Friday 13 November 2015 - 32 comments

വാരാന്ത്യക്കുറിപ്പുകള്‍.


സംഭവം നടക്കുന്നത് അറബികളുടെയും ഒട്ടകങ്ങളുടെയും ഷെയ്ഖ്മാരുടെയും നാടായ ദുബായില്‍.സാമാന്യം ചൂടുള്ള ഒരു വ്യാഴാഴ്ച്ച ദിവസം. നിനച്ചിരിക്കാതെ കിട്ടിയ ഒരു ഒഴിവു ദിനം ആനന്ദകരമാക്കുവാന്‍ വേണ്ടി ടോറന്റില്‍ നിന്നും വലിച്ചെടുത്ത റാം ജിറാവും കണ്ടു കൊണ്ടിരിക്കുമ്പോളാണ് അവര്‍ വന്നത്. സുഹൃത്തും കുടുംബവും.

"ഇത് മോശാണ് ട്ടാ " 
എന്ന ഡയലോഗും ആയിട്ടാണ് അവര്‍ അകത്തേക് കയറിയത്. 

ഞാന്‍, ഇന്നസന്‍റ് മുണ്ടില്ലെന്നു തിരിച്ചറിയുന്ന പോലെ ഒരു സ്വയം നോട്ടം നടത്തി.പീസ്‌ വല്ലതും കാണുന്നുണ്ടോ? ഏയ് കുഴപ്പമൊന്നുമില്ലല്ലോ..

അതല്ല ഒഴിവു ദിവസമായി വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നത് മോശമല്ലേ എന്നാ ഉദേശിച്ചത്.എന്‍റെ നോട്ടത്തിന്‍റെ അര്‍ഥം അവര്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. 

പുറത്ത് എവിടയെങ്കിലും ഒന്ന് കറങ്ങാന്‍ പോകണം എന്ന തീരുമാനവുമായിട്ടാണ് അവരുടെ വരവ്.

പക്ഷെ എങ്ങോട്ട്?

കൂട്ടുകാരുടെ കൂടെ പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ എന്നും എവിടെ പോകും എന്നുള്ളത് ഞങ്ങളെ സമ്പന്തിച്ചിടത്തോളം തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്.ഇനിയും പോകാത്ത നിരവധി സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്.അവയില്‍ എവിടെ പോകണം എന്ന കാര്യമാണ്‌ എത്ര ആലോചിച്ചിട്ടും തീരുമാനം ആകാത്ത കാര്യം.പിന്നീട് അങ്ങോട്ട്‌ കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും മേളമായിരുന്നു. 

ആലോചനകള്‍ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൌസിന്‍റെയും കീ ബോര്‍ഡിന്‍റെയും സഹായത്തോടെ ഗൂഗിളിലേക്ക്‌ ഊളിയിട്ടു.  പെട്ടെന്ന് കണ്ണിലുടക്കിയ വെബ്‌ സൈറ്റില്‍ എത്തിയപ്പോള്‍ മൗസ് നിശ്ചലമായി. 

നിറയെ അരയന്നങ്ങളുമായി ഒരു തടാകം.മനസ്സിനെ കോരി തരിപ്പിക്കുന്ന പ്രകൃതി മനോഹരിതയുടെ വെത്യസ്ഥമായ പുതിയ മുഖം. മരുഭൂമിയില്‍ ഒരു നീരുറവ. ഖുദ്ര ലേയ്ക്ക്.എത്ര മനോഹരം.എഴുതാനും പറയുവാനും വാക്കുകള്‍ പോര.ആ കാഴ്ചകള്‍ ഫോട്ടോകളിലൂടെ സംസാരിക്കും.

പെണ്‍കൂട്ടം അത് വരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദമുഖരിതമാക്കി. 
"ഇവിടെ തന്നെ പോകാം"
കോറസ് ആയി എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

അങ്ങിനെ ഖുദ്രയെന്ന പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസം കാണാന്‍ ഗൂഗിള്‍ മാപ്പിന്‍റെ  സഹായത്തോടെ തെക്കും വടക്കും തിരിച്ചറിയാത്ത ഞങ്ങള്‍ യാത്ര തിരിച്ചു.

നഗരം തിരക്കിന്‍റെ പിടിയിലാണ്.ഓരോ റോഡും കാറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ സ്ട്രീറ്റും കടന്ന് കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വന്നു.ഇടക്കിടക്ക് ചിന്തയിലേക്ക് സ്വയം നഷ്ട്ടപെട്ടും വീണ്ടും യഥാര്‍ത്ഥത്തിന്‍റെ നഗര വേഗത കൈ കൊണ്ടും വാഹനം ഖുദ്ര ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു.അധികം വൈകാതെ ആദ്യത്തെ പണി കിട്ടി.

GPRS സെറ്റ് ചെയ്ത് വെച്ചിരുന്ന എന്‍റെ മൊബൈല്‍ ചാര്‍ജ് കഴിഞ്ഞു.ചാര്‍ജര്‍ എടുക്കാനും വിട്ടു പോയിരുന്നു.

ഇനി വഴി കാണിച്ചു തരാന്‍ ഗൂഗിള്‍ മാപ്പ് സഹായത്തിനില്ല.
പകലത്തെ പണി ഭാരം കൊണ്ടാകാം,സൂര്യന്‍റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.സൂര്യന്‍ ഡ്യൂട്ടി കഴിഞ്ഞ് റിട്ടേണ്‍ ടിക്കറ്റ് എടുക്കാനുള്ള ക്യൂവിലാണ്.

ഏകദേശം ഒരു ഉദേശം വെച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.വഴി തെറ്റിയോന്നും സംശയമുണ്ട്‌.ആരുടേയും നമ്പര്‍ കാണാതെ അറിയാത്ത കാരണം , അടുത്ത ഒപ്ഷന്‍ ആയ "ഫോണ്‍  എ ഫ്രണ്ട് " ലൈന്‍ ഉപയോഗിച്ചു കണ്ടു പിടിക്കാമെന്ന മോഹത്തിനും സ്കോപ്പ് ഇല്ലാതായി.
ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആവാന്‍ ഞാന്‍ വല്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.ദൂരെ ബുര്‍ജ് ഖലിഫ ഒരു അവ്യക്തമായ നിഴല്‍ പോലെ കാണാം.
പണി പാളി.വഴി തെറ്റി.

വഴി തെറ്റിയതറിയാതെ ഖു ദ്രയുടെ പ്രകൃതി ഭംഗിയെ കുറിച്ച് കാറില്‍ അപ്പോളും ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 ഇനിയെന്ത് ചെയ്യും?

എന്നെ വിശ്വസിച്ച് കൂടെ കൂടിയവരെ എന്ത് പറഞ്ഞു ഞാന്‍ മനസ്സിലാക്കും?
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞാന്‍ ഡ്രൈവിംഗ് തുടര്‍ന്നു കൊണ്ടേയിരുന്നു.

അടിച്ച വഴിയെ പോയില്ലെങ്കില്‍, പോയ വഴിയെ അടിക്കുക എന്ന തിയറി ഫോളോ ചെയ്തു അവസാനം എത്തിപെട്ടത് ദുബായ് " അല്‍ ബാദി " റെസിഡന്‍സ് ഏരിയയില്‍ .

" നീ വേറെ എവിടെയോ പോകണമെന്നാണല്ലോ പറഞ്ഞത്? "
കൂടെയുള്ളവര്‍ വിടാനുള്ള മട്ടില്ല.

" അതിനെന്താ? നമ്മള്‍ സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ നമ്മള്‍ പഠിക്കണം.പ്രതിസന്ധികളെ അതി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌."

പറഞ്ഞ എനിക്ക് പോലും മനസ്സിലാവാത്ത ഒരു എക്സ്പ്ലനേഷന്‍ കൊടുത്ത്,ഇനിയെന്തെന്ന ഭാവത്തില്‍ ഞാന്‍ കൂടെയുള്ളവരെ നോക്കി.ആരും ഒന്നും മിണ്ടുന്നില്ല.ചുമ്മാ എന്നെ ഇങ്ങിനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു

അതെ.അവരും കണ്‍ഫ്യൂഷനിലാണ്. അവരാദ്യം തല്ലണോ ...ഞാന്‍ ആദ്യം അവരുടെ കാല് പിടിച്ചു മാപ്പ് പറയണോ ?

മണിക്കൂറുകള്‍ക്ക് മുന്‍പ് ഫോട്ടോ കണ്ടു മൂക്കത്ത് വിരല്‍ വെച്ചവര്‍, ആ വിരലെടുത്ത് എന്റെ കൊങ്ങക്ക്‌ വെക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.കുറ്റം പറയരുതല്ലോ,എന്‍റെ പുറം പൊളിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സഹകരിച്ചു.ഇത്ര ആത്മാര്‍ഥത അവര്‍ മറ്റൊരു ജോലിക്ക് കൊടുത്ത്തിരിക്കാന്‍ വഴിയില്ല. 

ഇരുട്ടായി..രാത്രിയായി..എല്ലായിടത്തും നക്ഷത്ര വിളക്കുകള്‍ കത്തി കൊണ്ടിരിക്കുന്നു...ഞങ്ങള്‍ക്ക് വിശപ്പുമായി.

അതോടെ ഇനിയെന്ത്? എന്ന ചോദ്യത്തിനു ഉത്തരമായി.നേരെ അടുത്തുള്ള 
KFC യിലേക്ക് യാത്രയായി.

ബിവറേജ് കോര്‍പറേഷന് മുന്നിലെ തിരക്കിനെ വെല്ലുന്ന പോലുള്ള ജനമായിരുന്നു അവിടെ.
വര്‍ണ ശബളമായ അന്തരീക്ഷം....
എങ്ങും പൊട്ടിച്ചിരികളും..വള കിലുക്കങ്ങളും...
കല പില ആരവങ്ങളും...

ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍ 
" എവിടെ തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം 
പൂത്ത മരങ്ങള്‍ മാത്രം."

"വളഞ്ഞ വഴികള്‍" പണ്ടേ ഇഷ്ട്ടമല്ലാത്തത് കൊണ്ട്  ഗേറ്റ് കടക്കാന്‍ ഒന്നും ബുദ്ധിമുട്ടാതെ ഞാന്‍ നേരെ " ബാരിയര്‍ " ചാടി കടന്നു ക്യൂവില്‍ ഇടം നേടി. ലോകത്ത് എവിടെയായാലും മലയാളികള്‍ക്ക് ജന്മനാ കിട്ടുന്ന ഒരു സ്വഭാവമാണ്, ഒരു കാര്യവുമില്ലാതെ തിക്കി തിരക്കി കളിക്കുക എന്നത്.ഞാനും ഒരു പക്കാ മലയാളിയായി മാറി. അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ അവിടെ നിന്നു എരി പൊരി കൊണ്ടു.  
  
ചെറിയ ഒരു യുദ്ധത്തിനൊടുവില്‍ കിട്ടിയ KFC ചിക്കനുമായി ഞങ്ങള്‍ അടുത്തുള്ള ആളൊഴിഞ്ഞ ടേബിളില്‍ സ്ഥാനം ഉറപ്പിച്ചു.

എനിക്കും ഭാര്യക്കും അടുത്തടുത്ത സീറ്റ് തന്നെ കിട്ടി.അതെനിക്ക് ഒരു തരത്തില്‍ പാരയാണ്.കാരണം അവള്‍ ഒരു മാതിരി പാകിസ്‌താന്‍ സ്വഭാവമാണ്.എപ്പോളാണ് എന്‍റെ പ്ലേറ്റില്‍ ഇരിക്കുന്ന "കാശ്മീരികളില്‍" അവകാശവാദം ഉന്നയിക്കുക എന്ന് പറയാന്‍ പറ്റില്ല. റിസ്ക്‌ എടുക്കണ്ട എന്ന് കരുതി ഞാന്‍ വേഗം തന്നെ സുഹൃത്തിന്‍റെ അരികിലേക്ക് മാറിയിരുന്നു.

അവിടെയിരുന്ന് എന്‍റെ ക്യാമറ കണ്ണുകളെ ക്യൂവില്‍ നില്‍കുന്ന ഒരു മലയാളി പെണ്‍കുട്ടിയെ ഫോക്കസ് ചെയ്യുമ്പോളാണ്, അനുവാദം വാങ്ങാതെ ആ രൂപം ഫ്രെയിമിലേക്ക് കയറി വന്നത്.


വെയില്‍ കൊണ്ട് പുറത്ത് കഴിയുന്നവന്‍റെ പരുക്കന്‍ പ്രകൃതം.കറുത്ത മുടി.പൂച്ച ക്കണ്ണുകള്‍ .മെലിഞ്ഞ ദേഹത്തിനു ചേരാത്ത വിധം വലിപ്പ ക്കൂടുതല്‍ ഉള്ള ജുബ്ബയാണ് വേഷം.കൂടെ ഒരു വട്ട തൊപ്പിയും.കാഴ്ചയില്‍ ഒരു അറുപതിനോടടുത്ത പ്രായം..ഇട കലര്‍ന്ന് നരച്ച കുറ്റിത്താടി.ഒരു സാത്താനെ കണ്ട പോലെ അയാള്‍ എന്നെ നോക്കുന്നു.കറ പിടിച്ച അയാളുടെ നിര തെറ്റിയ പല്ലുകളും നോട്ടവും എന്നെ എന്തോ ഭയപ്പെടുത്തി.

ഞങ്ങള്‍ ഇരുന്നതിന്റെ പിറകില്‍ സൈഡില്‍ ആയിട്ടാണ് അയാള്‍ ഇരുന്നത്.ഇടക്കെപ്പോളോ ഞാന്‍ അയാളിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.ഇയാള്‍ക്കെന്താ തലക്കു പുറകിലും കണ്ണുണ്ടോ? അതോ ഇതാണോ ടെലിപ്പതി എന്ന് പറയുന്നത്?എന്നാല്‍ അത് അറിഞ്ഞിട്ടു തന്നെ കാര്യം.കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഞാനൊന്ന് പാളി  നോക്കി. 

വിശ്വസിക്കാനായില്ല.അയാളതാ വീണ്ടും നോക്കുന്നു.

ഇയാള്‍ ആര്?എവിടെ നിന്നു വന്നു?

(തുടരും)
Thursday 17 September 2015 - 46 comments

സൗഹൃദം വഴി മാറുമ്പോൾ


ഒരു വീക്കെൻഡിലെ ആലസ്യത്തിൽ  കിടക്കയിൽ നിന്നുമെഴുന്നേൽ ക്കാതെ, ഒരു കയ്യിൽ ചായയും മറുകയ്യിൽ മൊബൈലുമായി ഇരിക്കുമ്പോളാണ് അവൾ അത് ചോദിച്ചത്

" നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? "

തികച്ചും അപ്രതീക്ഷിതമായിരുന്നു ഭാര്യയുടെ ആ ചോദ്യം.അവളുടെ ചോദ്യത്തിന് പെട്ടെന്ന് " ങേ.."എന്ന ഞെട്ടലോടെയാണ് ഞാൻ പ്രതികരിച്ചത്. 

" ആരാ ഈ ആതിര? "

രൗദ്ര ഭീമനെ പോലെ വന്ന അവളെ കണ്ടു ഞാൻ ഒന്നു പകച്ചു.കുടിച്ച ചായയുടെ പകുതി അറിയാതെ തുപ്പിയ ഞാൻ ടിഷ്യൂ കൊണ്ട് ഷർട്ട്‌ തുടച്ച്, കുറച്ച് നേരമായി അണ്ണാക്കിലോട്ടു ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത് ഞാൻ ചോദിച്ചു. 
"എന്താ ഇപ്പൊ ഇങ്ങിനെയൊരു ചോദ്യം? "

കണ്മുന്നിൽ വന്നിട്ടും...
നിന്നരികിൽ നിന്നിട്ടും...
നീയെന്നെ കാണാതെ പോയതെന്തേ..?
ഒരിക്കലെൻ സൂര്യനും ചന്ദ്രനും..
നിഴലും നിലാവും നീയായിരുന്നു.
അന്നെന്നക്ഷരങ്ങൾ നിനക്കായ് 
നിനക്കായ് മാത്രം ജനിച്ചിരുന്നു.
അന്ന് മൗനമായ് പാറി പറന്നു പോയ്‌ നീ..
ഇന്ന് ഈ കൂട്ടിൽ ഞാൻ തനിച്ചായിപ്പോയി.
നീ തിരിച്ചറിയാതെ പോയ എന്റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്റെ ഏറ്റവും വലിയ വികാരം.ഒരുപാട് സ്നേഹത്തോടെ...ആതിര.

അലമാരയിൽ നിന്നും സാധനങ്ങളും പുസ്തകങ്ങളും മാറ്റുന്നതിനിടയിൽ കിട്ടിയ ഡയറിയും കയ്യിൽ പിടിച്ച് ഒരു കുറ്റാന്വേഷകയെ പോലെ അവൾ അത് വായിക്കുകയായിരുന്നു. 

ആരാണീ ആതിര? എനിക്കിപ്പോ അറിയണം.കോഴിക്കുഞ്ഞിനെ കണ്ട പരുന്തിനെ പ്പോലെ ചോദ്യങ്ങളുമായി എനിക്ക് ചുറ്റുമവൾ വട്ടം കറങ്ങി.  

ഒരു നിമിഷം..എന്റെ കണ്ണുകൾ പിടച്ചു.ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന് പോയ്‌ ഞാൻ.

ഞാൻ മറവിയുടെ പുസ്തക താളുകൾ പതുക്കെ മറിച്ചു.അതാ ആ താളുകൾക്കിടയിൽ പഴയൊരു മൌനാനുരാഗത്തിന്ടെ നിറം മങ്ങിയ മയിൽ പീലി.എന്റെ മനസ്സ് പിറകോട്ട് പാഞ്ഞു.

പതിനഞ്ച് വർഷം പിറകിലേക്ക്...

അന്നെനിക്ക് മധുരപ്പതിനെഴ്.പത്താം ക്ലാസ് കഴിഞ്ഞ് ചെറിയൊരു പൊടി മീശയും..അനുസരണയില്ലാതെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയും..കൂണിടി വെട്ടി മുളച്ച കൂണ്‍ പോലെ,അവിടവിടെയായി മുളച്ചു നിൽക്കുന്ന താടി രോമങ്ങളും  എന്തിനാടാ മോനേ നിനക്ക് x -ray എന്ന് ഡോക്റ്ററെ കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലൻ ബോഡിയുമായി  കൗമാരം വിട്ട് യുവത്വത്തിൻറെ പുരയിലേക്ക്‌ കടക്കാൻ തുടങ്ങുന്ന കാലം.

ഇന്നത്തെ പോലെ തന്നെയായിരുന്നു ഞാൻ അന്നും.എക്സ്ട്രാ ഡീസന്റ്. ....മിതഭാഷി...ആരോടും അതിര് വിട്ട അടുപ്പവും ഇല്ല .വിദ്വേഷവും ഇല്ല.ഇടക്കൊക്കെ ചില്ലറ ഊടായ്പ്പുകൾ കാണിക്കുമെന്നു മാത്രം.

അത് പക്ഷെ ഉണർന്നിരിക്കുമ്പോൾ മാത്രം.

അന്നൊരു തിങ്കളാഴ്ച ദിവസം...
ചാറ്റൽ മഴ നിന്നെ പനി പിടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പെയ്തു കൊണ്ടിരുന്ന ഒരു തണുത്ത ജൂണ്‍ മാസ പുലരി. 

"എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ "എന്നും പാടി ബസിറങ്ങി കോളെജിലേക്ക് നടക്കുകയായിരുന്നു.പാട്ട് കേട്ട് അത് പ്രാർത്ഥനയായി ദൈവം തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നതറിയില്ല ,മഴയിൽ നിന്നും രക്ഷപ്പെടാനായി ഒരു പെണ്‍കുട്ടി എന്റെ കുടയിലേക്ക് ഓടിക്കയറി. വെളുത്തു മെലിഞ്ഞു.... മാന്മിഴികളുള്ള    പൊക്കം കുറഞ്ഞ ഒരു സുന്ദരി.
മഴ അനുഗ്രഹമാകുന്ന നിമിഷങ്ങളിൽ ഒന്ന്...
എന്റെ കണ്ണുകൾ ഞാനറിയാതെ വീണ്ടും അവളിലേക്ക്.
അവളൽപ്പം നനഞ്ഞിരുന്നു.മുഖത്ത് വീണ് കിടന്ന മുടി അവൾ ഭംഗിയായി ഒതുക്കി വെച്ചു.കണ്‍പീലികളിൽ തങ്ങി നിന്ന മഴത്തുള്ളികൾ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു 

സിനിമയിലായിരുന്നെങ്കിൽ നായകനും നായികയും അമേരിക്കയിൽ പോയി ഡാൻസും കളിച്ചു നാട്ടിൽ തിരിച്ചു വന്ന് കല്യാണം കഴിക്കുന്ന BGM തുടങ്ങേണ്ട നിമിഷം.

എളിമ..വിനയം..ഭവ്യം ..മുതലായ അദൃശ്യഭാവങ്ങളെ ആവാഹിച്ച്  സ്വന്തം പൂമുഖത്ത്  കുടിയിരുത്തി..വിനയ കുനയനായി ഞാൻ ചോദിച്ചു.
" എന്താ പേര്? "
ആതിര. 
ജൂനിയർ ബാച്ചിലെ പെണ്‍കുട്ടിയാണ് ആതിര.അതികം ആരോടും സംസാരിക്കാത്ത പ്രകൃത മായിരുന്നു അവളുടേത്‌.അനിയത്തി പ്രാവ് കണ്ട നാൾ മുതൽ ഞാൻ മനസ്സില് ആലോചിച്ചതാണ് മിനിയെ പോലെ എനിക്കും ഒരു പെണ്ണ്.അത് എന്ത് കൊണ്ട് ഇവൾ ആയിക്കൂടാ?
പ്രതീക്ഷ എന്റെ മുഖത്തേക്ക് ടോർച്ച ടിച്ചു.

കണ്ട ഉടനെ പോയി  "I FALLEN IN LOVE WITH YOU " എന്ന് പറയാൻ ഞാൻ ഗൗതം മേനോന്റെ പടത്തിലെ നായകനോന്നും അല്ലാലോ.അത് കൊണ്ട് തന്ത്രപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. 

അവളുടെ ഇഷ്ട്ടങ്ങൾ അവളറിയാതെ ഞാൻ മനസ്സിലാക്കി.കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന അവൾ നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു.

അന്നുമുതൽ ചുറ്റുപാടിൽ കാണുന്ന ഓരോന്നിനും ഞങ്ങൾ ഓരോ കഥകൾ ചമച്ചു കൊണ്ടിരുന്നു.അതിൽ ചിരിയും കരച്ചിലും..നിരാശയും..പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു.പ്രാക്ടിക്കൽ ക്ലാസ്സിലെ സ്റ്റോപ്പ്‌വാച്ചും...ക്യാമ്പസിലെ ഏകാകിയായ കിണറും...ജാടക്കാരൻ മാഷും..ബസിലെ യാത്രയും...എല്ലാം ഞങ്ങളുടെ കഥയിലെ നായികാ നായകന്മാരായി.പക്ഷെ ഞാൻ ഒരിക്കലും എന്റെ കഥയും..അവൾ അവളുടെ കഥയും പറഞ്ഞിരുന്നില്ല. .

മൂന്നു മാസം കൊണ്ട് അവളുമായി നല്ലൊരു സൗഹൃദം സ്ഥാപിചെടുക്കുവാൻ കഴിഞ്ഞു.മറ്റാരെക്കാൾ കൂടുതൽ സമയം അവൾ എന്നോടൊപ്പം ചിലവഴിക്കാൻ തുടങ്ങി.

അതോട് കൂടി എനിക്കൊരു കാര്യം മനസ്സിലായി.എനിക്കെന്തോ കുഴപ്പമുണ്ട്.ഇപ്പോൾ കണ്ണടച്ചാൽ അവൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പാടാൻ തുടങ്ങി.ഞാനത് ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.

ഒരിക്കലെങ്കിലും മനസ്സ് തുറക്കണമെന്നുണ്ട് .പക്ഷെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും ഇഷ്ട്ടം തുറന്നു പറയാനുള്ള ഭയം വർദ്ധിച്ചു കൊണ്ടിരുന്നു.സൗഹൃദം എന്ന ശക്തമായ ബന്ധത്തെ "I LOVE YOU " എന്ന മൂന്നു അക്ഷരം കൊണ്ട് തകര്‍ക്കുവാന്‍ ഞാന്‍ ഭയന്നു.ഇങ്ങിനെയൊരു സ്നേഹവും കരുതിയാണോ നീ സൗഹൃതത്തിനു വന്നതെന്നൊരു ചോദ്യം അവള്‍ ചോദിച്ചാല്‍ എനിക്കൊരുത്തരം നല്‍കുവാന്‍ കഴിയുമായിരുന്നില്ല.

സുദീര്‍ഗമായ സൗഹൃതത്തിനു ശേഷം ഞാന്‍ അവളെ എന്‍റെ ഇഷ്ട്ടം കഥയിലൂടെ അറിയിക്കുവാന്‍ തീരുമാനിച്ചു.അങ്ങിനെ ഞാന്‍ ആദ്യമായി എന്‍റെ മനസ്സ് കഥയാക്കി എഴുതാന്‍ തുടങ്ങി.ചിന്തകള്‍ പേനതുമ്പിലൂടെ പെയ്തൊഴിഞ്ഞപ്പോള്‍ അതിനൊരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ആതിരാ..നിന്നെ ഞാന്‍ അറിയാതെ ഒരുപാട് ഇഷ്ട്ടപെട്ടു പോയിരുന്നു."   

ഞാന്‍ എഴുതിയ വരികളിലൂടെ അവളെന്നെ നാളെ തിരിച്ചറിയും.ഇത്തിരി പേടിയുണ്ടെങ്കിലും ഒത്തിരി അവളെ ഇഷ്ട്ടമായത് കൊണ്ട് എവിടെന്നോ കിട്ടിയ ദൈര്യവുമായി ഞാന്‍  കഥയുമായി അവളുടെ അടുത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.

ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ് പിറ്റേ ദിവസം പുലർന്നത് .ആതിരയും ജിതേഷും  പ്രണയത്തിലാണ്.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.അടുത്ത് നിന്ന സജീവനെ ഞാൻ ഒരു കാര്യവുമില്ലാതെ നുള്ളി നോക്കി.മധുരൊദാത്തമായ വാക്കുകൾ അവന്റെ വായിൽ നിന്നും അനർഗള നിർഗളം പ്രവഹിക്കുകയാണ്.സെൻസർ ചെയ്യാത്ത നല്ല പച്ചതെന്നിന്ത്യൻ തെറികൾ.കിട്ടേണ്ടത് കിട്ടിയപ്പോൾ ഉറപ്പായി ഞാൻ കാണുന്നത് സ്വപ്നമല്ല.

ആളൊഴിഞ്ഞൊരു ബെഞ്ചിലിരുന്നു മൻമോഹൻ സിങ്ങിൻറെ ചെവിയിൽ സോണിയ ഗാന്ധി രഹസ്യം പറയുന്ന പോലെ എന്നെ നോക്കി എന്തൊക്കെയോ പറയുന്ന ജിതേഷും  ആതിരയും.അപ്പോൾ ആയിരം കഷണമായി പൊട്ടിയത് ലഡ്ഡുവായിരുന്നില്ല എന്റെ ഹൃദയമായിരുന്നു.
പണ്ട് ചെമ്മീൻ സിനിമയിൽ കറുത്തമ്മയെ നോക്കി നിന്ന പരീക്കുട്ടിയെ പോലെ ഞാൻ " PAUSE "അടിച്ചു നിന്നു .
എനിക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.
അവനിട്ടൊന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും എന്റെ കായികബലം ശെരിക്കും അറിയാവുന്ന കാരണം ഞാൻ അടങ്ങി.

പിന്നീടുള്ള ദിവസങ്ങള് ലൈഫ് ബോയ്‌ സോപ്പിന്റെ പരസ്യം പോലെയായി.അവൾ എവിടെയുണ്ടോ, അവിടെ അവനും എന്ന അവസ്ഥ.എന്റെ പ്രണയത്തെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.ആരോരുമറിയാതെ ഞാനാ പ്രണയം എന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി.
ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്ന പോലെ ഒരിളം കാറ്റിൻറെ അകമ്പടിയോടെ എല്ലാത്തിനും സാക്ഷിയായി ചാറ്റൽ മഴ അപ്പോളും പെയ്തു കൊണ്ടേയിരുന്നു.

അവസാന ക്ലാസ്സിൽ ഞങ്ങൾ ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു.അന്ന് പക്ഷെ ഞങ്ങൾ കഥ പറഞ്ഞിരുന്നില്ല.എന്റെ കയ്യിലെ ഡയറി വാങ്ങിയവൾ പറഞ്ഞു
 "ഞാനൊരു കഥ പറയാം.നിനക്കായ് എഴുതാൻ പോകുന്ന അവസാന കഥ.എന്റെ കഥ....എന്റെ മനസ്സ്..അത് ഞാൻ ഈ ഡയറിയിൽ എഴുതാം.അത് പക്ഷെ നീ ഇന്ന് വായിക്കില്ലെന്നു പ്രോമിസ് ചെയ്യണം"
*********

ഞാൻ പറയാൻ മടിച്ചതും അവൾ കേൾക്കാൻ കൊതിച്ചതും ഒന്നായിരുന്നുവോ? അവൾ ഇപ്പോൾ എവിടെയായിരിക്കും?  
എനിക്കറിയാം ഇനിയൊരിക്കലുമാ മുഖം എനിക്ക് കാണാൻ കഴിയില്ലെന്ന്.എങ്കിലും ഞാൻ ആശിച്ചു പോവുകയാണ് ഒന്ന് കണ്ടിരുന്നെങ്കിൽ. അത് പക്ഷെ പറയാതെ പോയ പ്രണയം അവളെ അറിയിക്കാനല്ല.ഒരു പുഞ്ചിരി കൈ മാറാൻ വേണ്ടി മാത്രം.

ഭൂമി ഉരുണ്ടതാണെന്ന് ഞാൻ വായിച്ചു പഠിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഒരിക്കൽ കൂടി തമ്മിൽ കാണുമെന്ന് തോനുന്നു.

"അന്ന് തോന്നിയിരുന്ന പ്രണയം എന്നോട് തോന്നിയിട്ടുണ്ടോ? "
പ്രിയതമയുടെ ആ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നും ഉണര്ത്തിയത്.
" അതുക്കും മേലെ.."
ശെരിക്കും? 
അല്ലാതെ പിന്നെ? നമ്മൾ MADE FOR EACH OTHER അല്ലെ?
ആണോ?

അതെ..കാന്തവും ഇരുമ്പും പോലെ...
ടൈം ബോംബും ക്ലോക്കും പോലെ...
അമിട്ടും തീപെട്ടിയും പോലെ..
വെടിമരുന്നും തീയും പോലെ..നല്ല കോമ്പിനേഷൻ.
പ്രഭാപൂരിതമായ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി പതുക്കെയൊരു പൊട്ടിച്ചിരിയായി മാറി. 

Tuesday 25 August 2015 - 32 comments

ആമാശയത്തിന്ടെ ആശ.



വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് മടിയില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ കമ്പ്യൂട്ടറുകളും..കയ്യില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ മൊബൈലുകളും ജനപ്രിയമാകുന്നതിന് മുന്‍പുള്ള പണ്ട്..

കൃത്യമായി പറഞ്ഞാല്‍ ഉന്നീസ് സൌ...അല്ലെങ്കില്‍ വേണ്ട  തല്‍ക്കാലം നമുക്ക് 2002 എന്ന് പറയാം.

അംബാനിയെ പോലെയാവുക എന്നാ ചെറിയ മോഹമോടെ, പണി കിട്ടുമോ എന്ന് അന്വേഷിച്ചു ബോംബയില്‍ അലഞ്ഞു നടക്കുന്ന സമയം. I Mean ജോലി.

ചൂട് അതിന്റെ മൂര്‍ധന്യ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.വെള്ളപ്പൊക്ക ബാധിതര്‍ കൊണ്ട് വരുന്ന പോലെ തന്ടെ റെസ്യൂം കൊണ്ട് എല്ലാ കമ്പനികളിലും കയറി ഇറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല.

എല്ലാവര്ക്കും വേണ്ടതും എനിക്ക് ഇല്ലാത്തതും അതൊന്നു മാത്രമായിരുന്നു.

" എക്സ്പീരിയന്‍സ് "

അംബാനിയുടെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കൂടി കൊണ്ട് വരികയും എന്റെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കുറഞ്ഞു അകൌണ്ട് കട്ട് ആവുമെന്ന അവസ്ഥയിലും ആയിരിക്കുന്നു.

താമസവും ജോലി തെണ്ടലും ചാമക്കാല വിനീതിന്ടെ കൂടെയായിരുന്നു.അവനെ കുറിച്ചു നിങ്ങളോട് എപ്പോളെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് വലിയൊരു അപരാധം ആകും.

എന്റെ ഏറ്റവും അടുത്ത വളരെ ചുരുക്കം കൂട്ടുകാരില്‍ ഒരാളാണ് വിനീത്.അവനും എനിക്കും ഒരേ പ്രായം.ഒരുമിച്ചു ജനിച്ചു..ഒരുമിച്ച് വളര്‍ന്നു..ഒരുമിച്ച് സ്കൂളില്‍ ചേര്‍ന്നു.

അവന്‍ ചമാക്കാലയിലും..ഞാന്‍ പെരിഞ്ഞനത്തും..

സ്വതവേ ശാന്ത ശീലനും..കഠിന അദ്ധ്വാനിയും ...മിത ഭാഷിയും ആയിരുന്നു വിനീത്. ആദ്യത്തേത് ഉറങ്ങുമ്പോളും ...രണ്ടാമത്തേത് ഭക്ഷണം കഴിക്കുമ്പോളും ...പിന്നത്തേത് ഒറ്റക്കിരിക്കുമ്പോളും ആണെന്ന് മാത്രം. ചുരുക്കത്തില്‍ ഇത്തിരി സ്ലോ..നിര്‍ദോഷി ..അന്നൊന്നും സിക്സ് പാക്കും 8 പാക്കും ഇല്ലാത്തത് കൊണ്ട് ആകെയുള്ള ഒരു പാക്‌ വയറെ അവനും ഉണ്ടായിരുന്നുള്ളൂ..

അന്ന് പൊതുവേ ചൂട് കൂടിയ ഒരു ദിവസമായിരുന്നു.പണി അന്വേഷിച്ചു നടന്നു തളര്‍ന്നു തിരികെ എത്തിയപ്പോളാണ് ഭോജിക്കാന്‍ ഒന്നുമില്ല എന്ന സത്യം ഓര്‍മ വന്നത്.സ്ഥിരമായി കഴിക്കാറുള്ള മലയാളി ചേട്ടന്ടെ കടയിലേക്ക് ചെന്നപ്പോള്‍,അവാര്‍ഡ് പടത്തിന്ടെ സെക്കന്റ്‌ ഷോ കാണാന്‍ കയറിയവരെ പോലെ ഒറ്റക്കും തെറ്റക്കും അങ്ങിങ്ങായി രണ്ടു മൂന്നു പഴം പൊരി മാത്രം.

അങ്ങിനെ വിശന്നു വിഷണ്ണനായി ഇരികുമ്പോളാണ് വായ്‌ നിറയെ ചിരിയുമായി മഞ്ഞ ഷര്‍ട്ട്‌ ഇട്ട വിനീത് പ്രത്യക്ഷപെട്ടത്.

ചിക്കന്‍ ബിരിയാണി...ഷാഹി പനീര്‍...ദാല്‍ മക്കനി...ആലു കുല്‍ച്ച

" ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് തോനുന്നു? "

പതിവില്ലാതെ രാവിലെ തേച്ച പല്ലിന്ടെ  വെണ്മ കാട്ടി നല്ല ഗംഭീര ശബ്ദത്തില്‍ ചോദിച്ചു.

" നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോനുന്നു.വിശപ്പാണെങ്കില്‍ മെഡുല ഒബ്ലാംഗേറ്റ വരെ എത്തിയിരിക്കുന്നു.അപ്പോളാ അവന്ടെ ഒരു ഭക്ഷണ വിവരണം"

അളിയാ... ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല.ഇതെല്ലം കഴിക്കാനുള്ള വകുപ്പുണ്ട്.അടുത്തൊരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണം നടക്കുന്നുണ്ട്.ബോംബയിലെ രാജാക്കന്മാര്‍ ആണെന്ന് തോനുന്നു.കുതിരയോക്കെയുണ്ട്.ഇന്നത്തെ ഫുഡ്‌ അവിടെ നിന്നാക്കിയാലോ?

ചോദ്യം കേട്ടതും കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം പല തവണ മനസ്സില്‍ കണ്ടു കഴിഞ്ഞിരുന്നു.

കാര്യം വിശപ്പ്‌ ഉണ്ടെങ്കിലും, ഒരിക്കല്‍ കൂടി ചോദിച്ചാല്‍ "YES" പറയാം എന്ന് കരുതി ഞാന്‍ പറഞ്ഞു

" ഓ...വേണ്ടളിയാ..."

എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് അവന്‍ ചോദ്യം നിര്‍ത്തി പോവാന്‍ റെഡി ആയി.സദ്യയുടെ കാര്യത്തില്‍ വിനീത് ഒരു സോഷ്യലിസ്റ്റ്‌ ആണ്.പാവപ്പെട്ടവന്‍....പണക്കാരന്‍..എന്ന വേര്‍തിരിവോന്നും ഇല്ല. വീട്ടില്‍ ക്ഷണിച്ചോ..ഇല്ലയോ എന്ന് പോലും നോക്കാതെ എല്ലാ കല്യാണത്തിനും പോകും.

തിങ്കി കൊണ്ടിരുന്നാല്‍ അകത്തേക് ഒന്നും പോകില്ലെന്നറിഞ്ഞതും, തല്‍ക്കാലം അഭിമാന്‍ പണയം വെക്കാന്‍ തീരുമാനിച്ചു.

" നോര്‍ത്ത് ഇന്ത്യന്‍ കല്യാണം എന്തായാലും ഒന്ന് കണ്ടിട്ട് വരാം.ഞാനും വരുന്നു "

" ആവശ്യം സൃഷ്ട്ടിയുടെ മാതാവാണ്  "
അനിഷേധ്യമായ വലിയൊരു സത്യമാണെന്ന് മനസ്സിലാക്കി, അന്നം തന്നെ ഉന്നം എന്ന ഒറ്റ ലക്‌ഷ്യം വെച്ച് ഞാനും അവന്റെ കൂടെ നടന്നു.

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍....

അവിടെയെത്തിയതും,ഞാന്‍ എന്റെ സ്ഥിരം സ്വഭാവമായ ചുറ്റുവട്ട നിരീക്ഷണം തുടങ്ങി. കാണുന്നവര്‍ക്ക് വായ്നോട്ടം പോലെ തോന്നുമെങ്കിലും സത്യത്തില്‍ അതല്ല എന്ന് എനിക്ക് മാത്രേ അറിയൂ    
  ( സത്യായിട്ടും )

കൊട്ടാരം പോലെ അലങ്കരിച്ച പന്തല്‍...
വരന്‍ കുതിരപ്പുറത്ത് വന്നിറങ്ങുന്നു.
ദര്‍ബാര്‍ ഹാള്‍ പോലെ അലങ്കരിച്ച രാജകീയ സിംഹാസനത്തില്‍ ,സാരി തലപ്പാല്‍ മുഖം മറച്ചു ...മൈലാഞ്ചിയിട്ട്...അല്‍പ്പം നാണത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്ന വധു.
കാതടിപ്പിക്കുന്ന DJ മ്യൂസിക്‌..
എണ്ണിയാല്‍ തീരാത്ത നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികള്‍ പാട്ടിനനുസരിച്ച് നൃത്തം വെക്കുന്നു, വിശപ്പിനിടയിലും വെത്യസ്തമായാവ ഞാന്‍ കണ്ണ് കൊണ്ട് ബുക്ക്‌ ചെയ്തു.
അവര്‍ക്ക് കമ്പനി കൊടുത്ത് കൊണ്ട് ,എടുത്താല്‍ പൊന്താത്ത വയറിനു മുകളില്‍ കോട്ടിട്ടോരാള്‍ ..തേങ്ങ പിരിക്കുന്ന പോലെ രണ്ടു കൈപത്തിയും ആകാശത്തേക് കറക്കി ബല്ലേ..ബല്ലേ..കളിക്കുന്നു

വിഷുവിനു കത്തിച്ചിട്ട തലച്ചക്രം പോലെ ഓടി നടക്കുന്ന കുട്ടികള്‍.
അവര്‍ക്കിടയില്‍ പടവലങ്ങക്ക് ഗ്രഹണി പിടിച്ച പോലെയുള്ള വിനീതും, സൊമാലിയയുടെ ഫോട്ടോ കോപ്പി പോലെ ഞാനും...

പ്രശ്നമാകുമോ? ഇറങ്ങി ഓടിയാലോ? മനസ്സ് ഒരു സജ്ജഷന്‍ വെച്ചു. പക്ഷെ ആമാശയം സമ്മതിക്കുന്നില്ല.ആലു ഫ്രൈ...ഗോല്‍ഗപ്പാ.. പാവ് ബജി...എണ്ണിയാല്‍ തീരാത്ത ലഘു വിഭവങ്ങള്‍ മാടി മാടി വിളിക്കുന്നു.

വിശാലമായ ഹാളില്‍ ടാബിളിനു മുന്നില്‍ കണ്ണും തള്ളിയുള്ള ഇരിപ്പ് തുടര്‍ന്നു.ടാബില്‍ നിറയുന്നു.എന്ത് വേണം?...ഏതു വേണം?....എവിടുന്നു തുടങ്ങണം?....ആകെ കണ്ഫ്യൂഷന്‍.

സൂപ്പിലും ജ്യൂസിലും തുടക്കം.പിന്നെ പിന്നെ ഒരു അങ്കം വെട്ടായിരുന്നു.സുനാമി ക്യാമ്പിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ ഇതിലും നല്ല ടേബിള്‍ മേനേഴ്സ്  കാണിക്കുമായിരുന്നു.എന്നിട്ടും അവസാനം എനിക്ക് മിച്ചം വെക്കേണ്ടി വന്നു.പിന്നെ ഐസ് ക്രീമോടെ കലാശകൊട്ട്.

അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം...
എന്തൊക്കെയോ അടിമറിയുന്നുണ്ടോ?
എന്തോ തിളച്ച് മറിയുന്നത് പോലെ..അസ്വസ്ഥതകള്‍....
സര്‍വാംഗം തളരുന്നു..

കോഴിയും ആലുവും വയറ്റില്‍ കിടന്നു ഗുസ്തി കൂടുകയാണ്..
മെസ്സിലെ " ഭക്ഷണം" എന്ന പേരില്‍ കഴിക്കുന്ന പാഷാണം കഴിച്ചു ശീലിച്ച ഞങ്ങളുടെ വയര്‍ പുതിയ ഭക്ഷണം കണ്ടു അന്തം വിട്ടു പോയതിന്റെ പരിണിത ഫലം ആയിരിക്കുമോ?

ഞാന്‍ മുന്നോട്ടുള്ള ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് റിവേര്‍സ് ഗിയറില്‍ ആലോചിക്കാന്‍ തുടങ്ങി.

വാട്ട്‌ എവര്‍ ദി റീസണ്‍ വാസ് ഏന്‍ഡ് റിസള്‍ട്ട് എന്നത് ബോംബയിലെ രാജാവിന് വിനീതിന്റെ വക "വാള്‍" സമര്‍പ്പണം ആയിരുന്നു.

ആകെയൊരു നിശ്ചലാവസ്ഥ..എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങളിലേക്ക് സൂം ചെയ്തു.സിറ്റുവേഷന്‍ വളരെ ക്രിറ്റിക്കല്‍ ആണ്.സോ...നത്തിംഗ് ടു തിങ്ക്‌...
എസ്കേപ്......

"എന്ത് പറ്റി അളിയാ..?"
"ബീപ്"  ( സിനിമയില്‍ ഓക്കേ സെന്‍സര്‍ ചെയ്യില്ലേ? അത് തന്നെ )

ശര്‍ദ്ധിച്ചു ...ശര്‍ദ്ധിച്ചു ...ഊപ്പാട് ഇളകിയപ്പോള്‍ വിനീത് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. " ദൈവമേ...ഇവിടന്നു ഫുഡ്‌ അടിച്ച എല്ലാവര്ക്കും ഈ ഗതി വരുത്തനമേ...അറ്റ്‌ ലീസ്റ്റ് എന്റെ കൂടെ വന്നവനെങ്കിലും..."

ഓട്ടോമാറ്റിക്  ആയി തുറന്നു പോയ വായ അടക്കാന്‍ പോലും മറന്നു ഞാന്‍ അല്‍പ്പ നേരം അങ്ങിനെ തന്നെയിരുന്നുപോയി..
********************

സംഭവം നടന്നിട്ട് വര്ഷം പതിനാലു കഴിഞ്ഞു.രണ്ടു പേര്‍ക്കും ദുഫായില്‍ ജോലി ശെരിയായി .ഇപ്പോ ഭയങ്കര പുരോഗതിയാണ്.വച്ചടി വച്ചടി കയറ്റം.
പക്ഷെ അത് കടം വാങ്ങുന്നതിലും...ലോണ്‍ എടുക്കുന്നതിലും ആണെന്ന് മാത്രം.

ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍....
എത്രയെത്ര കല്യാണങ്ങള്‍...
എന്റെ കല്യാണം കഴിഞ്ഞു...
അവന്റെയും...
പക്ഷെ ഇന്ന് വരെ ങേ..ഹേ...ഒരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണത്തിനും ഞങ്ങള്‍ പോയിട്ടില്ല.

നാളെ ഞങ്ങളുടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തിനെ ബാച്ചിലര്‍ പാര്‍ട്ടിയാണ്.വിനീതും വരുന്നുണ്ട്..എന്താവുമോ ആവോ....


Thursday 16 July 2015 - 55 comments

വണ്‍സ് അപ്പോണ്‍ എ ടൈം എന്‍ എഴുത്തുകാരന്‍



ഉറക്കം എന്നും എന്റെ ഇഷ്ട്ട വിനോദമായിരുന്നു.എല്ലാം മറന്ന് പുതച്ചു മൂടിയുള്ള ഉറക്കം.പ്രത്യേകിച്ചു രാവിലകളിലെ ഉറക്കം.അവധി ദിവസങ്ങളിൽ ഇത് ഉച്ച വരെ നീളും.ലഞ്ചും ബ്രേക്ക്‌ ഫാസ്റ്റും ഒരുമിച്ച്.


അങ്ങിനെയൊരു വെള്ളിയാഴ്ച....
ഷാർജയിലെ ഒരു പ്രഭാതം...
കാത്തിരുന്നു..കാത്തിരുന്ന്..കിട്ടിയ ഒരു അവധി ദിവസം.
ഞങ്ങൾ ഗൾഫുകാർക്കൊക്കെ വെള്ളിയാഴ്ച്ചയാണല്ലോ ഞായറാഴ്ച..
അന്നും പതിവ് പോലെ ഞാൻ ഇഷ്ട്ട വിനോദത്തിൽ എർപ്പെട്ട് കൊണ്ടിരിക്കുന്ന സമയം.. 


തുറന്നിട്ട ജനലിലൂടെ ഇളം വെയിൽ മുറിയിൽ വന്നു നിറഞ്ഞു.
പതിയെ എഴുന്നേറ്റാൽ മതിയല്ലോ എന്നാലോചിച്ചു പുതപ്പെടുത്തു തല വഴി മൂടി ഒന്ന് കൂടെ ഉറങ്ങാനുള്ള ഒരു ശ്രമം നടത്തുമ്പോളാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.

 ((((((ടക്....ടക്...ടാക്..)))))))
ആരാണാവോ ഈ നേരത്ത്??
ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ ഞാൻ വാതിൽ തുറന്നു.

തെലുങ്ക്‌ നടൻ ചക്രവർത്തിയുടെ ഏകദേശ രൂപം...
കുറച്ചു കൂടി തടിച്ച പുരികം...
ആറടിയിലേറെ ഉയരം..
തടി അല്പ്പം കുറവാണെന്നതൊഴിച്ചാൽ നടൻ ചക്രവര്ത്തി തന്നെ.
ആകെ കൂടി ഒരു കിടിലൻ ലുക്ക്‌.

"ഞാൻ സമർ...അടുത്ത ഫ്ലാറ്റിലെ പുതിയ താമസക്കാരനാണ്."
പതിഞ്ഞ ശബ്ദത്തിൽ ആഗതൻ പരിചയപ്പെടുത്തി.

പുതിയ അയൽവാസി ഒരു കലാകാരൻ ആണെന്ന് അറിയാമായിരുന്നുവെങ്കിലും ഇന്നാണ് ആളെ കാണുന്നതും പരിചയപ്പെടുന്നതും.

സമർ ഒരു ന്യൂ ജനറേഷൻ സംവിധായകനായിരുന്നു.കൂടുതൽ ചെയ്തിട്ടുള്ളത് ഷോർട്ട് ഫിലിംസും ആൽബവുമാണ്.അൽപ്പ സൊൽപ്പം മലയാള സിനിമയിലും കൈ വെച്ചിട്ടുണ്ട്.

കുറച്ച് ദിവസത്തേക് വൈ-ഫൈ കണക്ഷൻ ഷെയർ ചെയ്യാൻ അനുവദിക്കാമോ എന്നറിയാനാണ്‌ വന്നിരിക്കുന്നത്.

സംസാരം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോളാണ് എന്റെ തലയിൽ ഒരു ബൾബ് മിന്നിയത്.

ജോസ് പ്രകാശ് സിനിമയിൽ പറഞ്ഞത് പോലെ ഞാൻ ഒരു 'NO' പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല  ഇന്നും ഒരു സാധാരണ ദിവസം പോലെ കടന്നു പോകും.പക്ഷെ എന്റെ ഒരു 'YES' ഒരു പക്ഷെ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.ഒരു പുതിയ വഴിത്തിരിവ് എന്നും ജീവിതത്തിലെ പുതിയ അദ്ധ്യായം എന്നൊക്കെ വലിയ വലിയ ആളുകൾ വെച്ചു കാച്ചുന്ന ഒരു സംഭവം ആയി മാറി കൂടായ്കയില്ല ഈ സംഭവം.

എന്നിലെ പരോപകാരി(?) സടകുടഞ്ഞെഴുന്നേറ്റു 'YES'പറഞ്ഞു.

പതിയെ പതിയെ എന്റെ മനസ്സിലും സിനിമാ മോഹം മുളച്ചു തുടങ്ങി.
സ്കൂളിൽ പണ്ടൊരു നാടകത്തിൽ ഭടനായി അഭിനയിച്ചത് ഞാൻ ഓർത്തു പോയി.സംഭാഷണം കുറവാണ്.ഭാവാഭിനയം മാത്രം.സഹായത്തിനായി ഒരു കുന്തം മാത്രം.വെറുമൊരു കുന്തം കൊണ്ട് സദസ്സ് കീഴടക്കിയതോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നി.  

അങ്ങിനെ നവരസങ്ങൾ മുഖത്ത് വിരിയുന്ന നടനായി മാറുവാൻ ഞാൻ ആഗ്രഹിച്ചു പോയി.
അഭ്രപാളികളിൽ മിന്നി മറയുന്ന എന്റെ മുഖം ഞാൻ മനസ്സിനകത്തെ വലിയ സ്ക്രീനിൽ കണ്ടു സന്തോഷിച്ചു.പ്രേമത്തിലെ ജോർജായും.....ഉസ്താത് ഹോട്ടലിലെ ഫൈസിയായും ഞാൻ എന്റെ മുഖം മനസ്സില് കണ്ടു. 

ജഗതി ശ്രീകുമാർ ചെയ്തത് പോലെ നവരസങ്ങൾ മുഖത്ത് വിരിയിക്കാൻ ഞാൻ ഒരു ശ്രമം നടത്തി നോക്കി.
മുഖത്ത് എന്തോ ഭാവമാറ്റമുണ്ട്.അത് പക്ഷെ എന്ത് ഭാവമാണെന്നു മനസ്സിലാകുന്നില്ല.അഹംഭാവമാണോ?.. വിഷാദമാണോ?..അതോ വേറെ എന്തെങ്കിലും ഭാവമാണാവോ ?? അഭിനയം അത്രക് നന്നാവില്ലെന്നു തോനുന്നു. 

കുട്ടിക്കാലം മുതലേ മനസ്സിൽ ഉള്ളൊരു ആഗ്രഹമാണ് "എങ്ങിനെയെങ്കിലും പ്രശസ്തനാവണമെന്നത്.നമ്മുടെ പേര് കേട്ടാൽ നാലാളുകൾ അറിയണം.അതിനെന്താണ് കുറുക്കുവഴി?

ഇരുന്ന ഇരുപ്പിൽ പല പല ചിന്തകൾ തലയിലെ സൈഡിലൂടെ ഓടി നടന്നു.

MT യൊക്കെ ഓൾഡ്‌ ജെനറേഷൻ ആയി.പത്മരാജനും ലോഹിതദാസും കാല യവനികക്കുള്ളിൽ മറഞ്ഞു.മകൻ വന്നതോടെ ശ്രീനിവാസനും സൈഡായി.അപ്പോൾ ആ ഗ്യാപ്പിൽ അടിച്ചു കയറണം എന്ന തയ്യൽക്കാരൻ അംബുജാക്ഷന്റെ അതെ ചിന്തകൾ എന്നിലും കയറിക്കൂടി.  

സിനിമാ മോഹം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികം..ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം യാന്ത്രികം..എന്നാണല്ലോ രാജാവിന്റെ മകനും പറഞ്ഞിട്ടുള്ളത് 

"ഞാൻ അൽപ്പ സൊൽപ്പം ബ്ലോഗിലൊക്കെ എഴുതാറുണ്ട് "
എന്നിലെ അതിമോഹി എന്നെ കൊണ്ടത് പറയിച്ചു.സംസാരത്തിനിടയിൽ ഞാൻ എന്റെ ബ്ലോഗ്‌ കാണിച്ചു കൊടുക്കുകയും വളരെ താൽപര്യപൂർവ്വം അദ്ദേഹം അത് വായിക്കുകയും ചെയ്തു. 

"പുതിയ പോസ്റ്റിനുള്ള തീം കിട്ടിയിട്ടുണ്ടോ? "

ഇതുവരെയില്ല..

പിന്നെ ഷാഹിദ്..എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോകണം.
മനസ്സിലുള്ളതെല്ലാം എഴുതൂ...
എനിക്കുറപ്പാണ്....
നിന്നെപ്പോലെയുള്ള പ്രധിഭാധനനായിട്ടുള്ള യുവ ബ്ലോഗന്ടെ തലയിൽ നല്ല ആശയങ്ങൾ ഉണ്ടെന്ന്...നിങ്ങളെ പോലെയുള്ളവർ നാളെകളുടെ വാഗ്ദാനമാണ്  

എന്തായാലും ഇനിയെഴുതുന്ന കഥ ഫേസ് ബുക്കിലോ ബ്ലോഗിലോ ഇപ്പോൾ പോസ്റ്റ്‌ ചെയ്യണ്ട.ഡയറിയിൽ തന്നെ ഇരിക്കട്ടെ..ആവശ്യം വരും.

ഓല മടൽ വെട്ടി പാടത്ത് ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്നവനെ IPL കാര് വീട്ടിൽ വന്നു കൂട്ടി കൊണ്ട് പോയ പോലെയായി എന്റെ കാര്യം. 
എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.ആ അഭിമാനമെല്ലാം കൂടി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിറഞ്ഞു.ഞാൻ അഭിമാന വിലോചിതനായി.അതിലേറെ മോഹിതനായി. 

എനിക്കൊരു കഥ എഴുതിയെ തീരൂ..പക്ഷെ എന്തെഴുതണം?
ഫേമസ് ആകാനുള്ള ത്വരയിൽ എനിക്ക് ഇരിപ്പുറച്ചില്ല.
വാൽമീകത്ത്തിൽ പെട്ട കവിയെ പോലെയായി ഞാൻ.ഒരു രാമായണമെങ്കിലും എഴുതാതെ എന്റെ മനസ്സ് അടങ്ങില്ല.

ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചു കൊണ്ടിരുന്നു.ചിന്ത കാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോവാൻ തുടങ്ങി.  

എന്തെഴുതണം?
ജീവിതത്തിലെ തിക്താനുഭവങ്ങൾ എഴുതിയാലോ? വേണ്ട..അതിലൊന്നും സാഹസികതയില്ല..
അവളെ കുറിച്ചെഴുതിയാലോ???? വേണ്ടുവോളം പ്രണയവും വേദനയുമുണ്ട്.അത് പക്ഷെ കഥയാക്കേണ്ട.പൈങ്കിളിയായിപ്പോവും.

വല്ലാത്ത ക്ഷീണം തോന്നി ഒന്ന് കിടന്നു 
" ഡോ...എഴുന്നേൽക്ക്..ഉറങ്ങിയത് മതിയായില്ലേ? "
ഞാൻ കണ്ണ് തുറന്ന് നോക്കി.ഭാര്യയാണ്..

" ഉറങ്ങിയതല്ല..കഥയാലോചിച്ചു കിടന്നതാ..." 
" ഓ..സോറി കഥയെഴുത്തുകാരാ....
ഒരു തേങ്ങയുണ്ട്‌..അതൊന്നു വെട്ടിത്തായോ "

" എന്ത്? ഒരു സാഹിത്യകാരൻ തേങ്ങ വെട്ടുകയോ? ഈര്ച്ച വാളിൻറെ മൂർച്ചയുള്ള പേനയുടെ സ്ഥാനത്ത് വെട്ടു കത്തിയോ? ആലോചിക്കാനേ വയ്യ. 

" ഇയാളാര്?
MT യോ? അതോ ചങ്ങമ്പുഴയോ? ഒരു സാഹിത്യകാരാൻ വന്നിരിക്കുന്നു.തേങ്ങ വെട്ടി തന്നാൽ നല്ല കറിയും കൂട്ടി ഫുഡ്‌ അടിക്കാം." 

ഒരു ദീർഘനിശ്വാസം വിട്ടു ഞാൻ തേങ്ങ വെട്ടാൻ തുടങ്ങി. 

ആ സമയത്താണ് എന്റെയുള്ളിൽ ആ ആശയം ഉടലെടുത്തത്. 
എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ തന്റേതായ രീതിയിൽ മാറ്റി എഴുതിക്കൂടാ?

രാവണനെ നായകനാക്കിയ മണിരത്നം പോലെ....
ചതിയൻ ചന്ദുവിനെ നായകനാക്കിയ MT യെ പ്പോലെ...
ചങ്ങമ്പുഴ നായകനാക്കിയ രമണനെ വില്ലൻ ആക്കി എന്ത് കൊണ്ട് എനിക്ക് എഴുതിക്കൂട??    

നിന്ന നിൽപ്പിൽ ഞാൻ ഒരു ഷോർട്ട് ഫിലിം മനസ്സിൽ കണ്ടു.ഞാൻ എഴുതിയ തിരക്കഥക്ക് യുവ സംവിധായകൻ ആക്ഷൻ പറയുന്നതും സ്വപ്നം കണ്ടു കൊണ്ട് ഞാൻ അൽപ നേരം നിന്നു. 

വെത്യസ്തമായ ഈ ആശയം നല്ലതോ ചീത്തയോ എന്ന് ചാനലുകളിൽ ചർച്ച ചെയ്യപ്പെടുന്നത് മനസ്സിലൂടെ കടന്നു പോയപ്പോൾ ഉണ്ടായ മാനസിക അവസ്ഥ.വർണിക്കാനാവില്ല.രോമം എഴുന്നെറ്റു നില്ക്കുന്നു.ഇപ്പോൾ കണ്ടാൽ മുള്ളൻപന്നി പോലെയുണ്ട്.

സ്വപ്നങ്ങളുടെ ചാക്ക് തലയിലേറ്റി അടക്കാനാവാത്ത സിനിമാ മോഹവുമായി ഞാൻ എഴുതാനിരുന്നു.

അന്നു മുതൽ ഡയറിയും പേനയും തലയിണക്കടിയിൽ വെച്ച് ഞാൻ ഉറങ്ങാൻ കിടന്നു.പലപ്പോളും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് എഴുത്ത് തുടങ്ങി.

അങ്ങിനെ എണ്ണിയെണ്ണി ആ ദിവസവും വന്നെത്തി.വളരെ സന്തോഷത്തോടെയാണ് അന്ന് ഞാൻ ഉണർന്നത്.എല്ലാ തരത്തിലും പൂര്ണമായ(?)ഒരു കഥയെഴുതണം എന്ന ആഗ്രഹത്തിനു ഇന്നലെ രാത്രി സഫലീകരണമുണ്ടായിരിക്കുന്നു.ഒരു ജേതാവിനെ പോലെ ഞാൻ ഡയറിയുമായി അടുത്ത ഫ്ലാറ്റിലേക്ക് യാത്രയായി.  

വാതിൽ തുറന്ന യുവ സംവിധായകനു നേരെ ഞാൻ ഡയറി നീട്ടി പറഞ്ഞു 
" നിങ്ങൾക്കുള്ള കഥയെഴുതി കഴിഞ്ഞു.താങ്കളുടെ പ്രതീക്ഷക്കൊത്ത് എഴുതാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കി പറയണം.  

" കഥയോ?...എനിക്കോ?..എനിക്കെന്തിനാണ്‌ കഥ?..."

അപ്പോൾ ഫേസ്ബുക്കിലും ബ്ലോഗിലും ഇടാതെ ഡയറിയിൽ എഴുതാൻ പറഞ്ഞത്?

" ഓഹോ അതോ? 
ഈ ചളിയൊക്കെ കൊണ്ട് ബ്ലോഗിലും മുഖ പുസ്തകത്തിലും തേച്ചു നാട്ടുകാരെ വെറുപ്പിക്കുന്നതിന് പകരം വെല്ല നോട്ട് ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരടെയ്..എന്നാ ഞാൻ ഉദേശിച്ചത്."

ഡയറി തിരിച്ചു തരുമ്പോൾ പുഞ്ചിരി തൂകി കൊണ്ട് അയാൾ പറഞ്ഞു.
തകർന്നു വീണ കണ്ണാടി കഷണങ്ങൾ പോലെയായി എന്റെ മനസ്സ്.

ആ സമയത്ത് എൻറെ മുഖത്തുണ്ടായ ഭാവം മുൻപ് പല തവണ ശ്രമിച്ചു പരാജയപ്പെട്ട നവ രസങ്ങളിൽ ഒന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

Thursday 11 June 2015 - 46 comments

അനിവാര്യമായ ചില ദുരന്തങ്ങള്‍





അടുത്തിടെ അലമാര അടുക്കി പെറുക്കി വെക്കുന്നതിനിടയില്‍  ഒരു ഡയറി കിട്ടി. എന്നെ പോലെ എന്തെങ്കിലുമൊക്കെ ഡയറിയില്‍ കുത്തികുറിക്കുന്നത്  അവള്‍ക്കും ഒരു ശീലമായിരുന്നു.മറ്റൊരാളുടെ ഡയറി വായിക്കുന്നത്  ശരിയല്ലെങ്കില്‍ തന്നെയും എന്തോ അവളുടെ ഡയറി ഞാന്‍ വായിക്കാന്‍ തീരുമാനിച്ചു.

" പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു വിഷമം മനസ്സിനെ ബാധിച്ചിട്ട്  ഇതാ ഇന്നേക്ക് ഒരു മാസം തികയുന്നു. നോക്കെത്താ ദൂരത്തേക് ഒരു യാത്ര പോയി തിരിച്ചു സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു നൊമ്പരം മനസ്സില്‍ ബാക്കി നില്‍ക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഞാന്‍ അനുഭവിക്കുന്ന വേദന ഞാന്‍ ആരോട് പറയും? ഒരു മാസമായി ഞാന്‍ അനുഭവിക്കുന്ന മാനസിക അവസ്ഥ..അഹിംസയും പറഞ്ഞു നടക്കുന്ന ഭര്‍ത്താവിന്ടെ മുന്നില്‍ എങ്ങിനെ അവതരിപ്പിക്കും?...

രണ്ടു പേജില്‍ നിറയെയുള്ള ഡയറികുറിപ്പ്‌  മുഴുവന്‍ ഞാന്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.

കണ്ണില്‍ ഇരുട്ട് കയറിയ പോലെ.
എന്ത് ചെയ്യണമെന്നറിയാതെ.....
എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ .....
പകച്ചു നിന്ന നിമിഷങ്ങള്‍.

ഒഴിവു സമയങ്ങളില്‍ തമാശ പറയാനും..ചിരിക്കാനും..വീട്ടു വിശേഷങ്ങളും..നാട്ടു വഴക്കുകളും ഒക്കെ പറയാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു.എങ്കിലും അവളുടെയുള്ളില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘം മറഞ്ഞിരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. 

അവള്‍ എഴുതിയ വാക്കുകള്‍ മരമില്ലിലെ ഈര്‍ച്ച വാള്‍ പോലെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു.

ആരൊക്കെയോ നടന്നു വരുന്ന ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. കട്ട പിടിച്ച ഇരുട്ടില്‍ കമ്പിയഴികളില്‍ മുഖമമര്‍ത്തി കുറേ നേരം നിന്നു. കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അവളുടെ കര സ്പര്‍ശനം ഞാന്‍ തിരിച്ചറിഞ്ഞു.തല പൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അത്രക് ഉണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം.

കൂടെ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് ഞാന്‍ ഇത് മനസ്സിലാക്കിയില്ല?

എവിടെ?....എപ്പോള്‍?...എന്ന് മുതല്‍?... എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.എന്നാലും എന്തേ എന്നില്‍ നിന്നും നീ മറച്ചു വെച്ചു??/

സംസാരിക്കുമ്പോള്‍ ഉള്ളിന്ടെയുള്ളില്‍ ഞാന്‍ അനേഷിച്ചു..ആരോടാണ് എന്റെ പരാതി? എന്തിനു വേണ്ടി ????

ഒരു ഉള്‍വിളി ഉണ്ടായത് പോലെ എന്റെ കൈകള്‍ അവളുടെ കൈകളില്‍ എടുത്തു വെച്ചു.നെഞ്ചില്‍ തട കെട്ടി തടഞ്ഞു വെച്ചിരുന്ന ഒരു വിഷമ ക്കടല്‍ അണ പൊട്ടി ഒഴുകിയ പോലെ തോന്നിപ്പോയി.

" നീയോന്നറിയണം ഷാഹിദ്...
ഭൂമിയില്‍ നന്മയോടൊപ്പം തിന്മയും വേണം.ഭൂമിയുടെ നില നില്‍പ്പിനു അത്യാവശ്യം.
ഇതിനു ഞാന്‍ തന്നെ പരിഹാരം ഉണ്ടാക്കാം."

എല്ലാം തീരുമാനിച്ചു ഉറപ്പിച്ച പോലെയായിരുന്നു അവളുടെ മറുപടി.

എന്റെ വായിലെ ഉമിനീര്‍ വറ്റിപ്പോയി...
എല്ലാം കൈ വിട്ടു പോകുന്ന പോലെ...

"അരുത്......നമ്മുടെ മകളെ ഓര്‍ത്തെങ്കിലും നീ മറ്റുള്ളവരുടെ വാക്ക് കേട്ടു അവിവേകം ഒന്നും കാട്ടരുത്."

സമയം രാത്രി പതിനൊന്നര.ഈ പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍ ?സഹായത്തിനായി ഞാന്‍ ഗൂഗിള്‍ നോക്കി എന്താണ് ചെയ്യേണ്ടതെന്ന ഒരു രൂപ രേഖയുണ്ടാക്കി.

ചിന്തകള്‍ക്ക് ഭാരം കൂടിയപ്പോള്‍ കണ്ണുകള്‍ അലസമായി ചുറ്റും ഓടി നടന്നു.എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.പതിയെ മൊബൈല്‍ ഫോണ്‍ എടുത്തു സമയം നോക്കി.ഇന്ന് നേരം പുലരാന്‍ വല്ലാതെ മടി കാട്ടുന്നതായും സമയം ഒട്ടും നീങ്ങാത്ത പോലെയും തോന്നി.
നിമിഷങ്ങള്‍ മണിക്കൂറുകള്‍ പോലെ തോന്നി കൊണ്ടിരുന്ന ആ രാത്രി എങ്ങിനെയോ ഞാന്‍ കഴിച്ചു കൂട്ടി.

പിറ്റേ ദിവസം കൂടെ ജോലി ചെയ്യുന്ന സുഹൃത്തുമായി ഈ കാര്യം ചര്‍ച്ച ചെയ്തപ്പോളാണ് ഒരു കാര്യം മനസ്സിലായത്.

എന്തെങ്കിലും പിഴവ് പറ്റിയാല്‍ പുറം ലോകം കാണാന്‍ പറ്റിയെന്നു വരില്ല.അടുത്തിടെ പിടിക്കപ്പെട്ട ഒരു മലയാളി ഹതഭാഗ്യന്ടെ കഥന കഥയും അവനില്‍ നിന്നും മനസ്സിലാക്കി. 

മരവിച്ച മനസ്സ്..ജോലി വിരസതയിലൂടെ നീങ്ങുന്നു.ഒരു വിധം സമയം പൊക്കി ഞാന്‍ ഓഫീസില്‍ നിന്നും പുറത്ത് കടന്നു.  അന്നും പതിവ് പോലെ വീട്ടിലെത്തിയപ്പോള്‍ വൈകിയിരുന്നു.

വീട്ടിലെത്തിയപ്പോള്‍ റൂമില്‍ നിറയെ ആളുകള്‍..
അടുത്ത ഫ്ലാറ്റില്‍ ഉള്ളവരെല്ലാം ഉണ്ട്.
ആകെ അരക്ഷിതാവസ്ഥ.എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍ ..എന്ത് ചെയ്യണമെന്നറിയാതെ തമ്മില്‍ നോക്കുന്നു.

എനിക്കെന്തോ പന്തികേട്‌ തോന്നി.ഞാന്‍ ചുറ്റും നോക്കി.അതി രൂക്ഷമായ എന്തോ ഒരു ദുര്‍ഗന്ധമാണ് അന്തരീക്ഷമാകെ.

അകത്തു നിന്നും ഒരു നിലവിളി..ഞാന്‍ അകത്തേക് ഓടി ചെന്നു.
വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന ഭാര്യ,,
കരച്ചിലിന്റെ വക്കോളം എത്തി നില്‍ക്കുന്ന മകള്‍.

" പാറ്റക്ക്  മരുന്ന് അടിച്ചാല്‍ അല്ലെ കുഴപ്പമുള്ളൂ..? തല്ലി കൊന്നാല്‍ പോലിസ് പിടിക്കില്ലാലോവിയര്‍പ്പു വടിച്ചു കൊണ്ടവള്‍ പറഞ്ഞു.


നന്നായി..
പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ മറുപടി നല്കി .

പക്ഷെ അപ്പോളും എന്റെ ചിന്ത ചവറ്റു കുട്ടയിലേക്ക്  വലിച്ചെറിയപ്പെട്ട ആ ജീവിതങ്ങളെക്കുറിച്ചായിരുന്നു 

Monday 25 May 2015 - 30 comments

ഐ വില്‍ ഗോ റ്റു മൈ SONG ട്ടാ....





അന്നൊരു ഞായറാഴ്ച ദിവസം...നല്ല സുന്ദരമായ പ്രഭാതം ....
കൂടെയുണ്ടായിരുന്ന ഭാര്യയെയും കുട്ടിയേയും അവരുടെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം വീണ്ടും ഒരു സ്വാതന്ത്രത്തിന്‍റെ ഇളം കാറ്ററ്റു നടക്കുന്ന സമയം.

സമയം ഏകദേശം പന്ത്രണ്ടു മണി.

 അന്നും പതിവ് പോലെ സൂര്യന്‍ കിഴക്ക് ഉദിക്കുകയും നട്ടുച്ചയായപ്പോള്‍ തലക്ക് മുകളില്‍ എത്തുകയും ചെയ്തു.

 രാവിലെ വെട്ടി വിഴുങ്ങിയ പുട്ടും കടലേം ദാഹിച്ചിട്ടില്ലാത്തതിനാലും...വീട്ടിലിരുന്നു ബോറടി തുടങ്ങിയതിനാലും ഞാന്‍ പുറത്തേക്കിറങ്ങി.നാല് വശത്തേക്കും റോഡ്‌ ഉള്ളത് കൊണ്ട് എവിടേക് പോകണം എന്ന് ടോസ് ഇടാന്‍ ഒരുങ്ങിയപ്പോളാണ്  അപ്പുറത്തെ സൈഡില്‍ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടത്.

 ഓര്‍ക്കൂട്ടും ഫേസ് ബുക്കും വരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഞങ്ങളുടെ ബസ് സ്റ്റോപ്പ്‌ .റോഡില്‍ കൂടി കടന്നു പോകുന്നവരുടെ പ്രൊഫൈല്‍ നോക്കി " Like" " Poke "  " Comment " ഓക്കേ ചെയ്തിരുന്നത്  ഇവിടെ വെച്ചായിരുന്നു.

ഇത്തരം മനോഹരമായ  "App" നെ ഏതു കോപ്പനാണാവോ വായ്‌ നോട്ടം എന്ന് പേരിട്ടത്.?

ഒരു കാലത്ത് എതിരാളികള്‍ ഇല്ലാതെ പയറ്റി തെളിഞ്ഞ ഞങ്ങളുടെ തട്ടകം ഇന്ന് സ്പൈക്കും .. ലോ വൈസ്ട്ടും,,,ആയുധമാക്കിയ ചേകവന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

" എന്നെ തല്ലേണ്ടമ്മാവാ....ഞാന്‍ നന്നാവൂല്ലാ...."

സംസാരിക്കാന്‍ വിഷയം ഇല്ലാത്തത് കൊണ്ട് അജി ഒരു പാട്ട് പാടി കൊണ്ട് റിയാലിറ്റി ഷോ ഉല്‍ഘാടനം ചെയ്തു.തുടങ്ങി വെച്ചത് അവനാണെങ്കിലും ബാക്കിയുള്ളവര്‍ അത് പെട്ടെന്ന് ഏറ്റെടുത്തു.ബാത്ത് റൂമില്‍ സ്വന്തമായി നിത്യവും ഗാനമേള നടത്തി പരിചയമുള്ള ഞാനും അധികം വൈകാതെ അവരില്‍ ഒരാളായി മാറി.പതിയെ..പതിയെ..ഷോ " old is gold " റൌണ്ടിലേക്ക് കടന്നു.

" ചന്ദനത്തില്‍...കടഞ്ഞെടുത്തൊരു...സുന്ദരീ ശില്‍പ്പം.."

പാടി മുഴുവനായില്ല പാട്ടിനു ചേര്‍ന്നൊരു സീന്‍ അതാ തൊട്ടു മുന്നില്‍ ബസില്‍!!!!

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.പിന്നെ അടുത്തിരുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് എന്തോ അടക്കം പറയുന്നു.

വടക്കന്‍ കേരളത്തില്‍ മാത്രം വീശുന്ന പ്രത്യേക തരം കാറ്റാണെന്ന്  തോനുന്നു അത് വഴി കടന്നു പോയി...." പ്രഥമദര്‍ശനാനുരാഗം "എന്ന മാരക രോഗത്തിനു ഞാന്‍ അടിമയായത്‌ പോലെ.
ഈ രോഗം പണ്ടൊക്കെ ഇടക്കിടക്ക് വരാറുണ്ടായിരുന്നെങ്കിലും കുറച്ചു കാലമായി അല്‍പ്പം ശമനമുണ്ടായിരുന്നു.

ഞാന്‍ അവളെ നോക്കി കൈ വീശി ഒന്ന് സ്മൈലി...

ചില കാര്യങ്ങള്‍ അങ്ങിനെയാണ്.മനസ്സ് എത്ര തവണ വേണ്ടായെന്നു പറഞ്ഞാലും ശ്രമത്തില്‍ നിന്നും പിന്‍തിരിയാനാവില്ല.

അവള്‍ തിരിച്ചും സ്മൈലി.
എന്നെ തന്നെയാണോ?
ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി.
എന്റെ പുറകില്‍ ആരും ഇല്ല...എന്നെ തന്നെയാ....

മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി.
അവള്‍ വീണ്ടും എന്നെ തന്നെ നോക്കുന്നുണ്ടല്ലോ..
പടച്ചോനേ...പ്രശ്നമാകുമോ..???

മൌനം വാചാലമാകുന്നത് കണ്ണുകള്‍ സംസാരിക്കുമ്പോളാണ്.ആ സംസാരം കണ്ടു നില്‍ക്കാനും ഒരു രസം തന്നെ.സ്വപ്നങ്ങളില്‍ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആയി...അവള്‍ ശാലിനിയും..ഞങ്ങള്‍ ആ ബസ്‌ സ്റ്റോപ്പില്‍ പാടി പാടി നടന്നു.പാട്ട് സീനില്‍ സ്റെപ്പ് തെറ്റാതെ ഡാന്‍സ് ചെയ്തു.

(((((ട്ര്ര്ര്ര്ര്ര്‍...")))))

നിറുത്താതെ മുഴങ്ങിയ റിംഗ് ടോണാണ് എന്നില്‍ പരിസരബോധം ഉണര്‍ത്തിയത്.

ഛെ...മൂഡ് കളഞ്ഞു...മൊബൈലിനു ചിലക്കാന്‍ കണ്ട സമയം..

വീട്ടില്‍ നിന്നും ഭാര്യയാണ്.ഇന്നെന്തു പണിയാണാവോ എന്നാലോചിച്ചു ഞാന്‍ പച്ചയില്‍ വിരലമര്‍ത്തി.

" നിങ്ങള്‍ എവിടെയാ....?"
എന്നെ കൊണ്ട് പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ? ..വേഗം വായോ..ഇന്നൊരു പ്രോഗ്രാം ഉണ്ട്. "

" ഓക്കേ..ആയിക്കോട്ടെ..വൈകുന്നേരം വരാം എന്ന് പറഞ്ഞ്  ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക് യാത്രയായി.

അങ്ങ് ദൂരെ..പകല്‍ മുഴുവന്‍ എരിഞ്ഞു നിന്ന സൂര്യന്‍ ഇന്ത്യയിലെ ഡ്യൂട്ടി കഴിഞ്ഞു അമേരിക്കയിലേക്ക്  യാത്രയാവാന്‍ തയ്യാറെടുക്കുകയായിരുന്നു.ഭാര്യയെ വിളിക്കാനായി ഞാന്‍ വൈഫ്‌ ഹൌസിലെക്കും യാത്രയായി.

സിറ്റിംഗ് റൂമില്‍ തന്നെ ഉണ്ടായിരുന്ന അവരുടെ ഒരു ഫാമിലി ഫ്രെണ്ട് ആണ് എന്നെ വരവേറ്റത്.സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം പുള്ളിയുടെ മുഖത്ത് പ്രകടമായി കാണാം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയ പുള്ളിക്കാരന്‍ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുന്നു വധിക്കാന്‍ തുടങ്ങി.അമേരിക്കയും...ഒബാമയും...മോദിയും  ഉള്‍പ്പെടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തി കയറുകയാണ്. 

എലിയുടെ പ്രാണവേദനയുണ്ടോ പൂച്ചയറിയുന്നു!!!!!!!!

ഇതില്‍ നിന്നും എങ്ങിനെ രക്ഷ പ്പെടാം എന്ന്  ആലോചിച്ചു ഇരിക്കുമ്പോളാണ്  ഒരു മുഖം മുന്നില്‍ പ്രത്യക്ഷപെട്ടത്.

ഒന്ന് കൂടി നോക്കി ഞാന്‍...
യഥാര്‍ത്ഥ  വുമായി പൊരുത്തപ്പെടുവാന്‍  ഞാന്‍ കണ്ണുകളെ തിരുമ്മി നോക്കി.
ഈ മുഖം!!!!!!!!!

അതെ..രാവിലെ ബസില്‍ കണ്ട അതേ മുഖം...!!!!

എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന എന്നോടവള്‍ ചോദിച്ചു

" എന്നെ കണ്ടപ്പോള്‍ മനസ്സിലായല്ലേ?
രാവിലെ കൈ വീശി കാണിച്ചപ്പോള്‍ ഞാന്‍ ശെരിക്കുംഅത്ഭുത പെട്ടു പോയി. എനിക്ക് ഷാഹിദിനെ അറിയാമെങ്കിലും നമ്മള്‍ ഇത് വരെ പരിച്ചയപെട്ടിട്ടില്ലലോ.." 

മുതു കാടിന്റെ ശിക്ഷ്യന്‍ ആയിരുന്നെങ്കില്‍ ഞാന്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷ മായേനെ..

വന്ന എക്സ്പ്രഷനില്‍ നന്നായി തന്നെ വെള്ളം ചേര്‍ത്ത് ഞാന്‍ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു

" ഹായ്...
എവിടെയാ പേര്???
ങേ...!!!!
അയ്യോ..സോറി..
എന്താ വീട്?  "

പറ്റിയ അബദ്ധം ഭാര്യ എന്റെ വിളറിയ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കി.

കൊടുങ്ങല്ലൂര്‍ SONG പ്രതീക്ഷിച്ചു നിന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് തനി പ്രാഞ്ചിയേട്ടന്‍ ശൈലിയില്‍ അവള്‍ വളരെ സിമ്പിള്‍ ആയി അഭിപ്രായം രേഖപ്പെടുത്തി.

" ചമ്മല്‍ IS THE  മങ്ങല്‍ OF THE ഫേസ്  & വിങ്ങല്‍ ഓഫ് ദി ഹാര്‍ട്ട്‌.. ഇതാണ് കയ്യിലിരുപ്പെങ്കില്‍  ഐ വില്‍ ഗോ റ്റു  മൈ  SONG ട്ടാ....

കാര്യം എന്താണെന്ന് മനസ്സിലാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപ്പോളും സോഫയില്‍ ഇരുന്നു ഞങ്ങളെ നോക്കി കൊണ്ടേയിരുന്നു.

Monday 30 March 2015 - 29 comments

ഘര്‍ വാപ്പസി






" ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന...
തിരുമുറ്റത്തെത്തുവാന്‍ മോഹം..."

രാവിലെ എണീറ്റാല്‍ തുടങ്ങും ബാല്യത്തിലേക്ക് തിരിച്ചു പോകണമെന്ന ചിന്ത.
സംഭവം നാട്ടില്‍ പോയാല്‍ മാറാവുന്നതേ ഉള്ളൂ. 

" അബീ...നമുക്ക് നാട്ടിലൊന്നു പോയി വരാം. " 

" പടച്ചോനേ...നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ
ചോറും കറിയും അടുപ്പത്താ..ഡ്രസ്സുകള്‍ മുഴുവന്‍ മെഷീനിലും." 
((((((ഠിം ))))))

സ്വതസിദ്ധമായ രീതിയില്‍ നല്ലപാതി പ്രതികരിച്ചു..

രണ്ടു മാസത്തോളമായി പുതിയ കുറേ സ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ കാണുന്നു. എല്ലാം നാട്ടിലെ മാധുര്യമേറിയ ഓര്‍മ്മകള്‍.എന്നും കാണുന്നത് തന്നെയാണ്. എന്നാലും ഇപ്പൊ അതിനു ഒരു പ്രത്യേകതയുണ്ട്.ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്ക്  പോവുകയാണ്.മകളെ നാട് കാണിക്കാനുള്ള ആദ്യയാത്ര.ഞാന്‍ കണ്ടു തീരാത്ത എന്റെ നാട്ടിലേക്ക്....

              പ്രഭാതങ്ങളുടെ ശത്രുവായ അലാറം കേള്‍ക്കാതെ...അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും.....പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും...പള്ളിമണികളുടെ നിലക്കാത്ത മുഴക്കവും കേട്ടു അവള്‍ ഉണരട്ടെ...നമ്മുടെ നാട്ടിലെ കാക്കയേയും.. പൂച്ചയെയും.. തുമ്പിയും.. പൂമ്പാറ്റയെയും.. പശുവിനെയും...ആടിനെയും ഓക്കേ കാണട്ടെ.അക്കൂടെ എനിക്കും കാണാമല്ലോ കണ്ടു തീര്‍ന്നിട്ടില്ലാത്ത എന്റെ നാട്.

                 എല്ലാ തവണയും നാട്ടിലേക് പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്.ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ അവധിക്കാലവും വരുന്നത്.പെന്റിങ്ങില്‍ ഉള്ള എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാമെന്ന പ്രതീക്ഷ. എന്നാലോ? ഒന്നും ചെയ്യാതെ തെക്ക് വടക്ക് നടന്ന് തിരികെ പോരാനാവുമ്പോള്‍ സാമാന്യം മോശമല്ലാത്ത നിരാശയും.

ഇത്തവണയും ഉണ്ട് ഒരുപാട് മോഹങ്ങള്‍.

ഗര്‍ഭിണികളുടെയും പ്രവാസികളുടെയും മോഹങ്ങള്‍ കടല്‍ പോലെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യം.കൊതി പിടിപ്പിക്കുന്ന ചിന്തകളാണ് രണ്ടു കൂട്ടര്‍ക്കും.എന്ത് പറഞ്ഞാലും സാധിച്ചു തരുവാന്‍ ആളുള്ളതിനാല്‍ മോഹവും മൂക്കും.

  • ഉമ്മയുടെ സ്വന്തം കയ്യാല്‍ നിര്‍മിതമായ സോഫ്റ്റ്‌ ദോശ നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയില്‍ മുക്കി രുചിച്ച് ..നാക്കിലെ എരിവിനോപ്പം ഒരു ചുടു ചായ...((((ഹോ)))))
  •  തുഞ്ചന്‍ പറമ്പിലെ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത് നേരില്‍ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളെ ഒന്ന് നേരില്‍ കാണണം.
  •  പഠിപ്പിച്ച അധ്യാപകരെയും..സുഹൃത്തുക്കളെയും കണ്ടു മടങ്ങണം.
  •  പണ്ട് വര്‍ക്കിയ ഓഫിസിലെല്ലാം ഒന്ന് പോകണം
  • സുഹൃത്തുക്കളുമായി ഒരു മൂന്നാര്‍ ട്രിപ്പ്‌...
  • വീട്ടുകാരുമായി ഒരു ആലപ്പുഴ യാത്ര....
  • ക്ഷണിച്ചതും ക്ഷണിക്കാത്തതുമായ കല്യാണങ്ങളില്‍ പങ്കെടുത്ത്  രുചിഭേദങ്ങള്‍ തേടിയുള്ള  ഒരു തീര്‍ഥാടനം ...

അങ്ങിനെ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരുപാട് മോഹങ്ങളോടെ...ഒന്നര വര്‍ഷത്തിനു ശേഷം ഒരു വിരുന്നുകാരനെ പോലെ കയ്യില്‍ പെട്ടികളും സമ്മാന പൊതിയുമായി ഒന്ന് കൂടി സ്വന്തം നാട്ടിലേക് ഒരു യാത്ര.

മലേഷ്യന്‍ വിമാനം പോയത് പോലെ കടലില്‍ പോയില്ലെങ്കില്‍...ഏപ്രില്‍ 10 ന് എന്നെ ഞാനാക്കിയ എന്റെ നാട്ടിലേക് ഞാന്‍ ഒരിക്കല്‍ കൂടി വരുന്നു.

എന്റെ  കമ്പ്യൂട്ടര്‍ ടിപ്സ്  പരീക്ഷിച്ചു പ്രതികരണം കമെന്റ് വഴി പോരാ..കൈ വെച്ച് തന്നെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇതൊരു ചാന്‍സ് ആയി കാണരുതെന്ന അപേക്ഷയോടെ....

നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍.
ഷാഹിദ്.ഇബ്രാഹിം.കെ 
(ഒപ്പ്...)



Friday 13 February 2015 - 27 comments

ഓഫിസിലെ പെണ്‍കുട്ടി !!!!

ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു!!!!!!!!!

ഡിസൈന്‍ സെന്‍ററില്‍  വളയിട്ട കൈകള്‍ ആര്‍കിടെക്റ്റ് ട്രെയിനി ആയി ജോയിന്‍ ചെയ്യാന്‍ വരുന്നു. അതും ഒരു മലയാളി പെണ്‍കുട്ടി.

വാര്‍ത്ത ഹോട്ട് ആയതോടെ പലരും തല പുകച്ചു തുടങ്ങി.പല വഴിക്കും അന്വേഷണം പോയി തുടങ്ങി.പക്ഷെ ആര്‍ക്കും ഒരു ക്ലൂവും കിട്ടിയില്ല.

ഒരു പെണ്ണിനെ കുറിച്ച് അന്വേഷിക്കാനാനെങ്കില്‍ C.B.I പോലും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഓഫീസിലെ പ്രാദേശിക ലേഖഖനായ റാഫിക്ക  , വീണു കിട്ടിയ വാക്കിനു പുറകെ മണപ്പിച്ചു പോയി സത്യം കണ്ടെത്തുകയും റിപ്പോര്‍ട്ട്  സമര്‍പ്പിക്കുകയും ചെയ്തു.

പേര്        :  ഉമ
നാട്         :  പാലക്കാട്.
25 വയസ്സ്... Single
ഒരാഴ്ചക്കകം ജോയിന്‍ ചെയ്യും.


കേട്ടവരുടെയെല്ലാം മനസ്സില്‍ ലഡ്ഡു പൊട്ടി....എന്റെ മനസ്സിലും...
വേറെയും ലേഡീസ് സ്ടാഫുകള്‍ ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു.

ലോകത്തോട്‌ മുഴുവന്‍ പ്രണയം പ്രഖ്യാപിച്ചു..നിറയെ ബോയ്‌ ഫ്രെണ്ട്സുമായി ..ആരെയും കൂസലില്ലാത്ത മരിയ....

ഒന്ന് പറഞ്ഞു രണ്ടിന് ആരോടും കേറി ഉടക്കുന്ന കത്രീന...എങ്കിലും മലയാളി പെണ്‍കുട്ടി ആദ്യമായാണ്..

വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌.പാഴാക്കരുത് ഒരു വാക്ക് പോലും എന്ന പോളിസിയില്‍ മുറുകെ പിടിച്ചു നടക്കുന്നതിനാല്‍ ഇവരുടെ മുന്നില്‍ ഞാന്‍ എന്നും മിതഭാഷി തന്നെയായിരുന്നു.

സത്യായിട്ടും....!!!!!

വാര്‍ത്ത എന്തായാലും ഓഫീസില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.എന്നും രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ വരാറുള്ള അനസ് താടിയും മുടിയും മുറിച്ചു സുന്ദരനായിരിക്കുന്നു.

വേസ്റ്റ് ബോക്സ്‌ സ്ഥാനം തെറ്റി വെച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന ഓഫീസി ടേബിള്‍ ക്ലീനാക്കി അച്ചായനും പുതിയ സ്റ്റാഫിനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. തന്റെ ടാബിളിനു അടുത്ത് പുതിയ കമ്പ്യൂട്ടര്‍ സ്ഥാപിച്ചു കൊണ്ടാണ് റിയാസ് ഒരുങ്ങിയത്.

ഇവന്മാരൊന്നും പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? കണ്ട്രി ഫെല്ലോസ്..ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ കാത്തിരുന്നു കാത്തിരുന്നു ആ ദിവസം വന്നെത്തി. അന്നും പതിവ് പോലെ അലാറം കൃത്യ സമയത്ത് വിളിച്ചുണര്‍ത്തി. ഷാര്‍ജയില്‍ അന്നും As Usual പുലരി ചിറകടിച്ചിറങ്ങി 

പതിവ് പോലെ എണീറ്റ്‌ കയ്യും കാലുമൊക്കെ ഒന്ന് വലിച്ച് പൊക്കി രണ്ടു ചാട്ടമോക്കെ ചാടി ഒന്നുഷാറായി കണ്ണാടിയില്‍ നോക്കി.മനസ്സ്  6 പാക്കിനും  8 പാക്കിനും കൊതിക്കുന്നുന്ടെങ്കിലും വയറു ഫാമിലി പാക്ക് പോലെ ആകുന്നുണ്ടോ ??????

ആ മലയാളിക് എന്തിനാ സിക്സ് പാക്ക്? എങ്കിലും ഞാനൊരു സുന്ദരന്‍ തന്നെ. എന്നെ പണ്ട് മുതലേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നുവെന്നു പണ്ടത്തെ കൂട്ടുകാരി  ഇന്നലെ കൂടി പറഞ്ഞതെ ഉള്ളൂ..
എത്ര ഒരുങ്ങിയിട്ടും മതിയാകാത്ത പോലെ.

" ഡോ...മുഖം മിനുക്കി മിനുക്കി എന്നെ ഒന്ന് പറ്റിച്ചതാ..ഇനിയത് വേണ്ട.സല്‍മാന്‍ ഖാന്‍ ആണെന്നാ വിജാരം., നടക്കുമ്പോ പോക്കറ്റില്‍ എന്തെങ്കിലും പാറക്കഷണം വെക്കാന്‍ മറക്കണ്ട. പുറത്ത് നല്ല കാറ്റു വീശുന്നുണ്ട്. പറന്നു പോകും. "

ഠിം ....
ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ല എന്നാ അഹം ഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുന്പോളാ യിരുന്നു പുറകില്‍ നിന്നും പ്രിയതമയുടെ  ഉപദേശം  
ലവളിന്നു രാവിലെ തന്നെ അപാര ഫോമിലാണല്ലോ..അല്ലെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ അവള്‍ക്  പി.സി. ജോര്‍ജിന്റെ നാവാണ്.

ഞാന്‍ നാവിറങ്ങിയവനെ പോലെ ഊമനായി തിരിച്ചു നടന്നു.

അന്ന് പതിവിലും നേരത്തെ ഓഫീസില്‍ എത്തി.ട്രാഫിക്കിനെ തെറി വിളിച്ചു എന്നും 8.30 ആയാലും ഓഫീസില്‍ എത്താത്ത പലരെയും അന്ന് ഞാന്‍ 7.30 നു ഞാന്‍ കണ്ടു.
" എത്രയോ..ജന്മമായ്...നിന്നെ ഞാന്‍ തേടുന്നൂ...."
അച്ചായന്‍ ആ ഗാനം അതുണ്ടാക്കിയവര്‍ക്ക് അറ്റാക്ക് ഉണ്ടാക്കുന്ന വിധം പാടുന്നു...

ലേബര്‍ റൂമിന്റെ മുന്നില്‍ വൈറ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന അനസ്സ്..

വെള്ള മുണ്ടിന്റെ പരസ്യത്തിലെ മമ്മുട്ടിയെ പോലെ കയ്യും കെട്ടി ഒരു മൂലയില്‍ നിന്നും വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന റിയാസ്.

ക്ലോക്കിലെ സൂചികളുടെ ചലനം ഹൃദയമിടിപ്പിനോട് ഏറ്റു മുട്ടുന്നു.ക്ലോക്കിലെ ശബ്ദമാണോ അതോ ഹൃദയമിടിപ്പാണോ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്നാ ഡൌട്ട് മാത്രമേ ഉള്ളൂ...

സമയം 10 കഴിഞ്ഞു..12 കഴിഞ്ഞു...1 കഴിഞ്ഞു...ക്ലോക്കിലെ സൂചികള്‍ ഓടിക്കൊണ്ടേ ഇരുന്നു.ഉമ മാത്രം വന്നില്ല.

പുതിയ ട്രെയിനി നാളെയെ ജോയിന്‍ ചെയ്യുന്നുള്ളൂ..ഒമര്‍ സാറാണ് എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ പ്പിച്ച ആ സത്യം പുറത്ത് വിട്ടത്.

"  പുല്ല്...അപ്പൊ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു എല്ലാം വേസ്റ്റ്. ഇനിയും ഒരു ദിവസം കൂടി കാത്തിരിക്കണമല്ലോ "  എന്ന് പിറു പിറു ത്ത്  അനസ് ഫ്ലോറില്‍ ആഞ്ഞു ചവിട്ടി.

സമയം ഒരു ഉച്ച..ഉച്ചര..ഉച്ചേ മുക്കാല്‍ ആയിട്ടുണ്ടാകും.ലഞ്ച് കഴിഞ്ഞു കസേരയില്‍ തന്നെ ഇരുന്നു ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും ചില്ലി ക്കാശു ചിലവില്ലാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്നാ മനോഹരമായ തളികയില്‍ യാത്ര ആരംഭിക്കുകയായിരുന്നു.

" ഹായ് "
അരി ചെമ്പി നകത്ത്  തലയിട്ടു സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം കേട്ടാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്.

ആറടി രണ്ടിഞ്ചു പൊക്കം. അവന്റെ ചുരുണ്ട തലമുടി നെറുകയില്‍ അല്‍പ്പം മാത്രം നിറുത്തി ബാക്കിയൊക്കെ വടിച്ചു കളഞ്ഞിരിക്കുന്നു.കൊള്ളാം നന്നായിട്ടുണ്ട്. ആകെയൊരു " യോ ..യോ " ലുക്ക്‌.

Hi. am Uma.. UMA SHANKAR  "

ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പേ അവന്‍ പരിചയപ്പെടുത്തി.ഞാന്‍ ചുറ്റും ഒന്ന് നോക്കി.പ്രതീക്ഷിച്ച പോലെ എല്ലാവരുടെ കണ്ണുകളും റാഫിക്ക യെ തേടുകയായിരുന്നു.എന്റെ കണ്ണുകള്‍ അറിയാതെ ഉമയുടെ കൈകളിലേക്ക് നീണ്ടു.

അതെ വള അവിടെ തന്നെയുണ്ട്‌...