Sunday 5 March 2017 - 22 comments

ലിഫ്റ്റ്‌ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം.

നല്ല മഴയിലേക്കാണന്ന്  നേരം പുലർന്നത്. നല്ല തണുപ്പും പിന്നെ കമ്പിളി പുതപ്പും മൂടി, നല്ല സുഖമായുള്ള ഉറക്കം. ജനലിലൂടെ സൂര്യൻ വന്നു കണ്ണിൽ കുത്തിയപ്പോളാണ് ഉറക്കം ഞെട്ടിയുണർന്നത്. ടൈംപീസ് പത്തു മണിയായെന്ന കാര്യം കാതടിപ്പിക്കുന്ന ശബ്ദത്തോടെ വിളിച്ചറിയിച്ചു കൊണ്ടേയിരിക്കുന്നു.

                                ജനലിലൂടെ വരുന്ന നേർത്ത വെളിച്ചം പോലും ഇപ്പോളെന്നെ അസ്വസ്ഥനാക്കുന്നു.  ഇരുട്ടിനെയും നിശബ്ദതയേയും എന്തോ ഞാൻ വല്ലാതെ ഇഷ്‌ട്ടപെട്ടു തുടങ്ങിയിരിക്കുന്നു. കുറച്ചു നേരം കൂടി കിടക്കണമെന്നു ശരീരം ആഗ്രഹിക്കുന്നുണ്ടെങ്കിലും , മനസ്സിൻറെ ഒരു കോണിൽ തളച്ചിട്ട ചിന്തകൾ ഇന്ന് വീണ്ടും ഉണർന്നിരിക്കുന്നു. അസ്വസ്ഥ ചിന്തകൾ മനസ്സിനെ വേട്ടയാടുന്നു. എന്താണോ മറക്കാൻ ശ്രമിക്കുന്നത്, അത് വീണ്ടും ഓർക്കുവാൻ തുടങ്ങിയിരിക്കുന്നു.

ചില ഓർമ്മകൾ അങ്ങിനെയാണ്. മനസ്സിനെ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പിന്നോക്കം പായിക്കും. ജീവിതത്തിൽ ചില മോശം സമയം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. ഇത് എൻറെ മോശം സമയങ്ങളിൽ ഒന്നാണ്. ഒന്നാലോചിച്ചാൽ , ജീവിതത്തിലെ ഏറ്റവും മോശം സമയം എന്നൊക്കെ കരുതിയിരുന്നത് അത്രക്കൊന്നും പരിക്കുകൾ പറ്റിയവ ആയിരുന്നില്ല. ജീവിതത്തെ ഒന്ന് കൂടി നന്നായി കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടു അവയെല്ലാം കടന്നു പോവുകയായിരുന്നു. ഇത്തരം ചിന്തകൾ മാനസിക നില തന്നെ താളം തെറ്റും എന്ന അവസ്ഥ വന്നപ്പോളാണ് പുറത്തേക്കിറങ്ങുവാൻ തീരുമാനിച്ചത്.

എന്ത് ചെയ്യണം? എങ്ങോട്ടു പോകണം? എന്ന ഒരു ലക്ഷ്യവുമില്ലാതെ ചിന്തകൾ ചരട് പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങി.

മുറിയിൽ അടച്ചിരുന്നു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയപ്പോളാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ജീവിതം വിരസം എന്ന് തോന്നുമ്പോൾ നഗരത്തിലെ തിരക്കൊഴിഞ്ഞ വഴികളിൽ കൂടി ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിയുക എന്നത് എന്റെ മറ്റൊരു ഭ്രാന്താണ്. ഒഴിവു ദിനം ആയതിനാൽ ആകണം, തെരുവെല്ലാം ആളൊഴിഞ്ഞിരിക്കുന്നു.

തണുത്ത കാറ്റടിക്കുന്നുണ്ട്. പുറത്ത് ചിണുങ്ങി പെയ്യുന്ന മഴ ഇടക്ക് സൈഡ് ഗ്ളാസിലേക്ക് ചിതറി വീഴുന്നുണ്ട്. നഗരത്തിൽ നിന്ന് മാറി ഡിസർട്ട് ഏരിയയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോളാണ് അപ്രതീക്ഷിതമായൊരാൾ പ്രത്യക്ഷപ്പെട്ടത്. 

ലിഫ്റ്റ് ചോദിച്ചു വഴിയരികിൽ നിൽക്കുന്നൊരാൾ.

കാണാത്ത മട്ടിൽ പോകുവാനായി ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തിയെങ്കിലും, ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ എന്നിലെ ഉറങ്ങി കിടന്ന കഥാകൃത്ത് ആക്‌സിലേറ്ററിൽ നിന്നും കാലെടുത്തു പതുക്കെ  ബ്രേക്കിൽ ചവിട്ടി.

എൻറെ നോട്ടത്തിന്റെ അർഥം പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു. തന്റെ മുഖത്തെ മഴത്തുള്ളികൾ ഒപ്പിക്കൊണ്ടയാൾ അകത്ത് കയറി. 

ഒറ്റ നോട്ടത്തിൽ ഇന്ത്യക്കാരൻ ആണെന്ന് മനസ്സിലായി. ഉയരം കുറഞ്ഞു തനി നാടനായ ഒരാൾ.

സ്വതവേ ഞാൻ ഒരു സംസാര പ്രിയനല്ല. പക്ഷെ നല്ലൊരു കേൾവിക്കാരൻ ആണെന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അത്രക്കൊന്നും സംസാരിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നില്ല അയാളും . ഒരു പരുക്കൻ. സകലത്തിനോടും ദേഷ്യമാണെന്ന മുഖ ഭാവം.

കനത്ത നിശബ്ദത. വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷം.

പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ലാത്തവരെ പോലെ ഞങ്ങൾ പരസ്പരം നോക്കി. ആര് തുടങ്ങും എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

" എത്ര നേരമായി സുഹൃത്തെ ഞാനീ വഴി വക്കിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുവാൻ തുടങ്ങിയിട്ട്. ആരും കണ്ടതായി പോലും ഭാവിച്ചില്ല. "

സംഭാഷണത്തിലേക്കു ഇറങ്ങി വരാൻ അയാൾ എനിക്ക് മുന്നിലൊരു പാലമിട്ടു. മലയാളവും തമിഴും ഇട കലർന്ന സംസാര രീതി.

സെന്തിൽ. അതാണയാളുടെ പേര്. അൽപ്പം ദൂരെയാണ് താമസം. 25 വയസ്സിൽ ഇവിടെ വന്നു. പത്ത് വർഷമായി ഒരേ കോഫി ഷോപ്പിൽ ജോലി ചെയ്യുന്നു.

യാത്ര തുടങ്ങി സമയമേറെ ആയെങ്കിലും ഇപ്പോളും രണ്ടാളും മൗനത്തിന്റെ വാല്മീകത്തിൽ തന്നെ. ഇടക്ക് അയാൾ അവിടെയുണ്ടോ എന്ന് പോലും സംശയിച്ചു പോയി.നിശബ്ദതയെ കീറി മുറിച്ചു കൊണ്ടാണ് അയാളുടെ ഫോൺ ശബ്‌ദിച്ചത്. പൊടുന്നനെ നിലക്കുകയും ചെയ്തു.

" എനിക്കൊരു കാൾ ചെയ്യണം. ഫോൺ ഒന്ന് തരാമോ? "
എന്റെ മൗനം അനുവാദമായി എടുത്തയാൾ ഫോണെടുത്തു.

ഫോൺ വിളിച്ചയാളെ കണക്കറ്റു ചീത്ത വിളിക്കാൻ തുടങ്ങി. വിളിച്ച വ്യക്തി മുന്നിലുണ്ടെന്ന രീതിയിൽ വിരലെല്ലാം ചൂണ്ടി അടിക്കാൻ ഓങ്ങിയാണ് സംസാരം.

ഓരോ മനുഷ്യന്റെ ഉള്ളിലും അനേകായിരം കഥകൾ ഉറങ്ങി കിടക്കുന്നുണ്ടാകും. എന്തായിരിക്കും അയാളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്? മനസ്സിൽ ആകാംഷ നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ. എന്റെ ചിന്തകൾ കാട് കയറി.

ഈ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ എനിക്കിനി സമാധാനമില്ല. അത് കണ്ടെത്തുക തന്നെ. ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ ഞാൻ അടുത്ത് കൂടി. സെന്തിലിനെ കുറിച്ച് കൂടുതൽ അറിയാനൊരു ശ്രമം ഞാൻ നടത്തി നോക്കി.
എന്താണ് നിങ്ങൾക്ക്‌  സംഭവിച്ചത്?

ചോദ്യത്തിന് ഉത്തരം പറയാതെ സിഗരറ്റ് പുക ആസ്വദിച്ചു വലിച്ചു കൊണ്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു. കാറ്റിൽ പാറി പറക്കുന്ന ചെമ്പൻ മുടി അവൻ തന്റെ കൈകൾ കൊണ്ട് ഒതുക്കി വെച്ചു. കുറച്ചു നേരം ഒന്നും പറയാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു.

" ചിലപ്പോളെല്ലാം തോറ്റു കൊടുക്കൽ ജീവിതത്തിൽ അനിവാര്യമാണ്. ആ തോൽവിയിലാണ് നമ്മുടെ മനസ്സാക്ഷിയുടെ ജയം. അല്ലെങ്കിലും അർത്ഥമില്ലാത്ത ജീവിതത്തിനു പിറകെ പാഞ്ഞിട്ടു എന്ത് കിട്ടാനാണ് മാഷേ? "

എന്നോടെന്തോ തുറന്നു പറയാനുള്ള വെമ്പൽ അയാളിൽ ചിറകു കുടയുന്നതായി എനിക്ക് തോന്നി. അയാൾ അനുഭവ കഥയുടെ ചുരുളുകൾ അഴിക്കുകയാണ്.

" ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ച് വിശ്വസിച്ചു കൂട. ഇത് വഞ്ചനയുടെ ലോകമാണ്. എല്ലാം ഒരു തരം അഭിനയം. മടുത്തു മാഷേ.. "

പരിഭവവും നേരിയ നിരാശയും ആ സ്വരത്തിൽ ഉണ്ടായിരുന്നു. ജീവിതം,അതവരെ വല്ലാതെ വേദനിപ്പിച്ചുവെന്നു വാക്കുകൾക്കു മുൻപേ അവരുടെ കണ്ണുകൾ പറഞ്ഞു. ആ കണ്ണുകളിൽ നീര് പൊടിയുന്നുണ്ടോ എന്ന് തോന്നിയത് കൊണ്ടാവണം പിന്നീട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല. 

എല്ലാ സന്തോഷങ്ങൾക്കും എന്നത് പോലെ ദുഖങ്ങൾക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ടാകും. എല്ലാം ശെരിയാകും.

പെട്ടെന്ന് തോന്നിയത് അങ്ങിനെ പറഞ്ഞു രക്ഷപ്പെടാനാണ്.
പിന്നെ സംസാരങ്ങളൊന്നുമുണ്ടായില്ല. രണ്ടു പേരും അവരവരുടേതായ മനോരാജ്യത്തിൽ മുഴുകി ഇരുന്നു. 

മഴത്തുള്ളികളെ കീറി മുറിച്ചു അതി വേഗത്തിൽ വാഹനം മുന്നോട്ടു നീങ്ങുകയാണ്. മനസ്സിലെ ചിന്തകളും ദൃശ്യങ്ങളും അതിനേക്കാളേറെ വേഗതയിൽ നീങ്ങി കൊണ്ടിരുന്നു. പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ നഗരത്തിൽ എത്തിയത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറിൽ നിന്നിറങ്ങി ആൾകൂട്ടത്തിൽ അലിഞ്ഞു ചേരുന്നതും നോക്കി ഞാൻ അൽപ്പനേരം അവിടെ തന്നെ നിന്നു.

ഒരു ഒന്നൊന്നര കിലോമീറ്റർ മുന്നോട്ടു പോയിക്കാണും, പുറത്തെ ചാറ്റൽ മഴ അപ്പോളേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു. റോഡിലെ ട്രാഫിക്കുകൾ ഓരോന്നും ആസ്വദിച്ചു തന്നെ ഞാൻ മുന്നോട്ടു നീങ്ങി. ഇനിയും ഏറെ ദൂരമുണ്ട് റൂമിലെത്താൻ. സിഗ്നലിലെ ബോറടി മാറ്റാൻ ഫോണിനായി തിരഞ്ഞു നോക്കിയെങ്കിലും, ഫോൺ ഇരുന്നിടം ശൂന്യമായിരുന്നു.

സെന്തിൽ അർദ്ധോക്തിയിൽ നിർത്തിയ അവസാന വാചകം പക്ഷെ അപ്പോളും കടന്നൽ പോലെ മനസ്സിനകത്ത് മൂളികൊണ്ടിരുന്നു.    

22 comments:

 1. ചുരുക്കത്തില്‍... ഫോണും അടിച്ചെടുത്തോണ്ട് അയാൾ പോയി അല്ലേ.... ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. നല്ല വായനാസുഖം തരുന്ന എഴുത്തായിരുന്നു...!!!

  ReplyDelete
  Replies
  1. മനപ്പൂര്‍വം അടിച്ചു മാറ്റി എന്ന് ഒരു നിമിഷം തോന്നിയെങ്കിലും അങ്ങിനെയായിരിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. അത് തന്നെയായിരുന്നു സത്യവും. ഫോണ്‍ എനിക്ക് തിരികെ കിട്ടി.അത് ഇതിലും വലിയൊരു കഥയാണ് മാഷേ...

   Delete
 2. അന്ന് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോഴേ ഒരെഴുത്ത് പ്രതീക്ഷിച്ചിരുന്നു..

  ഏതായാലും ഫോണും അടിച്ചോണ്ടയാൾ പോയി, എന്ന പിന്നെ അതിലൊരു കഥപറഞ്ഞു സങ്കടം തീർത്തേക്കാം അല്ലെ...

  ReplyDelete
 3. ആരെയും വിശ്വസിക്കാൻ പാടില്ലെന്ന് പറഞ്ഞയാളെ തന്നെ വിശ്വസിച്ചു അല്ലേ?

  ReplyDelete
  Replies
  1. വിശ്വാസം അതാണല്ലോ എല്ലാം. എല്ലാറ്റിനും ഒരു മറു വശം കൂടി ഉണ്ടല്ലോ. ഒരു നിമിഷത്തേക് ഞാന്‍ അയാളെ കള്ളനായി കണ്ടു എന്നത് സത്യം.

   Delete
 4. ശോ... എന്തൊക്കെ തരം മനുഷ്യരാണ്!

  ReplyDelete
 5. തരാൻ മറന്നു പോയതായിരിക്കും....

  ReplyDelete
  Replies
  1. അതായിരുന്നു സത്യം

   Delete
 6. കാലം ഏതായാലും ആദ്യമായ് കാണുന്നൊരാളെ അധികമായങ്ങു വിശ്വസിക്കരുതെന്നല്ലേ . മെസ്സേജ് മനോഹരം ഷാഹിദ്

  ReplyDelete
 7. അയാൾ അത് തിരിച്ച് തരാൻ മറന്നതായിരിക്കുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം...

  ReplyDelete
 8. വഞ്ചിക്കപ്പെട്ടവൻറെ അനുഭവം നന്നായിപ്പറഞ്ഞു. പക്ഷേ ആമുഖം എന്തിന് വേണ്ടിയായിരുന്നു എന്നൊരു അപൂർണ്ണത തോന്നി.

  ReplyDelete
 9. കബളിപ്പിക്കൽ ഏതെല്ലാം വഴികളിലൂടെ....
  വായിച്ചുവരുമ്പോൾ ഇങ്ങനെയൊരു എൻഡ് പ്രതീക്ഷിച്ചില്ല.

  ReplyDelete
 10. നന്നായിരിക്കുന്നു ഷാഹിദ്

  ReplyDelete
 11. പ്രിയ ഷാഹിദ്‌.

  അയാൾ മനപ്പൂർവം ആ ഫോൺ കൊണ്ടുപോയതാവാം എന്ന അർത്ഥം ഷാഹിദ്‌ കഥയിൽ കൽപിച്ചിട്ടില്ല.അതോ എനിയ്ക്കങ്ങനെ തോന്നിയതാണോ?

  ആമുഖമായി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ എല്ലാത്തിനും ഒരു മാറ്റം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  ഷാഹിദിന്റെ ശൈലി വളരെ മാറിയിരിക്കുന്നു..കീപ്‌ ഇറ്റ്‌ അപ്‌.!!!!

  ReplyDelete
 12. സെന്തിൽ മനപ്പൂർവം മൊബൈൽ എടുത്തുകൊണ്ടുപോയതാവില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ..നന്നായിരിക്കുന്നു.. ആശംസകൾ

  ReplyDelete
 13. പാവം മറന്നു പൊയ് അല്ലെ.. സാരമില്ല, ഇവിടെ ഞാന്‍ എ ടി എം പിന്‍ വരെ മറന്നു പോകുന്നു.

  ReplyDelete
 14. പുതിയ പോസ്റ്റിട്ടിട്ട്‌ അത്‌ ഡിലീറ്റ്‌ ചെയ്ത അമർഷം അറിയിക്കട്ടെ.

  !!!!!പുതുവത്സരാശംസകൾ!!!!!

  ReplyDelete