Thursday 22 December 2016 - 10 comments

കൈസാ ഭായ്.



വളരെ സാധാരണപെട്ട ഒരു പ്രഭാതമായിരുന്നു അത്. പതിവ് പോലെ അന്നും മൊബൈൽ ഫോണിലെ  കോഴി കൃത്യ സമയത്ത് തന്നെ വിളിച്ചുണർത്തി. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന തണുപ്പിനെ വക വെക്കാതെ ചാടി എണീറ്റ് കാര്യങ്ങളിലേക്ക് കടന്നു.

ഉറക്കത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപേ പല്ലു തേച്ചെന്നു വരുത്തി, കളസവും ഷർട്ടും ഓക്കേ ഇട്ട്, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സുന്ദരനാണെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. ജോലി സ്ഥലത്തേക്കുള്ള യാത്രയാണ്.നല്ല കാലാവസ്ഥ. ഇനി കുറച്ച് നാളത്തേക്ക് നല്ല തണവായിരിക്കും. സമയം ആറായെങ്കിലും  വെളിച്ചം വീണിട്ടില്ല.

അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ  ( സത്യായിട്ടും)  ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു കാറിൽ ആണ് യാത്ര ചെയ്തിരുന്നത്. സഹ പ്രവർത്തകർ എന്നതിലുപരി, അടുത്തടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുമായിരുന്നു ഞങ്ങൾ.

രാവിലെ 6 .30നു  സ്റ്റാർട്ട് ചെയ്യുന്ന ഞങ്ങളുടെ ശകടം ട്രാഫിക് ബ്ലോക്കും മറി കടന്നു ഓഫീസിൽ എത്തുമ്പോളേക്കും ഒരു 7.30 - 8.00 ആയിട്ടുണ്ടാകും. വളരെ അപൂർവമായി അതിലും നേരത്തെയും എത്താറുണ്ട്. അങ്ങിനെയുള്ള ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്.

സൂര്യൻ കിഴക്ക് പ്രത്യക്ഷപ്പെടുന്നതേയുള്ളു. പക്ഷെ നഗരം നേരത്തെ തന്നെ ഉറക്കമുണർന്നു. അന്നും ഷാർജ - ദുബായ് റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഹോണടിയില്ല. പക്ഷെ എല്ലാം നിരനിരയായി കിടക്കുന്നത് കാണാം. ചിട്ടയോടെ.  പല നിറത്തിലും, വലിപ്പത്തിലുമുള്ള വാഹനങ്ങൾ റോഡിലൂടെ തങ്ങി നിരങ്ങി നീങ്ങുന്നുണ്ട്.

നഗരത്തിലെ തിരക്കിലൂടെ ഞങ്ങളുടെ കാറും ഒഴുകുകയാണ്.

ഓഫീസിലേക്കുള്ള മണിക്കൂറോളം നീണ്ട ഡ്രൈവിങ്  എനിക്ക് എന്നും അരോചകമായിരുന്നു. മാറി മാറി കത്തുന്ന ട്രാഫിക് ലൈറ്റുകളും ..തിക്കും തിരക്കും . എല്ലാം പതിവ് കാഴ്ചകൾ. എന്നും കണ്ടു മുട്ടാറുള്ള പതിവ് മുഖങ്ങൾ.

അങ്ങിനെ ബോറടി മാറ്റാൻ റോഡിൽ അവൈലബിൾ ആയിട്ടുള്ള ഉരുപ്പടികളെയും  കണ്ടു വായും പൊളിച്ച് ഇരിക്കുമ്പോളാണ്, വഴിയരികിലെ ആ മുഖം ശ്രദ്ധയിൽ പെട്ടത്.

പാതയോരത്ത് കാത്ത് നിൽക്കുകയാണ്. കയ്യിൽ ന്യൂസ് പേപ്പറും, കപ്പലണ്ടി പൊതികളുമായ്. മെലിഞ്ഞു നീണ്ട മുഖത്ത് വിഷാദം തുളുമ്പി നിൽക്കുന്ന രണ്ടു വലിയ കണ്ണുകൾ.
ഒന്ന് കൂടി ഞാനാ മുഖത്തേക്കു നോക്കി.

ആ മുഖം കണ്ട ഉടനെ മനസ്സ് മന്ത്രിച്ചു " കൈസാ  ഭായ് " . അത് സത്യമായിരുന്നു.

എന്നെ കണ്ടതും  ഗൗരവമുള്ള ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. പതിവ് ശൈലിയിൽ " കൈസാ ഹേ ഭായ് " എന്ന് ചോദിച്ചു കാറിനു അടുത്തേക്കവൻ വന്നു.  അവനു എന്നെ മനസ്സിലാക്കാൻ , ആലോചിക്കാൻ പോലും സമയം എടുത്തില്ല എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

ആ തിരക്കിനിടയില്‍ അവന്റെ അടുത്ത് ചെന്ന് സംസാരിക്കുക എളുപ്പമായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ  എന്റെ ഫോണ്‍ നമ്പര്‍ എഴുതി അവനു  കൊടുത്തു. എപ്പോ വേണമെങ്കിലും വിളിക്കാം.

യാത്രാ മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പത്തു വർഷം പിന്നോട്ടുള്ള എന്റെ മെമ്മറി പേജുകൾ ഞാൻ മറിച്ചു നോക്കുകയായിരുന്നു.

" കൈസാ ഭായ് ". അവന്റെ യഥാർത്ഥ പേര് അതല്ല.  ആരെ,  എപ്പോ കണ്ടാലുമുള്ള സ്ഥിരം ചോദ്യമായ  " കൈസാ ഹേ ഭായ് സാബ് " കേട്ട് ഞാനവന്  അവനു ചാർത്തിക്കൊടുത്ത പേരാണത്.  ആ പേര് വിളിച്ച് വിളിച്ച് യഥാർത്ഥ പേര് ഞാൻ മറന്നു പോയിരിക്കുന്നു.

പൊളി ടെക്നിക് പഠനം കഴിഞ്ഞു, കാസർഗോഡ് സൈറ്റ് എഞ്ചിനീയർ ട്രെയിനി ആയി സേവനം അനുഷ്ഠിക്കുമ്പോളാണ് ഞാനവനെ ആദ്യമായി കാണുന്നത്. പണിക്കാരുടെ ഇടയിലെ ഒരു വ്യത്യസ്ത കഥാപാത്രം. ആദ്യം കാണുമ്പോളുള്ള രൂപം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.

വീതി കൂടിയ നെറ്റിത്തടം. ഉന്തി നില്‍കുന്ന പല്ലുകള്‍. കറുത്തിരുണ്ട നിറം. നെറ്റിയില്‍ പണ്ടെങ്ങോ ഉണങ്ങിയ മുറിവിന്‍റെ തിളങ്ങുന്ന പാട്. ഷര്‍ട്ട്‌ ചെറുതായി പിഞ്ഞി കീറിയിട്ടുണ്ട് അവന്റെ ജീവിതം പോലെ. രൂപം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ സ്വഭാവവും.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.

ഒരു ഉച്ച സമയം. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കമ്പനി വകയാണ്. എല്ലാവരും മെസ് ഹാളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭായ് മാത്രം എന്നും പാർസൽ വാങ്ങി പോകുന്നത് കാണാം. അടുത്ത ചില ദിവസങ്ങളായി ഞാനവനെ നിരീക്ഷിക്കുകയായിരുന്നു. എനിക്കപ്പോളും മനസ്സിലായില്ല. എന്തിനാണയാൾ പാർസൽ വാങ്ങി പോകുന്നത്? എങ്ങോട്ടാണവൻ പോകുന്നത്? ആകാംഷ അടക്കാൻ വയ്യാതൊരു  ദിനം ഞാനവനെ പിന്തുടർന്നു.

അന്ന് ഞാനൊരു വല്ലാത്ത കാഴ്ച കണ്ടു.

പാർസൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്നു വെച്ചിരിക്കുന്നു. അടുത്ത്, നടക്കാൻ കഴിയാത്തതൊരു വൃദ്ധൻ. അയാൾ കഴിക്കുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ഭായ്. ഞാൻ ഒരു നിമിഷം അങ്ങിനെ തന്നെ നിന്ന് പോയി. എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു. ദിനവുമീ വൃദ്ധനെ കാണാറുണ്ടെങ്കിലും ഇന്ന് വരെ ഒരു രൂപാ തുട്ടുപോലും കൊടുക്കാൻ എനിക്ക് തോന്നിയിട്ടില്ല.

എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ
.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.  

"പേട് ഭർനെ കേലിയെ  ഘാന ഖാനെ കാ സരൂരത്ത്  നഹി ഹേ ഭായ് സാബ്. ബൂക്ക്നേ വാലോം  കോ ഖിലായെ ഗാ തോ കാഫി ഹേ "
( വയറു നിറയാൻ ഭക്ഷണം കഴിക്കണമെന്നില്ല സാറേ. വിശന്നു വളഞ്ഞിരിക്കുന്നവനെ ഊട്ടിയാലും മതിയാകും. "

ഞാൻ ശരിക്കുമൊന്നു അമ്പരന്നു. എൻറെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു ഹെൽപ്പർ മാത്രമോ? അതോ ഒരു തത്വ ചിന്തകനോ? ഇതൊരു തുടക്കം മാത്രമായിരുന്നു. അവൻ പിന്നെയും പലതും കാണിച്ചു കൂട്ടി. ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു പ്രതിഭാസമായിരുന്നവൻ. ഓരോ തവണ കാണുമ്പോളും സംസാരിക്കുമ്പോളും എനിക്കാ മനുഷ്യനോടുള്ള മതിപ്പു കൂടി കൂടി വരികയായിരുന്നു.

ഓർമകളിൽ ഒരു ബ്രേക്ക് ഇട്ടു കൊണ്ട് മൊബൈലിൽ ഒരു കാൾ വന്നു. അതവനായിരുന്നു. കൈസാ ഭായ്.
" ആപ്പ് സെ ഏക് സരൂരി ബാത് കഹനെ  ഹേ. കബ് മിൽ സക്ത്തേ? ബൂൽനാ മത്ത്. "
( നിങ്ങളെ സൗകര്യം പോലെ ഒന്ന് കാണണം. എനിക്ക് നിങ്ങളോടു ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത് )

ഈ സംഭവം നടന്നിട്ടു മാസങ്ങൾ പലതു കഴിഞ്ഞു. ഇപ്പോളും ഞാൻ ആൾ കൂട്ടത്തിനിടയിലും അല്ലാതെയും തിരയുന്നത് അയാളുടെ മുഖം മാത്രമാണ്. എന്നാലും അയാൾ എങ്ങോട്ടു പോയി? ഇന്നും എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിക്കുവാൻ നിരവധി തവണ ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഫോൺ സ്വിച് ഓഫ്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

എന്തായിരിക്കും അവനു എന്നോട് പറയാനായി ഉണ്ടായിരുന്ന ആ പ്രധാന കാര്യം? എന്നൊരു ചോദ്യം മാത്രം ഉള്ളിൽ ബാക്കിയായി.
Friday 2 December 2016 - 30 comments

സജീവന്റെ പ്രണയാന്വേഷണ പരീക്ഷകൾ


സജീവൻ ഓടുകയാണ്. അതി വേഗത്തിൽ. ശ്വാസം നിലച്ചു പോകുമെന്ന് തോന്നുന്നുണ്ട്. എവിടെയെങ്കിലുമൊന്ന് ഇരിക്കണം.. ഒന്നണക്കണം ,, നെഞ്ച് ശ്വാസം കിട്ടാതെ പിടക്കുന്നു. എന്നാൽ അവനതിന് കഴിയുമായിരുന്നില്ല.

ഓട്ടം തുടരുകയാണ്. കൂടെയുണ്ടായിരുന്നവരെവിടെ?  കുറച്ചു മുൻപ് വരെ അവർ പിന്നിലുണ്ടായിരുന്നു.  ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ വളവു തിരിഞ്ഞവർ ഓടി വരുന്നത് വലതു കണ്ണിലൂടെ കണ്ടു. അവസാനത്തെ തുള്ളി ഊർജ്ജവും സംഭരിച്ചു സജീവൻ ഓട്ടം തുടർന്നു.

സംഗതി ഫ്‌ളാഷ് ബേക്കാ. ഫ്‌ളാഷ് ബാക് എന്ന് പറയുമ്പോ ബ്ലാക്ക് ആൻഡ് വൈറ്റ് വേണ്ടാട്ടാ.. സംഗതി കളറാണ് .

സംഭവം നടക്കുന്നത് തൊണ്ണൂറുകളിലെ ഒരു മഴക്കാലത്താണ്.

മൂക്കിന് താഴെ പൊടിമീശ വന്നു തുടങ്ങിയ കാലം. ഒത്തിരി ഇഷ്‌ട്ടപെട്ട ജീവിതമായിരുന്നു അന്നത്തെ നാളുകൾ. കൂട്ടുകാർ.. എന്തിനും കൂടെ നിൽക്കുന്നവർ .. കരയുമ്പോൾ കൂടെ കരയാനും, ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കരായ കൂട്ടുകാരും ഉണ്ടായിരുന്ന കാലം. ജീവിതത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളും ദിവസങ്ങളും അന്നായിരുന്നു.

ഞങ്ങൾ മൂന്നു പേരാണ് എപ്പോളും ഒരുമിച്ച് നടന്നിരുന്നത്. ഞാൻ..സജീവൻ..വിനീത്. ഇവരായിരുന്നു ആ മൂവർ സംഘം.

ശാലിനി..
ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ പ്രിയ കൂട്ടുകാരിയായിരുന്നു. അവൾ ഒരു സുന്ദരിയായിരുന്നു. ഓമനത്തം നിറഞ്ഞ മുഖം. സംസാരിക്കുമ്പോൾ മുഖത്തെ പ്രസന്ന ഭാവം. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ. പേരിനൊരു പൊട്ടും, ആർക്കോ വേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സ് ഒന്നുമില്ലാത്ത ഒരു ശാലീന സുന്ദരി. എപ്പോളും രണ്ടു തോഴിമാരുമായി നടന്നിരുന്ന ഒരു നാടൻ ഐശ്വര്യാ റായ്.

തനിക്കു പേരിട്ട അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുമുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു ശാലിനിയുടെ ചില സമയത്തുള്ള പെരുമാറ്റം.

 അവൾക്കറിയുമോ എന്നറിയില്ല, കഴിഞ്ഞ നാല് വർഷമായി സജീവൻ അവളെ അഗാധമായി പ്രണയിക്കുകയായിരുന്നു. ക്ലാസ്സിലേക് പോകുന്ന വഴിയിലും, വീട്ടിലേക്കു പോകുന്ന വഴിയിലുമെല്ലാം അവനുണ്ടായിരുന്നു എന്നും. മീൻ വണ്ടിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെപ്പോലെ..

അന്നൊരു തിങ്കളാഴ്ച ദിവസം....
മഴ മാറി, മാനം തെളിഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതൽ തിളക്കമുണ്ട് സൂര്യ രാജാവിന്. സജീവൻ പതിവ് പോലെ അവളുടെ വരവും കാത്തു നിൽക്കുകയായിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടു അവ ൾ എത്തി. വെള്ളയും നീലയും യൂണിഫോം ഇട്ടു പതുക്കെ പതുക്കെ കയറി വരുന്നുണ്ട്. ചുരുണ്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നു കളിക്കുന്നു. തോളത്ത് കറുത്ത നിറത്തിൽ ഒരു ബാഗുണ്ട്. ഭാരം കൊണ്ടാണെന്നു തോനുന്നു, ഇടയ്ക്കിടെ വലതു കയ്യിൽ നിന്നിടത്തോട്ടും, പിന്നെ മറിച്ചും മാറ്റുന്നുണ്ട്.
ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ കടന്നു പോയി.

" പ്രണയ മധുര തേൻ തുളുമ്പുന്ന സൂര്യകാന്തി പൂക്കളായ കണ്ണുകൾ "
ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ, സജീവനത് നേരിൽ കണ്ടു. ആശകൾക്കും ആഗ്രഹങ്ങൾക്കും ചിറകു മുളച്ചു. പ്രണയം അറിയിക്കാൻ പറ്റിയ സമയമിതാണെന്നു ഞങ്ങളുമവനെ ഉപദേശിച്ചു.

ഒരു നിമിഷത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടവൻ പറഞ്ഞു 
" എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കാനുള്ളതല്ല. ഗളരി പരമ്പര ദൈവങ്ങളാണേ, ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.

" റോസാപ്പൂവെന്നു വെച്ചാൽ അവള്‍ക്ക്ജീ വനാണ്. പ്രേം നസീറിന്റെ ചിരിയും ഫിറ്റ് ചെയ്തു, ഒരു റോസാപ്പൂവും കയ്യിൽ പിടിച്ചു, അവളോട് നീ കാര്യം പറയൂ."

ദൈര്യം പകർന്നു കൊണ്ട് വിനീതും അടുത്തെത്തി. സുബൈരിക്കയുടെ തോട്ടത്തിൽ നിന്നും റോസ് സംഘടിപ്പിക്കുന്ന കാര്യം വിനീത് ഏറ്റു.

എന്തിനും ഏതിനും ദൈര്യം വിനീതിന്റെ നാവിൻ തുമ്പത്താണ്. ആകാശം ഇടിഞ്ഞു വീണാലും, തട്ട് കേടു പറ്റാതെ നിൽക്കാനുള്ള സൊലൂഷനൊക്കെ അവന്റെ കൈവശം എപ്പോളും ഉണ്ടായിരുന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

പൂന്തോട്ടവും, ചുറ്റും മതിലുമുള്ളൊരു വീടായിരുന്നു അത്. അതി മനോഹരമായ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ  റോസാപ്പൂക്കളും, നാല്പതോളം ഓർക്കിഡുകളും , ജമന്തിയും മന്ദാരവും ഒക്കെ നിറഞ്ഞു സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. ' പൂക്കൾ പറിക്കരുത്  ' എന്നൊരു ബോർഡും സ്ഥാപിച്ചിരുന്നു.

ഞാൻ ചുറ്റും കണ്ണോടിച്ചു. സിറ്റ് ഔട്ടിൽ ആരെയും കാണുന്നില്ല. കണ്ണ് ചിമ്മുന്ന നിമിഷം. പിന്നിലാരോ പാഞ്ഞടുക്കുന്നത് പോലൊരു തോന്നൽ. പിന്തിരിഞ്ഞു നോക്കിയ ഞങ്ങൾ കുടുങ്ങിപ്പോയി.

തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്.
"ഗ്രർ.." എന്ന് ശുനാകൻ മുരളുന്ന ശബ്ദം.

തൊട്ടരികെ..കരുത്തനും, ഭീമാകാരനുമായ ഒരു ശുനക പുത്രൻ. കണ്ടാൽ കേമൻ. ഏതോ വിദേശ പിതാവിനുണ്ടായ സന്തതി. ചെമ്പു ചാര നിറത്തിലുള്ള സമൃദ്ധമായ രോമം. കുറുക്കന്റെത് പോലുള്ള മോന്തായം. കണ്ടാൽ ശൗര്യമൊക്കെ തോന്നും. പട്ടിയെ കണ്ടതും, എന്റെ മനസ്സിൽ പാറമേക്കാവ് വെടിക്കെട്ടിനു തീ കൊളുത്തിയ പോലെ വെടി ക്കെട്ടു തുടങ്ങി.

ഭയം എന്ന വികാരം ഇതായിരിക്കുമോ.?

" പട്ടി കടി കൊണ്ടവൻ. പുച്ഛത്തോടെയുള്ള ശാലിനിയുടെ നോട്ടം. പൊക്കിളിനു ചുറ്റും കുത്തേണ്ട 16 ഇഞ്ചക്ഷനും ഒരു മിന്നൽ പിണർ പോലെ മനസ്സിലൂടെ കടന്നു പോയി. ദൈവമേ...ഇന്ന് ആരെയാണ് കണി കണ്ടത്?.
ഞാൻ നായയുടെ നേരെ തിരിഞ്ഞു.
" പോടാ..പട്ടീ..എന്ന് പറഞ്ഞു. വളരെ ഉറക്കെ. മലയാളം മനസ്സിലാവാത്ത കാരണമായിരിക്കും, അതങ്ങിനെ പോകാൻ കൂട്ടാക്കുന്നില്ല.

സജീവനും വിനീതും നായയെ ദയനീയമായി നോക്കി കൊണ്ട് തൊഴുതു നിൽക്കുകയാണ്. ആ അപൂർവ്വ രംഗം, യുവജനോത്സവ വേദികളിലെ ടാബ്ലോ മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു.പട്ടിയുടെ നോട്ടം കണ്ടിട്ടൊരു പന്തികേട്. ഞങ്ങളുടെ നാല് കണ്ണുകൾ ഉടക്കി നിന്നു.
" യാരത്...യാരത്...? ഏതുക്കാകെ വന്നെൻ...?  "
എന്ന് നാഗവല്ലി സ്റ്റൈലിൽ " ബൗ..ബൗ.." എന്നൊരു ഗർജ്ജനം. പട്ടിയുടെ നോട്ടങ്ങൾക്കും ഇത്രയധികം അർത്ഥമുണ്ടെന്നു അപ്പോളാണ് മനസ്സിലായത്.

കല്ലെടുക്കാൻ കുനിഞ്ഞാൽ EYE CONTACT നഷ്ടപ്പെടും. ഞാൻ ശക്തമായി മുരളാനും പുസ്തകമെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

ടിക്.... ടിക്.. സെക്കന്റുകൾ കൊഴിയുന്നു. ഉദ്യോഗജനഗമായ നിമിഷങ്ങൾ. എല്ലാ മുഖങ്ങളിലും ആശങ്കയുടെ നിഴലാട്ടം. മൂക്കിൻ തുമ്പത്ത് ഉരുണ്ടു കൂടിയ വിയർപ്പു തുള്ളി താഴേക്ക് ചാടാൻ അനുവാദം കാത്ത് നിന്നു. എന്റെ കാലു രണ്ടും അനുസരണയില്ലാത്ത പോലെയാണ് പേടി കൊണ്ട് വിറക്കുന്നത്.

പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാനും അറിയാതെ തന്നെ ഓട്ട ത്തിനു ട്രാക്കിൽ വിസിൽ കേൾക്കാൻ നിൽക്കുന്ന പോസിലായി.
പട്ടിക്കുണ്ടോ നിയമവും കോടതിയും. അന്യനോരാൾക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാൻ പോലും അനുവാദം നൽകാത്ത..തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച് പുലർത്താത്ത ടൈഗർ മടിച്ചു നിന്നില്ല. ഒറ്റ ചാട്ടം. അവന്റെ ഒരു ലോങ്ങ് ജമ്പിനു കടി കിട്ടിയത് വിനീതിന്റെ മുണ്ടിന്റെ തുമ്പത്ത്. മുണ്ടു അതിന്റെ വഴിക്ക് പോയി.കടിക്കുന്ന പട്ടിയുടെ മുന്നിലുണ്ടോ നാണംസ്‌ & മാനംസ് ?

കൂടുതൽ ചിന്തിക്കാൻ നേരമില്ല.

 തോമസുട്ടിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഓടി. പിറകെ വിനീതും. പണ്ട് ആർക്കിമിഡീസ് ഓടിയ അതെ പാറ്റേണിൽ . ഒരു ചെറിയ വെത്യാസമെന്തെന്നു വെച്ചാൽ, ആർക്കിമിഡീസ് " യുറേക്കാ..യുറേക്കാ.." എന്നും, വിനീത് വിളിച്ചത്  " സുബൈറിക്കാ..സുബൈറിക്കാ ..." അത്ര മാത്രം. അത് വരെ റിലീസ് ആയ എല്ലാ തെറികളും വിളിച്ചു സജീവനും..ഹച്ചിലെ പരസ്യം പോലെ ശുനക പുത്രനും തൊട്ടു പിന്നാലെ തന്നെയുണ്ട്.

നായ എന്തോ ഒളിമ്പിക്സ് സ്വർണം നേടാനെന്ന ഭാവേനെ,  പിന്നാലെയുള്ള ഓട്ടം ഒന്ന് കൂടി മെച്ചപ്പെടുത്തി. ചെളി നിറഞ്ഞ പാതകളിൽ തെന്നിയും വീണുമുള്ള ഓട്ടത്തിന്റെ വേഗതയിൽ , ശാലിനിയുടെ അടുത്തെത്തിയത് വളരെ പെട്ടെന്നായിരുന്നു. നേരത്തെ ഞങ്ങളാണ് അവരെ നോക്കി ചിരിച്ചതെങ്കിൽ, ഇപ്പൊ സംഗതി നേരെ തിരിച്ചായി. അവരുടെ ചിരി പരിഹാസം കലർന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

ദൈവ ദൂതനെ പോലെയെത്തിയ സുബൈറിക്ക പട്ടിയെ പേര് വിളിച്ചതും, ശുനക രാജൻ ശാന്തൻ. സൽസ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞു വാവയായി. കുര രൂപാന്തരപ്പെട്ടു ഒരു ചെറു മോങ്ങലായി മാറുകയും, യാതൊന്നും സംഭവിക്കാത്ത പോലെ ഒരു മൂലയിൽ പോയി കിടന്നു.

ഉദ്യോഗ ജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓർത്തു മനസ്സിനെ പാകപ്പെടുത്തി സജീവൻ മനസ്സിലുറപ്പിച്ചു. എന്ത് തന്നെ വന്നാലും ഇനിയൊരവസരത്തിലേക് മാറ്റി വെക്കുന്ന പരിപാടിയില്ല

ശ്..ശ്..ടോക്..ടോക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു. അവൾ അടുത്ത് വന്നതും, സകല ധൈര്യവും ചോർന്നു പോകുന്നത് പോലെയായി. നാവു നിശ്ചലമാകുന്നു. അവളുടെ ചോദ്യ ഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ, " ഈശ്വരാ...മുട്ടിടി വാട്ടർ സപ്ലൈ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കൽപ്പിച്ചവൻ കയ്യിലുള്ള റോസ് അവളുടെ നേരെ നീട്ടി പറഞ്ഞു.
" എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്. 
നിനക്കെന്നെ ഇഷ്ട്ടമെങ്കിൽ ഇത് വാങ്ങൂ.."

പതിവ് ചിരിയിൽ നിന്നും വിഭിന്നമായി സജീവന്റെ കയ്യിലെ റോസാപ്പൂവും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്താളിച്ചെങ്കിലും അവളത് വാങ്ങി, പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനിൽ നടന്നു പോകുന്ന വാണി വിശ്വനാഥിനെ പോലെ അവൾ തിരിഞ്ഞു നടന്നു. 

ആധുനിക സിനിമയിലെ പുഷ്പ വൃഷ്ടിയും ..പാട്ടും നൃത്തവും ഒന്നും അകമ്പടിക്ക് ഉണ്ടായില്ലെന്ന് മാത്രം. കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്കിടെ അവളും പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളാ പോക്ക് പോയത് അവന്റെ ലതും കൊണ്ടായിരുന്നു. " ഹാർട്ട്"
Sunday 2 October 2016 - 16 comments

ജീവിത യാത്രയിലെ ചൂളം വിളികള്‍.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മനസ്സ് രാജീവ് ഗാന്ധി മരിച്ചതിന്റെ പിറ്റേന്നത്തെ ഓൾ ഇന്ത്യ റേഡിയോ പോലെയായിരുന്നു. ഫ്‌ളാറ്റിൽ മടുപ്പിക്കുന്ന നിശബ്ദത മാത്രം. സൂചി തറയിൽ വീണാൽ കേൾക്കാവുന്ന, നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു.

ഇവിടെയുള്ള വായുവിൽ പോലും നനുത്തൊരു താരാട്ടു പാട്ടിന്റെ ഈണമുണ്ടായിരുന്നു. സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു. ആ കാറ്റെവിടെ? താരാട്ടു പാട്ടുകളെവിടെ?

എത്ര വേഗമാണ് എല്ലാം അവസാനിച്ചത്.!!!!!

മിഴി മൂടിയ കണ്ണീർകണങ്ങൾക്കിടയിലൂടെ അയാളാ മുറി ആദ്യമായി കാണുന്നത് പോലെ നോക്കി.

കുഞ്ഞു വാവയുടെ കരച്ചിലും.. അവ്യക്ത ശബ്ദങ്ങളും..ഭാര്യയുടെ ഉപാദേശങ്ങളും ഫ്ലാറ്റിൽ ഇപ്പോൾ മുഴങ്ങുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ കല പില ശബ്ദമില്ല. ഒരു മാസം മുൻപ് ഇവിടം സ്വർഗമായിരുന്നു. ശബ്ദ മുഖരിതമായിരുന്നു. ഇപ്പോൾ ശ്മാശാന മൂകത. സന്തോഷം കളിയാടിയ ഈ വീട്ടിൽ എത്ര പെട്ടെന്നാണ് ദുഃഖത്തിന്റെ കരി വണ്ടുകൾ മൂളിപ്പറക്കാൻ തുടങ്ങിയത്? 

ജീവിതത്തിൽ നീ എന്ത് നേടി?.. എന്താണ് സംഭവിച്ചത്? എവിടെയാണ് നിനക്കു പിഴച്ചത്? .. ആർക്കാണ് പിഴച്ചത്?

ഒറ്റക്കിരുന്നു നൂറു നൂറു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടേണ്ട സമയമായിരിക്കുന്നു. മനസ്സിന്റെ കോടതിയിൽ ഒരു വിചാരണ നടക്കുകയാണ്. ബന്ധങ്ങളുടെ വിചാരണ.

തിരക്കുകൾ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ?
ചില ആത്മ സൗഹൃദങ്ങളെല്ലാം അകലുന്നുവോ?
സ്വന്തമെന്നു കരുതിയവരെല്ലാം അപരിചിതർ ആകുന്നോ?

ചിലപ്പോൾ വെറും തോന്നലുകൾ ആയിരിക്കാം. ചിലപ്പോൾ ഈ തോന്നലുകൾ എല്ലാം ശെരിയായിരിക്കാം. ജീവിതത്തിന്റെ വല്ലാത്തോരു ഘട്ടത്തിൽ കൂടി സാഞ്ചരിക്കുന്നത് പോലെ തോന്നി. എല്ലാവര്ക്കും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കുമോ? ആരെങ്കിലും ഒരാൾ ഒരാൾക്ക് വേണ്ടി തോൽക്കാറുണ്ടോ? തോറ്റു കൊടുക്കാറുണ്ടോ?

ഭ്രാന്തു പിടിച്ചവനെപ്പോലെ അവൻ കയ്യിലിരുന്ന കപ്പ് വലിച്ചെറിഞ്ഞു അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു. കൈകൾ പിറകിൽ പിണച്ചു വെച്ച് കൊണ്ട് അയാൾ മച്ചും നോക്കി കിടന്നു. കുറച്ചു നേരം അങ്ങിനെ കിടക്കുമ്പോൾ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിന്റെ ചലനത്തിന് അനുസൃതണമായി കണ്ണുകൾ കറങ്ങുന്നത് പോലെ തോന്നി.

മനസ്സിൽ ഒരു കടലിരമ്പുകയാണ്. ആർത്തലച്ചെത്തുന്ന തിരമാലകൾ മനസ്സിന്റെ മൃദുല തീരങ്ങളിൽ കൊലവിളി നടത്തുകയാണ്.

എസി യുടെ തണുപ്പിനോ ഫാനിന്റെ കാറ്റിനോ മനസ്സിലെ അഗ്നി ശമിപ്പിക്കാനായില്ല. ചുവരിലെ ഘടികാരം 11 മണിയായെന്നറിയിച്ചു. ഓരോ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സിൽ പതിയുന്നു. വിശപ്പ് വല്ലാതെ അവനെ അസ്വസ്ഥനാക്കുന്നുണ്ട്. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല.

അടുക്കളയിലേക്ക് ഒന്ന് നോക്കി. വെറുതെ..
അവനറിയാം ഇനിയുള്ള നാളുകളിൽ ഉണ്ടാക്കി തരുവാൻ ആരുമില്ല കൂടെ. ആ വലിയ വീടിന്റെ ചുമരുകൾക്കു പിന്നിൽ എവിടെയോ ദീർഘ നിശ്വാസങ്ങൾ വീണുടഞ്ഞു.

പുറം കാഴ്ചകളിൽ പിന്നോട്ട് അകലുന്ന ദൃശ്യങ്ങൾ പോലെ ചിന്തകൾ തന്നെ വിട്ടു പോയെങ്കിലെന്നു അയാൾ ആഗ്രഹിച്ചെങ്കിലും , ഒന്നിന് പിറകെ മറ്റൊന്നായി കൂടുതൽ ചിന്തകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു.

നാലഞ്ചു വര്ഷം ഒന്നിച്ചു താമസിച്ച വാടക ഫ്ലാറ്റിൽ നാളെ പുതിയ താമസക്കാർ എത്തുകയാണ്. കണ്ണ് തുടച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി .

മുന്നോട്ടു നടക്കവേ കാലിലെന്തോ  തട്ടി. നോക്കിയപ്പോൾ മകളുടെ കാറാണ്. ആ കാറിലായിരുന്നു അവളുടെ ജീവൻ. അത് ഞാനെങ്ങനെ ഉപേക്ഷിക്കും ? അത് കുപ്പയിൽ തള്ളാൻ മനസ്സ് വന്നില്ല. അവരുടെ സാനിദ്ധ്യം അനുഭവപ്പെടുവാൻ എനിക്കത് ധാരാളം. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു..കണ്ണ് നീർ തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി . എൻറെ മകൾ ഇപ്പോൾ എന്റെ കൂടെയില്ല.

തന്റെ കുഞ് .. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടി തടഞ്ഞു.

കണ്ണീരിൽ കുതിർന്ന കവിളുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നു പോയവന്റെ വേദനയോടെ അയാൾ മുട്ട് കുത്തി.

ഒന്ന് പൊട്ടിക്കരയണം  ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ചു ..എല്ലാം മറന്നു ഒരു കുഞ്ഞിനെ പ്പോലെ ഒന്ന് പൊട്ടിക്കരയണം . തടഞ്ഞു വെച്ചിരുന്ന നോവെല്ലാം  കണ്ണുനീരായി കവിൾ നനച്ചൊഴുകി. ഒരച്ഛന്റെ വാത്സല്യ ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു.

പൊടുന്നനെയുണ്ടായ ഉൾവിളിയെന്നപോലെ അയാൾ ചാടി എണീറ്റു.
ഇല്ല... താൻ കരഞ്ഞു കൂടാ..തളർന്നു പോകാൻ തനിക്ക് അവകാശമില്ല.

മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഞാൻ കാറിന്റെ ഡിക്കിയിൽ വെച്ചു. യാത്ര പറഞ്ഞു ഫ്‌ളാറ്റിന്റെ പടികളിറങ്ങുമ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു.

" പപ്പാ..."

മകളുടെ പതിവ് വിളി. കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച് അവൾ വാതിലിനു പിറകിൽ നിൽക്കുന്നത് പോലെ..

ഇല്ല. എനിക്ക് തോന്നിയതാണ്. ഞാനിപ്പോൾ ഏകനാണ്. എന്നും ഞാൻ തനിച്ചായിരുന്നു എന്റെ യാത്രകളിൽ. ഇനിയും ഞാൻ തനിച്ചാണ് എന്റെ യാത്രയിൽ. എങ്കിലും വെറുതെ ഒരു നിമിഷത്തേക് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 

" ഒന്ന് തിരികെ നടന്നു കൂടെ? "
ഷാഹിദ്.
പെരിഞ്ഞനം.
Saturday 10 September 2016 - 35 comments

മസില്‍ സിമ്പിളാണ് പവര്‍ഫുള്ളും.



ഒരു കാലമുണ്ടായിരുന്നു..

എത്ര വലിച്ചു വാരി കഴിച്ചാലും, ഡോബർമാൻ പട്ടിയുടെ വയറു പോലെ..അകത്തോട്ടു മാത്രം വീർക്കുന്ന വയറുമായി നടന്നിരുന്ന ഒരു കാലം.ഇപ്പോളും വലിയ വ്യത്യാസമൊന്നുമില്ല . അന്ന് മുതലേ ഉള്ള ആഗ്രഹമായിരുന്നു, ഒരു " ജിമ്മൻ " അഥവാ " കട്ട "ആവുകയെന്നത്.

എന്നാലും എന്നെ പോലൊരു കുഴി മടിയൻ ഇത്തരം സ്വപ്നങ്ങളൊക്കെ കുഴിച്ചു മൂടി കളയലായിരുന്നു പതിവ്.

ഇന്ന്....

സൽമാൻ ഖാന്റെ  " സുൽത്താൻ " കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ജിം സ്വപ്‌നങ്ങൾ വീണ്ടും നാമ്പെടുത്ത് തുടങ്ങി. ഖാൻറെ മസിലുകൾ വികസിച്ചും..ചെറുതായും വരുന്നത് കാണുമ്പോൾ അസൂയ തോനുന്നു. എന്റെ കൈ വെറുതെ പിടിച്ചു നോക്കി.കരച്ചിൽ വരുന്നു.

ങാ..എനിക്കും ഒരു സമയം വരും.

മനസ്സിൽ ആഗ്രഹം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ രാജാവിന്റെ മോൻ പറഞ്ഞിരിക്കുന്നത്.
ഉടനെ വിളിച്ചു സജീവനെ.
( സജീവനെ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക )

" ജിമ്മിന് പോയി മസിൽ വരുത്താൻ ആരെ കൊണ്ടും പറ്റും. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ കുടവയർ  വെച്ച് കാണീര് . അതല്ലേ ഹീറോയിസം? "

കുളിക്കുക..പല്ലു തേക്കുക..എന്നീ കാര്യങ്ങൾക്കൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും റെഡി പറയാറുള്ള സജീവൻ ഈ കാര്യത്തിലെന്നെ നിരാശനാക്കി കളഞ്ഞു.

എന്തായാലും മസിലിൻറെ കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ..ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പിറ്റേ ദിവസം തന്നെ പോയി ജിമ്മിലേക്കു വേണ്ട കുപ്പായോം ഷൂസുമൊക്കെ വാങ്ങിച്ചു. എല്ലാം കൂട്ടി ഒരു ബാഗിനകത്ത് കുത്തി നിറച്ച് ജിമ്മിലേക്ക് വിട്ടു.

അകത്ത് നിന്നും ഉയരുന്ന ആക്രോശങ്ങൾ ആസ്വദിച്ചു കൊണ്ട് വലതു കാൽ വെച്ച് ജിമ്മിലേക് പ്രവേശിച്ചു. നല്ല കിടിലൻ പാട്ട് ഉച്ചത്തിൽ വെച്ചിരിക്കുന്നു. കുറെ "കട്ട" മനുഷ്യന്മാർ ഫുൾ വ്യായാമിക്കുന്നു. ഞാൻ, മെലിഞ്ഞുണങ്ങിയ സ്വന്തം കയ്യിലേക്കും വീർക്കാണ് വെമ്പുന്ന ഉണ്ണി വയറിലേക്കും നോക്കി ഒന്ന് ദീർഘ നിശ്വാസം വിട്ടു.

ആദ്യമായി ദുബായിൽ വന്നിട്ട് ഡാൻസ് ബാറിൽ കയറുന്ന ഒരു മലബാരിയെ പോലെ ഞാൻ ജിമ്മിലെ കാഴ്ചകൾ കണ്ടു വായും പൊളിച്ച് നോക്കി നിന്നു.

കുറച്ചു നേരത്തെ കാത്ത് നിൽപ്പ്, ആജാനുബാഹുവായ ഒരു മനുഷ്യന്റെ   "ന്താണ് ഭായ് .. " എന്ന ചോദ്യത്തിൽ അവസാനിച്ചു.

ആറടിയോളം പൊക്കം...അതിനൊത്ത വണ്ണം...
കയ്യിലെ മസിൽ കാണിക്കാൻ പാകത്തിലുള്ള ടി ഷർട്ട്...
മസിൽ ഇപ്പൊ പുറത്ത് ചാടും എന്നുള്ള മട്ടിൽ നിൽക്കുകയാണ്.

ഹമ്മറിനും ലാൻഡ് ക്രൂയ്‌സറിനും ഇടക്ക് പാർക്ക് ചെയ്ത ടൊയോട്ട യാരിസ് നെ പോലെ ഞാൻ അന്തം വിട്ടു നിന്നു 

                          ജിമ്മനാകണമെന്ന ആഗ്രഹം പറഞ്ഞതോടെ പുള്ളിക്കാരൻ ഒന്ന് ഞെട്ടിയോ എന്നൊരു സംശയം. സോമാലിയയിലെ അർണോൾഡ് ആയ എന്നെയും ചുവരിൽ പതിച്ചിരുന്നു അർണോൾഡിന്റെ ഫോട്ടോയിലും അയാൾ മാറി മാറി നോക്കുന്നു.

ഫീസ് കിട്ടുന്ന കാര്യമായത് കൊണ്ടാകണം അങ്ങേരു സമ്മതിച്ചു.

കയ്യിലുണ്ടായിരുന്ന കാർഡിൽ നിന്നും, വേണ്ടത്ര ക്യാഷ് വലിച്ചൂറ്റി..എന്നെ ഔദ്യോദികമായി അവിടത്തെ മെമ്പർ ആക്കി.
" എന്നാ തുടങ്ങല്ലേ...? "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ..ഞാൻ ഓടിച്ചെന്നു ഡംബല്സ് എടുത്തു.

 " സ്റ്റോപ്പ്.!!!!!!!!!!!!!!! "

അതൊരു അലർച്ചയായിരുന്നു. നഴ്‌സറി പിള്ളേരുടെ പിറകെ ചൂരലുമായി ഓടി വരുന്ന ടീച്ചറെ പ്പോലെ, ജിം മാസ്റ്റർ ഓടി വന്നു ഡംബൽസ് പിടിച്ചു വാങ്ങി.

 " പോയി വാം അപ്പ് ചെയ്യെടാ.. "

എന്നിട്ട് കയ്യും കാലുമൊക്കെ കൊണ്ട് ഈച്ച..കൊതുക്..തുടങ്ങിയ ക്ഷുദ്ര ജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷൻസ് കാണിച്ച് തന്നു.

ഭയങ്കര എളുപ്പം.
ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളക്കുകയുമൊക്കെ ചെയ്ത മതി.ഞാൻ ചട..പടാന്നു കമ്പ്ലീറ്റ് ചെയ്തു എല്ലാവരെയും അഹങ്കാരത്തോടെ ഒന്ന് നോക്കി.

അടുത്തത് പുഷ് അപ്പ് .
അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി.പത്ത് ആയപ്പോൾ കയ്യിലൊക്കെ ചെറിയ വേദന. നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും.. പിന്നെ ജഗതി ശ്രീകുമാർ സ്വന്തമായി കണ്ടു പിടിച്ച ആ രണ്ടു സ്‌പെഷൽ രസങ്ങളും നിമിഷ നേരത്തിൽ മുഖത്ത് മിന്നി മറഞ്ഞു.

പതിനഞ്ചു ആയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. ഇനി പൊങ്ങണമെങ്കിൽ ക്രൈൻ വിളിച്ചോണ്ട് വരേണ്ടി വരുമെന്ന്. ഞാൻ കുറച്ച് നേരം ആ പൊസിഷനിൽ തന്നെ തറയിൽ കിടന്നു.മനസ്സ് കൊണ്ട് ആഗ്രഹിച്ചെങ്കിലും എന്തോ എഴുന്നേൽക്കാൻ പറ്റിയില്ല.
" താനെന്താ ..കിടന്നു ഉറങ്ങുകയാണോ ? "
മാസ്റ്റർ വന്നു തട്ടി വിളിച്ചപ്പോളാണ് സ്ഥല കാലബോധം ഉണ്ടായത്.

" അല്ലടാ..ഞാൻ ഈ ഫ്ലോറിൽ വൈറ്റ് മാർബിൾ ആണോ ബ്ലാക്ക് ടൈൽസ് ആണോ എന്ന് നോക്കുകയായിരുന്നു " എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും, ഞാൻ ഒന്നും മിണ്ടിയില്ല.  സത്യായിട്ടും...

അവിടെ നിന്നും പിടിച്ചു വലിച്ചോണ്ടു  ഒരു ഉപകരണത്തിന്റെ മുന്നിൽ കൊണ്ട് പോയി.

ട്രെഡ് മിൽ.
പതുക്കെ..പതുക്കെ..നടന്നു കുറച്ചു കഴിഞ്ഞപ്പോ ഒരു അഹങ്കാരം.അടുത്ത് നിന്നവനോട് സ്പീഡ് അൽപ്പം കൂട്ടി തരുവാൻ പറഞ്ഞു. നടത്തം പിന്നെ ചെറിയ ഓട്ടമായി. അവിടം കൊണ്ടും തീർന്നില്ല. അവസാനം പിറകെ പട്ടി ഓടിക്കാൻ വരുന്നത് പോലെ നാലു കാലും പറിച്ചോടാൻ തുടങ്ങി.

" മഹാ..പാപീ...നിന്റെ ഒരൊറ്റ ഉറപ്പിലാടാ ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞത്.ഞാൻ കരച്ചിലിന്റെ വക്കോളമെത്തി .ഭാഗ്യത്തിന് സ്പീഡ് കുറക്കാനുള്ള ബട്ടണിൽ പിടി കിട്ടിയത് കൊണ്ട് വീഴാതെ രക്ഷപെട്ടു.

എ സി യുടെ 18 ഡിഗ്രി തണുപ്പിലും ഞാൻ കിടന്നു വിയർത്തു കുളികുകയായിരുന്നു. അണച്ചും.. കിതച്ചും.. ഞാൻ അടുത്ത് കണ്ട കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോളേക്കും മാസ്റ്റർ എത്തി.

" ദേ..ആ കമ്പിയിൽ പിടിച്ചു തൂങ്ങിക്കേ .."

അനുസരിക്കാതെ നിവൃത്തിയില്ല. ഒറ്റ ചാട്ടത്തിനു കമ്പിയിൽ പിടിച്ചു തൂങ്ങി. ഞാൻ സർവ ശക്തിയുമെടുത്ത് പൊങ്ങാൻ ശ്രമിച്ചു. ഒരു 3cm പൊങ്ങി.വീണ്ടും ശ്രമിച്ചു. രക്ഷയില്ല..

" കമോൺ മാൻ. യു കാൻ ഡു ഇറ്റ്.. " 
മാസ്റ്റർ വിളിച്ചു പറയുന്നുണ്ട്.

ഞാൻ വീണ്ടും ശ്രമിച്ചു നോക്കി. പറ്റുന്നില്ല.  എല്ലുകൾ നുറുങ്ങുന്നു.. ഞരമ്പുകൾ പിണയുന്നു... കണ്ണുകൾ നിറയുന്നു. എന്നിട്ടും അഭിമാനത്തെ വിട്ടു കളഞ്ഞില്ല. സർവ ശക്തതിയുമെടുത്ത് ഉയർന്നു.ഉയരാൻ ശ്രമിച്ചു. പകുതിയായപ്പോൾ ചാക്കരി തൂക്കിയിട്ട പോലെ ദേ..പോകുന്നു പിന്നിലേക്ക്.

" ധിം" എന്ന ഒറ്റ ശബ്ദത്തിൽ ഒതുക്കാമായിരുന്ന ആ സംഭവത്തെ അടുത്തുണ്ടായിരുന്ന ടേബിൾ ഫാൻ നിലത്ത് കിടന്നു ഉരുണ്ടു പിരണ്ട്‌..അകെ ബഹളമയമാക്കി .
എല്ലാവരും ഞെട്ടിത്തിരിഞ്ഞു എന്നെ നോക്കി.
അതിനിടയിൽ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാത്ത രീതിയിൽ സ്പർശിച്ചു. മറുപടിയായി ഉയർന്ന പച്ച മലയാളം ശീലുകൾ ഏത് കവിതയിലെയാണെന്നു ഞാൻ നോക്കിയില്ല.

തലക്കുള്ളിൽ കുഞ്ഞു..കുഞ്ഞു..പൂത്തിരികൾ കത്തുന്ന പോലെ ഒരു ഫീലിംഗ്.കണ്ണിൽ ഇരുട്ട് കയറിയത് പോലെ..

മുഖത്ത് അതി ശക്തമായ് വെള്ളം വന്നു പതിച്ചപ്പോളാണ് വളരെ അപൂർവമായി മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചു വന്നത്.

യെസ്..ഇപ്പോൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ കാണാം.ഏതോ കോമഡി സീൻ ആസ്വദിച്ച മട്ടിൽ ചുറ്റും നിറയെ ആളുകൾ.കോറസ് ആയി പല തരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികൾ.സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാൻ അവിടെ കണ്ടില്ല.

അര മണിക്കൂർ കൊണ്ട് ഞാൻ നോർമൽ ആയി. അപ്പോളേക്കും അത് വരെ ബോഡിയിൽ ഇല്ലാതിരുന്ന ചില " മസിൽസ് " അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു.ചെറുതായി ഒന്ന് അനങ്ങിയാൽ പോലും അതുങ്ങൾ സിഗ്നൽ തരുന്നു. സിഗ്നലുകൾ പല വഴിക്കു സഞ്ചരിച്ച് അവസാനം "ഹമ്മേ..ഹാവൂ... " എന്ന ശബ്ദങ്ങളായി അപ്പോളും പുറത്ത് വരുന്നുണ്ടായിരുന്നു.

Saturday 27 August 2016 - 28 comments

മുഖം മൂടികള്‍.


പടിഞ്ഞാറന്‍ മാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യന്‍. മന്ദഹസിക്കുന്ന മുഖമായിരുന്നു അന്ന് സൂര്യന്. തെളിഞ്ഞ ആകാശം. അരികിലുള്ള പള്ളികളില്‍  നിന്നും ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും ഉച്ച ഭാഷിണികളിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു.

റോള പാര്‍ക്കിലെ കോൺക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവ് പോലെ ഈവനിംഗ് വോക്കിനു ഇറങ്ങിയതാണ്. ഇന്ന് പക്ഷെ വേറൊരു ഉദ്ദേശം കൂടിയുണ്ട്.

ഒരു മുഖം മൂടി വാങ്ങണം.

" എന്താണ് ഭായ് പറ്റിയത്? ഇത്തവണ നിങ്ങൾ നാട്ടിൽ നിന്ന് വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നു.മുഖത്തെ ആ പഴയ പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്. വല്ല അസുഖവുമാണോ? ആകെ ഒരു ടെൻഷൻ പോലെ. "

മനസ്സ് അപ്പോളും സലാമിക്കയുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.

സത്യത്തിൽ, അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധം ഒന്നുമില്ല. വല്ലപ്പോളും കാണുമ്പോൾ പറയുന്ന ഒരു  " അസ്സലാമു അലൈക്കും " അതിൽ ഒതുങ്ങുന്നു ഞങ്ങളുടെ അടുപ്പം.

പക്ഷെ, സലാമിക്ക അത് മനസ്സിലാക്കിയിരിക്കുന്നു. 
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതെത്ര യാഥാർഥ്യം.

" ടെൻഷൻ അടിച്ചു ആരോഗ്യം നശിപ്പിക്കരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ തിരിച്ചറിയും. എല്ലാം ശെരിയാവും ഭായ്."

ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും, കേൾക്കുമ്പോളൊക്കെയും പ്രത്യാശ നൽകുന്ന വാചകം.
" എല്ലാം ശെരിയാകും "

മനസ്സിൽ പുതിയ വെളിച്ചം. തിരിച്ചറിവ് നൽകിയ തിരിച്ചു വരവ്, ജീവിക്കണം...ജീവിക്കും...എല്ലാം നേരിടും. എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ.

മുഖം മൂടി വിൽക്കുന്ന കടയിൽ അസാധാരണമാം വിധം തിരക്കായിരുന്നു അന്ന്.

കരയുന്ന മുഖത്തിനായ് പിച്ചക്കാരനും...ജനസേവകന്റെ മുഖത്തിനായി അറിയപ്പെടുന്ന റൗഡിയും..തിരക്ക് കൂട്ടുന്നു. ശബ്ദം കേട്ട് നോക്കുമ്പോൾ ആ മൂലയിൽ അതിലേറെ തിരക്കാണ്. കാമുകിമാരുടേതിനും ..കാമുകന്മാരുടേതിനും നല്ല ആവശ്യക്കാരുണ്ട്.

ഞാനും ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല,

ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു മനസ്സിലെ ഭ്രാന്തൻ ചിന്തകൾക്ക് മേലെ ആത്മ വിശ്വാസത്തിന്റെ മുഖം മൂടിയെടുത്ത് ഞാനണിഞ്ഞു. കരയുന്ന മുഖം കാണരുതെന്ന് കരുതി ചിരിക്കാൻ കരുതിയ കോമാളി മുഖം പക്ഷെ പലപ്പോളും ചിരിക്കാതിരിക്കുന്നു.

ഇനിയൊരു പക്ഷെ വിൽപ്പനക്കാരൻ അണിഞ്ഞിരുന്നതും മുഖം മൂടിയായിരുന്നുവോ??????
Tuesday 3 May 2016 - 36 comments

റാസൽ ഖൈമയിലെ ആ വലിയ വീട്.

 മാസങ്ങൾക്ക് മുൻപ്, ദുബായ് നഗരം

തിരക്കാർന്ന ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനമായിരുന്നു അന്നും.ഓഫീസിന്റെ വിശാലമായ മുറ്റത്തു കയറുമ്പോൾ കാണുന്നത്,പല കൂട്ടങ്ങളായി നിന്ന് സംസാരിക്കുന്ന ജീവനക്കാരെയാണ്. എല്ലാവരും ഘോര..ഘോരം..കണ്ഠക്ഷോഭം നടത്തുകയാണ്.ഏറെ ആകാംക്ഷയോടെയാണ് ഞാൻ അവരുടെ അടുത്തേക്ക് ചെന്നത്.

                  സത്യത്തിൽ ഈ പ്രേത..ഭൂത..പിശാചുകൾ ഉണ്ടോ???

ദുഷ്ട ശക്തികൾ..നല്ല ശക്തികൾ..അങ്ങിനെ?.ചെകുത്താൻ ഇല്ലെങ്കിൽ ദൈവത്തിനു നില നിൽപ്പുണ്ടോ?? ഗ്രാവിറ്റി..ആന്റിഗ്രാവിറ്റി...പോസിറ്റീവ് ചാർജ്..നെഗറ്റീവ് ചാർജ്..ചിന്തിച്ചു..ചിന്തിച്ചു തല പുകക്കുകയാണ് എല്ലാവരും.

മണ്ണാങ്കട്ട..ശ്യേ.. മോശം.ഇത്തരം ചിന്തകൾ തന്നെ മാറ്റിയെടുക്കണം. പ്രേതം.. ഭൂതം.. പിശാച്..എല്ലാം മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്ത മാത്രമാണെന്നും, അങ്ങിനെ ഒന്നില്ല എന്നും ഘോര ഘോരമായി ഞാനും വാദിച്ചു.

"ഇല്ലാത്ത പ്രേതത്തെ പേടിക്കുകയും വേണ്ടല്ലോ? പ്രേതത്തിനെ പേടിയില്ലാത്തവന്റെ ചങ്കുറപ്പൊന്നു അളന്നു നോക്കാനായി നിനക്ക് റാസൽ ഖൈമയിലെ ഖോസ്‌റ് വില്ലേജിൽ ഒറ്റക്ക് ഒരു മണിക്കൂർ spent ചെയ്യാൻ പറ്റുമോ?

                                                           ((((((((((  ഠിം...  )))))))))))
രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവന കേട്ട പ്രതാപനെ പോലെയായി എന്റെ അവസ്ഥ. മൊത്തതിലൊരു ബ്ലിങ്കസ്സ്യ ലുക്ക്.മുഖത്ത് വലിയൊരു ക്വസ്റ്റൈൻ മാർക്ക്.

അത്..പിന്നെ...ഈ കാര്യത്തിൽ...ഞാനിപ്പോ...ആ..എനിക്ക് വഴിയറിയില്ല. അന്തസ്സായി ഞാൻ ബ..ബ.ബ്ബ.. അടിച്ചു.

ആത്മാഭിമാനത്തിൽ തൊട്ടു കളിച്ചാൽ പിന്നെ വിടാൻ പറ്റോ? വഴിയറിയില്ലെ ങ്കിൽ ഞാൻ വരാം കൂടെ.

സജീവനാണ് അഭിപ്രായം മുന്നോട്ടു വെച്ചത്.

 ( സജീവനെ അറിയാത്തവർ ഇവിടെ ക്ലിക്കിയാൽ മതി )

എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.ഒന്നും മിണ്ടാതെ ഞാൻ സജീവനെ ഒന്ന് നോക്കി.അതും വളരെ ദയനീയമായി."എടാ നാശം പിടിച്ചവനെ....നീ എന്തൊന്നാടാ പറഞ്ഞത്? എന്നായിരുന്നിരിക്കണം ആ നോട്ടത്തിന്റെ അർഥം.

         സജീവൻ ഒരു വാക്ക് പറഞ്ഞാൽ രജനികാന്തിനേക്കാളും കഷ്ടമാണ്.

പേടി എന്തെന്ന് അറിയാത്ത ഒരുവനായിരുന്നു സജീവ്.ദൈവത്തിൽ പോലും വിശ്വാസമില്ലാത്ത സജീവൻ സത്യത്തിൽ പിശാചിനെയും പേടി ഇല്ലായിരുന്നു. ഒരു പക്ഷെ,തന്നെക്കാൾ വലിയ ഏത് പിശാചിനെ ദൈവത്തിനു സൃഷ്ടിക്കാൻ കഴിയുമെന്ന സംശയമാവാം ഇങ്ങിനെയൊരു അവിശ്വാസത്തിന് പിന്നിൽ.
വർഷങ്ങളായി നശിച്ചു കാട് പിടിച്ചു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു സ്ഥലമായിരുന്നു ഗോസ്റ്റ് വില്ലേജ്. അതെ പറ്റി നാട്ടുകാർക്കിടയിൽ അത്ര നല്ലതല്ലാത്ത പല കഥകളും പ്രചരിച്ചിട്ടുണ്ടായിരുന്നു. മൊത്തത്തിൽ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അത് ധാരാളമായിരുന്നു. പകൽ സമയത്ത് പോലും അതിനടുത്ത് കൂടി പോവുമ്പോൾ അറിയാതെ അങ്ങോട്ടേക്കൊരു നോട്ടം ചെന്നാൽ മതി,എന്തെന്നറിയാത്ത ഒരു തരിപ്പ് തോന്നുമായിരുന്നു എന്നതാണ് സത്യം.സ്വദേശികൾ പോലും ആ വഴി വരാറില്ലത്രേ.

നാലഞ്ചു "സംസ്‌കൃത പദങ്ങൾ" മനസ്സാ ഉരുവിട്ട് സജീവന്റെ ധൈര്യത്തിൽ ഞാനാ വെല്ലുവിളി ഏറ്റെടുത്തു.

                                  തണുത്ത രാത്രിക്ക് ശേഷമുള്ള പ്രഭാതം.

ഗൾഫിൽ പൊതുവെ പ്രത്യക്ഷപ്പെടുന്ന പൊടിക്കാറ്റ് കാലത്ത് മുതലേ അന്തരീക്ഷത്തിൽ  കുമിഞ്ഞു കൂടിയിരിക്കുന്നു.സജീവന്റെ കൂടെ ഗോസ്റ് ഹൗസിൽ ഞാൻ സുരക്ഷിതനാണെന്ന അമിതമായ ആത്മ വിശ്വാസത്താൽ ഞങ്ങൾ യാത്രയായി.

                                 റാസൽ ഖൈമയിലെ ആ വലിയ വീട്ടിലേക്ക്.

സമയം വൈകുന്നേരം 5pm.
ഞങ്ങൾ പ്രവേശന കവാടത്തിൽ എത്തി.വിജനമായ സ്ഥലം. ശ്മശാന നിശബ്ദത എന്ന് പറഞ്ഞാൽ എങ്ങിനെയോ..അങ്ങിനെ തന്നെ.കാടും പടലും പിടിച്ചു ആകെ ഭയാനകമായ ഒരു ജീർണിത അവസ്ഥ. പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ..അവക്ക് ചുറ്റും തഴച്ച് വളരുന്ന കാട്ടു ചെടികൾക്കിടയിൽ നിന്നുള്ള നിഴലുകൾ ആരിലും ഭീതി ഉളവാക്കും.

പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.കാരണം,വില്ലെജ് കാണാനെത്തിയ ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്നു കേട്ട കഥകളെല്ലാം ലുങ്കി ന്യൂസ് മാത്രമായിരുന്നുവെന്നു മിനിട്ടുകൾക്കകം മനസ്സിലായി.ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചുറ്റും നടന്നു.

അങ്ങകലെ വെയിൽ പുറം തിരിഞ്ഞു നടക്കുന്നു.ഒരു സ്വപ്നം പോലെ സായാഹ്നം മങ്ങിത്തുടങ്ങി ദൂരെ സൂര്യൻ തന്റെ ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം തീർക്കാൻ കടലിലേക്കൊരു മുങ്ങികുളി പാസ്സാക്കാൻ പോവുകയായിരുന്നു. നേരത്തെ കണ്ടഎ ആൾകൂട്ടം തിരിച്ചു പോകാനൊരുങ്ങുന്നു. വെയിൽ കുറഞ്ഞെങ്കിലും ചൂട് കണത്തിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിക്കാറ്റിനുള്ള ലക്ഷണം കാണുന്നു.

                                           "സമയം കുറച്ചായി.നമുക്കിറങ്ങാം"

കയ്യിലിരുന്ന തൂവാല കൊണ്ട് മുഖത്തെ വിയർപ്പൊപ്പി സജീവൻ പറഞ്ഞു

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടി വണ്ടി സ്റ്റാർട്ട് ചെയ്തു.

                               ഒരു ചാട്ടം..രണ്ടു വിറയൽ..വണ്ടി ഓഫ് ആയി.

സിനിമയിൽ ആയിരുന്നെങ്കിൽ ഒരു ചെറിയ പശ്ചാത്തല സംഗീതത്തിന് സ്കോപ ഉണ്ടായിരുന്നു.പശ്ചാത്തല സംഗീതം ഇല്ലെങ്കിലും എന്റെ ചങ്കിടിപ്പിന്റെ ശബ്ദം നന്നായി കേൾക്കാമായിരുന്നു


മൊബൈലിൽ ടോർച്ച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി കാണിച്ച ആ നല്ലവനായ കണ്ടു പിടുത്തക്കാരനെ നമിച്ചു കൊണ്ട് ഞാൻ ബോണറ്റ് തുറന്നു നോക്കി. ഒന്നും അറിഞ്ഞിട്ടല്ല. വെറുതെ...വെറും വെറുതെ..

വണ്ടിക്കകത്തേക്കും ഇരുട്ട് കയറിത്തുടങ്ങി.എങ്ങും നിശബ്ദത.ചീവിടുകൾ ഒരേ സ്വരത്തിലും താളത്തിലും അങ്ങിങ്ങായി ശബ്ദം പുറപ്പെടുവിച്ചു കോണ്ടേയിരുന്നു

                                            എനിക്കെന്തോ അപകടം മണത്തു.

പറഞ്ഞു കേട്ട കഥകളിലെ ഏകദേശ ലക്ഷണങ്ങൾ എല്ലാം കണ്ടു തുടങ്ങി. മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു.മനസ്സിൽ ഓരോരോ ചിന്തകൾ ഉയർന്നു വരുന്നു. ഇവിടേക്കുള്ള വഴി ചോദി ച്ചപ്പോൾ , മുകളിലേക്ക് കൈയുയർത്തി അല്ലാഹുവിനെ വിളിച്ച് കൊണ്ട് തന്റെ നെറുകയിൽ തൊട്ടു പ്രാർത്ഥന ചൊല്ലിയ ആ പാക്കിസ്ഥാൻകാരന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി.
പടച്ചോനെ... കേട്ടതോന്നും സത്യമാവല്ലേ..ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

                                             എന്ത് കൊണ്ടാണ് ഇങ്ങിനെയൊക്കെ?

ആലോചിക്കുമ്പോൾ തന്നെ സൂചി മുനകൾ തറച്ചു കയറുന്നത് പോലെയുള്ള അവസ്ഥ. പരാകായ പ്രവേശം...അമാവാസി...ഡ്രാക്കുള..വായിച്ചതിനു ശേഷം ഒരു പക്ഷെ ഞാൻ ഏറ്റവും പേടിക്കാൻ പോകുന്ന നിമിഷങ്ങളാകും വരാൻ പോകുന്നത്. അങ്ങ് ദൂരെ എവിടെയോ ഒരു നായയുടെ ഒരിയിടൽ കേൾക്കുന്നു. പൊടുന്നനെ വീശിയ കാറ്റിൽ, കരിയിലകൾ പാറി പറന്നു അവിടെമാകെ താളം കെട്ടിയ നിശബ്ദതയെ കീറി മുറിച്ചു. ചുറ്റും എന്തോ ഭീകരമായ അന്തരീക്ഷം.

                                  പിന്നെ എനിക്ക് ഞെട്ടാനെ നേരമുണ്ടായിരുന്നുള്ളൂ.

അത് വരെ ഈച്ചയെയും തെളിച്ചു കിടന്നിരുന്ന ഒരു ചാവാലി പട്ടി, എണീറ്റ് നിന്ന് അഗ്നി പറക്കുന്ന കണ്ണുകളിലൂടെ ഞങ്ങളെ രണ്ടു പേരെയുമൊന്നു മാറി മാറി നോക്കി.എന്നിട്ട് പതുക്കെ ഇടതു കാലുയർത്തി വീണ്ടും ചെവി ചൊറിയാൻ തുടങ്ങി.

അത് വരെ എന്റെ പരിഭ്രമത്തെ കളിയാക്കി കൊണ്ടിരുന്ന സജീവൻ മുമ്പേങ്കും കാണാത്ത വിധം പരിഭ്രമിക്കാൻ തുടങ്ങി. എന്റെ തൊണ്ട വറ്റി വരണ്ടു.ഭയം കാരണം ഞാനൊന്നു വിറച്ചു.ഒരു വിധത്തിൽ ഞാൻ തൊട്ടു മുന്നിൽ നിന്നിരുന്ന സജീവനെ തോണ്ടി വിളിച്ചു 

                                                    "ഡാ..ഇനിയെന്തു ചെയ്യും" 

എന്ന് ചോദിച്ചതും പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ സജീവൻ തിരിഞ്ഞു നോക്കാതെ, "ഓടിക്കോടാ" എന്ന് പറഞ്ഞു ഓട്ടം തുടങ്ങി.ഓട്ടം തുടങ്ങുമ്പോൾ ഏറ്റവും പുറകിൽ ആയിരുന്നെങ്കിലും, ഏറ്റവും ആദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലലോ?.

പൊളിഞ്ഞു വീഴാറായ ഒരു പള്ളിയുടെ അകത്തളത്തിലാണ് ഞങ്ങൾ ചെന്നെത്തിയത്. ചുറ്റും കൂരിരുട്ട്..എങ്ങും നിശബ്ദത..നായയുടെ ഒരിയിടൽ അടുത്ത് വരുന്നത് പോലെ
                                                                  പൊടുന്നനെ..

ആരോ ടോർച് അടിച്ചത് പോലെ, ഇരുളിന്റെ മറ കീറി ഒരു മിന്നൽ.
വല്ലാത്തതൊരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ.നമ്മുടെ നിയന്ത്രണത്തിനും അതീതമായി എന്തോ ഒരു ശക്തി കടന്നു വരുന്നത് പോലെ.യാഥാർഥ്യങ്ങൾ ഉള്കൊള്ളാനാവാതെ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ ചുറ്റും നോക്കി.വിറയ്ക്കുന്ന കാലുകളോടെ..പട പടാന്നു പിടിക്കുന്ന ഹൃദയവുമായി..ഒബാമയുടെ തലയെടുപ്പോടെ..ഞാൻ പുറത്തേക്ക് നടന്നു.അവ്യക്തമായി മാത്രമേ വഴി കാണുന്നുള്ളൂ.ഇരുളിൽ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ.

                                                          ഞെട്ടിപ്പോയി ഞാൻ..

മനസ്സിലൊരായിരം പൂത്തിരി കത്തി.കുപ്പായം മുഴുവൻ വിയർത്തൊഴുകി നനഞ്ഞിരിക്കുന്നു. ഉറക്കമില്ലാത്ത ചീവിടന്മാരുടെ കോറസ്സ്  ബാക്ഗ്രൗണ്ടിൽ തകർക്കുന്നുണ്ട്.പക്ഷെ ഞാൻ കേൾക്കുന്നത് ഹൃദയമിടിപ്പിന്റെ "ടക്.. ടക്.." ശബ്ദം മാത്രം.കാരണം ഇപ്പോൾ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്.ഇരുട്ട് കനക്കുകയാണ്. 

സമയം എത്രയായിക്കാണുമെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥ.

പുറത്തേക്ക് ഓടാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരോ പിടിച്ചു വലിച്ചു.
കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു.ആ കലങ്ങി മറിച്ചിലിനിടയിൽ ദൂരെ ഒരു പറ്റം ചിരികൾ പ്രതിധ്വനിക്കുന്നത് പോലെ.ആ ചിരികൾക്കിടയിൽ ഇങ്ങിനെയും കേൾക്കുന്നത് പോലെ...
"ഹാപ്പി ബർത്ത് ഡേ ടു യൂ... ഹാപ്പി ബർത്ത് ഡേ ടു യൂ...ഷാഹിദ്.."

                                          വികാരം വിവേകാത്തിന് വഴി മാറി.

"എടാ പട്ടികളെ..+&$_=+$\=×_+##?&$$@|"  ചില സമയങ്ങളിൽ മാത്രം എന്റെ വായിൽ വരുന്ന ഒരു പ്രത്യേക തരം പുളിച്ച തെറിയുണ്ട്.അത് ആ റൂമിന്റെ ചുവരുകൾക്കുള്ളിൽ അപ്പോളും തട്ടി തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

Monday 11 January 2016 - 48 comments

പൂത്തുലഞ്ഞ സൗഹൃദം


" സൌഹൃദം ഒരു പിച്ചള പാത്രം പോലെയാണ്.ഇടക്കിടക്ക് മിനുക്കി കൊണ്ടിരുന്നില്ലെങ്കിൽ മറവിയുടെ ക്ലാവ് പിടിച്ച്‌ നിറം മങ്ങി അതിൻറെ ഭംഗി നഷ്ട്ടപ്പെടും. "

" നാം സ്നേഹം കാണിക്കാതിരുന്നാൽ നമ്മെ സ്നേഹിക്കുന്നവരും അകന്നു പോകും.അത് ലോക നടപ്പ്.പിന്നീട് ആ സ്നേഹം തിരികെ കിട്ടാൻ നമ്മൾ ആഗ്രഹിക്കും.അപ്പോൾ കിട്ടിയെന്നും വരില്ല. "

മേൽ സൂചിപ്പിച്ച വരികൾ പറഞ്ഞത് മഹാത്മാ ഗാന്ധിയോ,സ്വാമി വിവേകാനന്ദനോ, അതോ എ.പി.ജെ. അബ്ദുൽ കലാമോ അല്ല. ഇടക്കിടക്ക് ഇത് പോലുള്ള വചനങ്ങൾ പറഞ്ഞു എന്നെ ഞെട്ടിക്കുന്ന എൻറെ സ്വന്തം സോൾ മേറ്റ്‌ പറഞ്ഞതാണ് ഈ വാക്കുകൾ.

അവിടെയാണ് കഥയുടെ തുടക്കം.

പതിവിലും നേരത്തെ ജോലി കഴിഞ്ഞു റൂമിലെത്തിയ ഒരു ശുഭ സാഹ് യ് മു് ..സാ:യാനാമു.അല്ലെങ്കിൽ വേണ്ട ഒരു വൈകുന്നേരം ( അത് മതി ) നല്ല ക്ഷീണമുണ്ട്‌.ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും.നേരെ അടുക്കളയിലോട്ടു വിട്ടു.ഇന്നലത്തേത് പോലെ ചായയിൽ പച്ച വെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ചായ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ്,ഫോണിൽ ഒരു " വിസിലടി " ശബ്ദം കേട്ടത്.

" കൃത്യം അഞ്ചു വർഷങ്ങൾക്ക് മുൻപാണ്‌ ആ പണി കിട്ടിയത്.നാട്ടിലുള്ള പെണ്‍കുട്ടികളുടെ പ്രാർഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കഷ്ട്ട കാലം കൊണ്ടാണോ  ആവോ? അഞ്ചു വർഷം മുൻപാണ്‌ ഞാൻ അവളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്."
നാളെ ഞങ്ങളുടെ അഞ്ചാം വിവാഹ വാര്ഷികം.

സുഹൃത്തിന്റെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് നോട്ടിഫികേഷൻ വന്ന ശബ്ദമായിരുന്നു നേരത്തെ കേട്ട "ബീപ്" ശബ്ദം.ഇപ്പോൾ സ്വാഭാവികമായും നിങ്ങൾ ആലോചിക്കുന്നുണ്ടാകും"ഏതവനാടാ ഈ സുഹൃത്ത്‌?ഫോർ ദി ടൈം ബീയിംഗ് നമുക്കവനെ സജീവൻ എന്ന് വിളിക്കാം.

സുന്ദരൻ..ലോല ഹൃദയൻ...നിഷ്കളങ്കൻ..നിർ മലൻ...കരിക്കിൻ വെള്ളം പോലെ ശുദ്ധൻ..(ഇതിൽ കൂടുതൽ നുണ പറയാൻ എനിക്കാവില്ല ).
ഗ്ലാമർ കുറവാണെന്ന് പറഞ്ഞപ്പോൾ,ഹീറോ ഹോണ്ട ഗ്ലാമർ വാങ്ങി സജീവന് ഗ്ലാമർ ഉണ്ടെന്നു മാറ്റി പറയിച്ചവൻ സജീവൻ...
മഞ്ഞ ഷർട്ട്‌ ഇട്ടാൽ ഒടുക്കത്തെ ഗ്ലാമറാണെന്ന് ആരോ കളിയാക്കി പറഞ്ഞപ്പോൾ സത്യമാണെന്ന് വിശ്വസിച്ചു,ഡെയിലി മഞ്ഞ ഷർട്ട്‌ ഇട്ടു നടന്നവൻ സജീവൻ ...
15 വർഷമായി സിംഗിൾ സോൾ ഡബിൾ ബോഡീസ് എന്നാ പോലെ കഴിഞ്ഞിരുന്ന എന്റെ ആത്മ മിത്രം സജീവ്‌...
ഒരു പഴമേ കിട്ടിയുള്ളൂ എങ്കിലും " പഴമെനിക്ക്..തൊലി നിനക്ക് " എന്ന രീതിയിൽ പങ്കു വെക്കുന്ന അത്ര ഒരുമയുള്ള സുഹൃത്ത്.
പ്രായത്തിൽ കവിഞ്ഞ പക്വതയാണോ അതോ പക്വതയിൽ കവിഞ്ഞ പ്രായമാണോ എന്നറിയില്ല,മേൽ പറഞ്ഞ രണ്ടു സാധനങ്ങളും ഇഷട്ടന് വേണ്ടുവോളമുണ്ട്.
ഈ വാർഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

അവർ പുതിയൊരു സ്ഥലത്തേക് മാറി പോവുകയാണ്.അത് കൊണ്ട് തന്നെ പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.എന്തെങ്കിലും ഒന്ന് പോര.സംഗതി വെറൈറ്റി ആയിരിക്കണം.

എന്തിനാ ഒരു ഗിഫ്റ്റ് എന്ന് ചോദിച്ചാൽ ഒന്നിനും അല്ല.ചുമ്മാ.കണ്ടാൽ ഒന്ന് ഞെട്ടണം.സന്തോഷം തോന്നണം.പിന്നെ സൌഹൃദം പൂത്തുലഞ്ഞ് ഒരു സംഭവം ആകണം.ഇങ്ങിനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ.

വേണ്ടപ്പെട്ടവർക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോളും പ്രയാസാമേറിയ കാര്യമാണ്.എന്ത് നൽകിയാലാണ് മതിയാവുക?ആദ്യമേ പ്ലാൻ ചെയ്തിട്ട് വേണം ഗിഫ്റ്റ് വാങ്ങാൻ.
എൻറെ പ്രിയ സുഹൃത്തേ..എന്താണ് ഞാനിപ്പോൾ തരിക?

അങ്ങിനെ മസ്തിഷ്കവുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുമ്പോൾ പപ്പടം ചുടൽ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്തു ഭാര്യയും സഹായത്തിനെത്തി.

"അവർക്ക് ഏറ്റവും ഇഷ്ട്ടപെട്ട..അല്ലെങ്കിൽ വാങ്ങണം എന്ന് പ്ലാൻ ഉള്ള സാധനം തന്നെ സമ്മാനമായി നല്കണം.അത് മനസ്സിലാക്കി സമ്മാനം തിരഞ്ഞെടുത്താൽ അതായിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗിഫ്റ്റ്"

കുറച്ച് സമയത്തെ കുലങ്കുഷമായ ചിന്തകൾക്ക് ശേഷം തല മണ്ടയിൽ മിന്നി കത്തിയ ഐഡിയ ഭാര്യ ഷെയർ ചെയ്തു.

" അതിനിപ്പോ 20 സെൻറ് സ്ഥലവും വീടും വാങ്ങി കൊടുക്കാനുള്ള ഗോൾഡ്‌ താൻ തരുമോ?

ചോദ്യം അവൾക്കത്ര ഡൈജസ്റ്റ് ആയില്ലെന്ന് തോനുന്നു.

"എൻറെ അടുത്തൂന്ന് മാറി പൊയ്ക്കോ..അല്ലെങ്കിൽ ചവിട്ടി തേമ്പിക്കളയും എന്നർത്ഥത്തിൽ..സ്വതവേ ഉരുണ്ട കണ്ണുകൾ,കണ്ണെടുത്ത്‌ അകതെക്കിട്രാ എന്ന് പറയിപ്പിക്കുന്ന രീതിയിൽ തുറിച്ചൊരു നോട്ടം.അവളുടെ നോട്ടത്തിന് അവളുടെ കയ്യിലിരുന്ന പപ്പടം കുത്തുന്ന കമ്പിയെക്കൾ മൂർച്ചയുണ്ടായിരുന്നു.ഏങ്കോണിച്ച മുഖത്തോടെ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ എ സി ഓഫ് ചെയ്തു.കോപത്തിൻറെ ഊക്കിൽ സ്വിച്ച് പറിഞ്ഞു പോയില്ല എന്നേ ഉള്ളൂ.

അതോടെ ഒരു കാര്യം മനസ്സിലായി.

ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു നാഗവല്ലി ഉറങ്ങിക്കിടപ്പുണ്ട്.അതെപ്പോ ഉണരുമെന്നോ,ഉണർന്നാൽ എന്തൊക്കെ ചെയ്യുമെന്നോ പ്രവചിക്കാനാവില്ല.

എന്തായാലും റിസ്ക്‌ എടുക്കണ്ട.ചായ ഞാൻ തന്നെ ഉണ്ടാകുന്നതാണ് ബുദ്ധി.

എന്നാലും എന്ത് ഗിഫ്റ്റ് വാങ്ങണം?ഇനി ADVICE ചോദിക്കാൻ ഭാര്യയുടെ അടുത്ത് പോയിട്ട് കാര്യമില്ല.

ചിന്തകൾ കാട് കയറി.ചിന്തകളുടെ വേലിയേറ്റം അസഹ്യമായപ്പോളാണ് ,ജമ്പനും തുമ്പനും കഥയിലെ തുമ്പന്റെ തലയിൽ ബൾബ്‌ കത്തുന്നത് പോലെ എൻറെ മനസ്സിലൂടെ ഒരു ചിന്ത ഇങ്ങിനെ സൈറണ്‍ മുഴക്കി പാഞ്ഞു പോയത്.

"ഓണ്‍ലൈൻ സുഹൃത്തുക്കളോട് സജ്ജഷൻ ചോദിച്ചാലോ?" 

മുഖപുസ്തകം പൊതുവേ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു.എങ്കിലും കുറച്ച് പച്ചലൈറ്റുകൾ കത്തിക്കിടക്കുന്നുണ്ട്.എല്ലാവരോടും  ഗിഫ്റ്റ് ഐഡിയ സജ്ജസ്റ്റ് ചെയ്യാൻ അഭ്യർത്ഥിച്ചു മെസ്സേജ് അയച്ചു."ബ്ലും" എന്ന ശബ്ദത്തോടെ തുറന്നു വരുന്ന ആ ചാറ്റ് ബോക്സും കാത്ത് ഞാനിരുന്നു.

പ്രതീക്ഷ തെറ്റിയില്ല.

ഞാൻ പ്രതീക്ഷിച്ച ഐഡിയിൽ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.

നിഷ.അതായിരുന്നു അവളുടെ പേര്.സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ ശ്രദ്ധിക്കാറുള്ള ഒരു പ്രൊഫൈൽ.ഒരിക്കൽ ഇങ്ങോട്ട് മെയിൽ അയക്കുകയായിരുന്നു.

"ഇക്കയുടെ എഴുത്തുകളും ടിപ്പുകളും എനിക്ക് വളരെ ഇഷ്ട്ടമാണ്.മുടക്കം കൂടാതെ വായിക്കാറും ഉണ്ട്.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു."

എൻറെ  എഴുത്തുകൾ ചവറാണെന്ന്  പറഞ്ഞു കളിയാക്കുന്ന ഭാര്യയോടു അൽപ്പം അഭിമാനത്തോടെ ഇപ്പോഴും ആ മെയിൽ കാണിച്ചു വായടപ്പിക്കാറുണ്ടായിരുന്നു.

അന്ന് തുടങ്ങിയ തൂലിക സൗഹൃദം 2 മാസം മുൻപ് വരെ തുടർന്നു.

നിഷയുടെ ഗിഫ്റ്റ് ഐഡിയ എനിക്കും വളരെ നന്നായി തോന്നി.കാരണം അതൊരു ഐഡിയ അല്ല.ഒന്നൊന്നര ഐഡിയ തന്നെ.അത് പ്രാവർത്തികമാക്കുക തന്നെ.

നിഷയുടെ തിരക്കഥ ഞാൻ മനസ്സിലൊന്നു ഡയറക്ഷൻ ചെയ്തു നോക്കി.


അടുത്തുള്ള മാളിൽ പോകുന്നു....
കപ്പിൾ വാച്ച് വാങ്ങുന്നു...
സുഹൃത്തിന്റെ വീട്ടില് പോകുന്നു.
തക്കം നോക്കി സമ്മാനം കട്ടിലിനടിയിൽ ഒളിപ്പിക്കുന്നു.
പിറ്റേ ദിവസം ഫോണിൽ വിളിക്കുന്നു.
ഒളിപ്പിച്ചു വെച്ച ഗിഫ്റ്റ് തുറക്കാൻ പറയുന്നു..
സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു...
അത്ഭുതം കൊണ്ട് കണ്ണുകൾ തള്ളുന്നു..
ഞാൻ " അതെ ഐ മീൻ ഇറ്റ്‌" എന്നാ ഭാവത്തോടെ പുഞ്ചിരിക്കുന്നു.
എൻറെ പുഞ്ചിരി അവൻ ഭാവനയിൽ കാണുന്നു.
സന്തോഷം...അവിടെയും...ഇവിടെയും.

ആഹാ ..എത്ര മനോഹരമായ പ്ലാനിംഗ്!!!!

കൊള്ളാം..കിടിലൻ ഐഡിയ.സൌഹൃദം പൂത്തുലയും.ഉറപ്പ് !!!!
അങ്ങിനെ എല്ലാ പഴുതുകളും അടച്ച വിദഗ്ദ്ധമായ പ്ലാനും തയ്യാറാക്കി ഞങ്ങൾ സുഹൃത്തിൻറെ വീട് ലക്ഷ്യമാക്കി യാത്രയായി.അർദ്ധ മനസ്സോടെ മടിച്ചു നിന്ന ഭാര്യയെ ഞാൻ ബലമായി സമ്മാനം ഒളിപ്പിക്കാനുള്ള ജോലി അവരോധിച്ചു കൊടുത്തു.

സജീവനും കുടുംബവും ടിവിയും കണ്ടു കൊണ്ട് സിറ്റിംഗ് റൂമിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.അവരെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.എന്താ പറയുക?ഞാൻ വേറെ ത്രില്ലിൽ ആയിരുന്നു.ഒരു ഡിറ്റക്റ്റീവിനെ പോലെ സമ്മാനം ഒളിപ്പിക്കാൻ പറ്റിയ സ്ഥലം തിരയുന്ന തിരക്കിൽ.ഗിഫ്റ്റ് ഒളിപ്പിക്കാം എന്ന് ഏറ്റ ഭാര്യയാവട്ടെ,ഞാൻ ഈ നാട്ടുകാരനേ അല്ല എന്നാ ഭാവത്തിൽ ചിക്കൻ ഫ്രൈയുടെ ലെഗ് പീസ്‌ കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

            ഇപ്പൊ ശെരിയാക്കിത്തരാം എന്നാ മട്ടിൽ ഞാൻ ഒന്ന് കൂടി ചുറ്റും കണ്ണോടിച്ചു.നിരാശയായിരുന്നു ഫലം.എന്റെ റഡാറിലും ഒന്നും പതിഞ്ഞില്ല. അഥവാ..കണ്ണെത്തുന്നിടത് കയ്യെത്തില്ല.കയ്യെത്തുന്നിടത് ഒളിപ്പിക്കാനും പറ്റില്ല.
നിമിഷങ്ങൾ 20-20 ക്രിക്കറ്റിലെ അവസാന ഓവർ എന്ന പോലെ സ്ലോ മോഷനിൽ നീങ്ങി കൊണ്ടിരിക്കുന്നു.എ.ആർ.റഹ്മാൻ സംഗീതം പോലെ നേർത്ത ശ്രുതിയിൽ നിന്നും തുടങ്ങി ആകെ ഉലയ്ക്കുന്ന ബീറ്റുകളിൽ എത്തി നിൽക്കുന്ന പ്രതീക്ഷകൾ.

ഇനിയെന്ത് ചെയ്യും എന്ന് ഗാഡമായി ആലോചിച്ചു കൊണ്ടിരിക്കമ്പോലാണ്,അവനത് പറഞ്ഞത്. " കുറച്ച് നേരം കിടന്നോളൂ.."
ഒരു പിടി വള്ളി കിട്ടിയ ആശ്വാസത്തോടെ ഞാൻ.

രോഗി ഇച്ചിച്ചതും..വൈദ്യൻ കൽപ്പിച്ചതും ...യേത് ??

നിശബ്ധത തളം കെട്ടി നിൽക്കുന്ന മുറി.അകത്ത് ഡാർക്ക് സീൻ ആണ്.ദെയർ ഈസ്‌ നോട്ട് മച്ച് വെളിച്ചം.ഉള്ള വെളിച്ചത്തിൽ അഡ്ജസ്റ്റ് ചെയ്തു,ഒരു സംശയത്തിനും ഇട കൊടുക്കാതെ തഴക്കവും പഴക്കവും വന്ന കള്ളനെ പോലെ ആ കാര്യം നല്ല ഭംഗിയായി നിർവഹിച്ചു.

" ഓപ്പറേഷൻ ഗിഫ്റ്റ് ഒലിപ്പിക്കൽ "നല്ല രീതിയിൽ കമ്പ്ലീറ്റ്‌ ആക്കിയ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു പോകാനിരിക്കുമ്പോലാണ് ,ഞങ്ങളുടെ കണക്കു കൂട്ടലുകളെ തകിടം മറിച്ച് കൊണ്ട് സജീവൻറെ അപ്രതീക്ഷിത ചോദ്യം.

"ഗിഫ്റ്റ് കട്ടിലിനടിയിൽ ഒളിപ്പിക്കാൻ മരന്നിട്ടില്ലലോ?" 

ലാ..ലാ..ലാ ല ലാ..എന്നാ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോട് കൂടി രണ്ടു വെടി പൊട്ടി.ടാറിൽ വീണ ഇയാം പാറ്റ കണക്കെ ഞാൻ സ്റ്റക് ആയിപ്പോയി.ബോധം മറയുന്നു.ഹൃദയത്തിൽ മന്ത്രിമാർ മരിക്കുമ്പോൾ ആകാശവാണിയിൽ ഇടുന്ന ട്യൂൺ.

എന്റെയുള്ളിൽ ഞാനും നാട്ടുകാരും ചേർന്ന് ചങ്ങലക്കിട്ടിരുന്ന സൽമാൻഖാൻ ഞെട്ടിയെണീറ്റ് മസിൽ പിടിച്ചു.

കണ്ണ് ചുവക്കണ്...പല്ല് കടിക്കണ്...മുഷ്ട്ടി ചുരുട്ട്ണ്...ആകെ വിയർക്കണ്
 മാറിയ മുസിക്കോടെ സൌഹൃദം പൂത്തുലയുന്നതിനു മുന്പേ വാതിൽ അടച്ചു സജീവൻ രക്ഷപെട്ടു.