ലെന്നറിഞ്ഞതും, തല്‍ക്കാലം അഭിമാന്‍ പണയം വെക്കാന്‍ തീരുമാനിച്ചു.

" നോര്‍ത്ത് ഇന്ത്യന്‍ കല്യാണം എന്തായാലും ഒന്ന് കണ്ടിട്ട് വരാം.ഞാനും വരുന്നു "

" ആവശ്യം സൃഷ്ട്ടിയുടെ മാതാവാണ്  "
അനിഷേധ്യമായ വലിയൊരു സത്യമാണെന്ന് മനസ്സിലാക്കി, അന്നം തന്നെ ഉന്നം എന്ന ഒറ്റ ലക്‌ഷ്യം വെച്ച് ഞാനും അവന്റെ കൂടെ നടന്നു.

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍....

അവിടെയെത്തിയതും,ഞാന്‍ എന്റെ സ്ഥിരം സ്വഭാവമായ ചുറ്റുവട്ട നിരീക്ഷണം തുടങ്ങി. കാണുന്നവര്‍ക്ക് വായ്നോട്ടം പോലെ തോന്നുമെങ്കിലും സത്യത്തില്‍ അതല്ല എന്ന് എനിക്ക് മാത്രേ അറിയൂ    
  ( സത്യായിട്ടും )

കൊട്ടാരം പോലെ അലങ്കരിച്ച പന്തല്‍...
വരന്‍ കുതിരപ്പുറത്ത് വന്നിറങ്ങുന്നു.
ദര്‍ബാര്‍ ഹാള്‍ പോലെ അലങ്കരിച്ച രാജകീയ സിംഹാസനത്തില്‍ ,സാരി തലപ്പാല്‍ മുഖം മറച്ചു ...മൈലാഞ്ചിയിട്ട്...അല്‍പ്പം നാണത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്ന വധു.
കാതടിപ്പിക്കുന്ന DJ മ്യൂസിക്‌..
എണ്ണിയാല്‍ തീരാത്ത നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികള്‍ പാട്ടിനനുസരിച്ച് നൃത്തം വെക്കുന്നു, വിശപ്പിനിടയിലും വെത്യസ്തമായാവ ഞാന്‍ കണ്ണ് കൊണ്ട് ബുക്ക്‌ ചെയ്തു.
അവര്‍ക്ക് കമ്പനി കൊടുത്ത് കൊണ്ട് ,എടുത്താല്‍ പൊന്താത്ത വയറിനു മുകളില്‍ കോട്ടിട്ടോരാള്‍ ..തേങ്ങ പിരിക്കുന്ന പോലെ രണ്ടു കൈപത്തിയും ആകാശത്തേക് കറക്കി ബല്ലേ..ബല്ലേ..കളിക്കുന്നു

വിഷുവിനു കത്തിച്ചിട്ട തലച്ചക്രം പോലെ ഓടി നടക്കുന്ന കുട്ടികള്‍.
അവര്‍ക്കിടയില്‍ പടവലങ്ങക്ക് ഗ്രഹണി പിടിച്ച പോലെയുള്ള വിനീതും, സൊമാലിയയുടെ ഫോട്ടോ കോപ്പി പോലെ ഞാനും...

പ്രശ്നമാകുമോ? ഇറങ്ങി ഓടിയാലോ? മനസ്സ് ഒരു സജ്ജഷന്‍ വെച്ചു. പക്ഷെ ആമാശയം സമ്മതിക്കുന്നില്ല.ആലു ഫ്രൈ...ഗോല്‍ഗപ്പാ.. പാവ് ബജി...എണ്ണിയാല്‍ തീരാത്ത ലഘു വിഭവങ്ങള്‍ മാടി മാടി വിളിക്കുന്നു.

വിശാലമായ ഹാളില്‍ ടാബിളിനു മുന്നില്‍ കണ്ണും തള്ളിയുള്ള ഇരിപ്പ് തുടര്‍ന്നു.ടാബില്‍ നിറയുന്നു.എന്ത് വേണം?...ഏതു വേണം?....എവിടുന്നു തുടങ്ങണം?....ആകെ കണ്ഫ്യൂഷന്‍.

സൂപ്പിലും ജ്യൂസിലും തുടക്കം.പിന്നെ പിന്നെ ഒരു അങ്കം വെട്ടായിരുന്നു.സുനാമി ക്യാമ്പിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ ഇതിലും നല്ല ടേബിള്‍ മേനേഴ്സ്  കാണിക്കുമായിരുന്നു.എന്നിട്ടും അവസാനം എനിക്ക് മിച്ചം വെക്കേണ്ടി വന്നു.പിന്നെ ഐസ് ക്രീമോടെ കലാശകൊട്ട്.

അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം...
എന്തൊക്കെയോ അടിമറിയുന്നുണ്ടോ?
എന്തോ തിളച്ച് മറിയുന്നത് പോലെ..അസ്വസ്ഥതകള്‍....
സര്‍വാംഗം തളരുന്നു..

കോഴിയും ആലുവും വയറ്റില്‍ കിടന്നു ഗുസ്തി കൂടുകയാണ്..
മെസ്സിലെ " ഭക്ഷണം" എന്ന പേരില്‍ കഴിക്കുന്ന പാഷാണം കഴിച്ചു ശീലിച്ച ഞങ്ങളുടെ വയര്‍ പുതിയ ഭക്ഷണം കണ്ടു അന്തം വിട്ടു പോയതിന്റെ പരിണിത ഫലം ആയിരിക്കുമോ?

ഞാന്‍ മുന്നോട്ടുള്ള ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് റിവേര്‍സ് ഗിയറില്‍ ആലോചിക്കാന്‍ തുടങ്ങി.

വാട്ട്‌ എവര്‍ ദി റീസണ്‍ വാസ് ഏന്‍ഡ് റിസള്‍ട്ട് എന്നത് ബോംബയിലെ രാജാവിന് വിനീതിന്റെ വക "വാള്‍" സമര്‍പ്പണം ആയിരുന്നു.

ആകെയൊരു നിശ്ചലാവസ്ഥ..എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങളിലേക്ക് സൂം ചെയ്തു.സിറ്റുവേഷന്‍ വളരെ ക്രിറ്റിക്കല്‍ ആണ്.സോ...നത്തിംഗ് ടു തിങ്ക്‌...
എസ്കേപ്......

"എന്ത് പറ്റി അളിയാ..?"
"ബീപ്"  ( സിനിമയില്‍ ഓക്കേ സെന്‍സര്‍ ചെയ്യില്ലേ? അത് തന്നെ )

ശര്‍ദ്ധിച്ചു ...ശര്‍ദ്ധിച്ചു ...ഊപ്പാട് ഇളകിയപ്പോള്‍ വിനീത് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. " ദൈവമേ...ഇവിടന്നു ഫുഡ്‌ അടിച്ച എല്ലാവര്ക്കും ഈ ഗതി വരുത്തനമേ...അറ്റ്‌ ലീസ്റ്റ് എന്റെ കൂടെ വന്നവനെങ്കിലും..."

ഓട്ടോമാറ്റിക്  ആയി തുറന്നു പോയ വായ അടക്കാന്‍ പോലും മറന്നു ഞാന്‍ അല്‍പ്പ നേരം അങ്ങിനെ തന്നെയിരുന്നുപോയി..
********************

സംഭവം നടന്നിട്ട് വര്ഷം പതിനാലു കഴിഞ്ഞു.രണ്ടു പേര്‍ക്കും ദുഫായില്‍ ജോലി ശെരിയായി .ഇപ്പോ ഭയങ്കര പുരോഗതിയാണ്.വച്ചടി വച്ചടി കയറ്റം.
പക്ഷെ അത് കടം വാങ്ങുന്നതിലും...ലോണ്‍ എടുക്കുന്നതിലും ആണെന്ന് മാത്രം.

ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍....
എത്രയെത്ര കല്യാണങ്ങള്‍...
എന്റെ കല്യാണം കഴിഞ്ഞു...
അവന്റെയും...
പക്ഷെ ഇന്ന് വരെ ങേ..ഹേ...ഒരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണത്തിനും ഞങ്ങള്‍ പോയിട്ടില്ല.

നാളെ ഞങ്ങളുടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തിനെ ബാച്ചിലര്‍ പാര്‍ട്ടിയാണ്.വിനീതും വരുന്നുണ്ട്..എന്താവുമോ ആവോ....