അടുത്തിടെ അലമാര അടുക്കി പെറുക്കി വെക്കുന്നതിനിടയില്‍ ഒരു ഡയറി കിട്ടി. എന്നെ പോലെ എന്തെങ്കിലുമൊക്കെ ഡയറിയില്‍ കുത്തികുറിക്കുന്നത് അവള്‍ക്കും ഒരു ശീലമായിരുന്നു.മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ലെങ്കില്‍ തന്നെയും എന്തോ അവളുടെ ഡയറി ഞാന്‍ വായിക്കാന്‍ തീരുമാനിച്ചു.
" പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാത്ത ഒരു വിഷമം
മനസ്സിനെ ബാധിച്ചിട്ട് ഇതാ ഇന്നേക്ക് ഒരു മാസം തികയുന്നു. നോക്കെത്താ
ദൂരത്തേക് ഒരു യാത്ര പോയി തിരിച്ചു സ്വന്തം കൂട്ടിലേക്ക് വന്നിട്ടും
പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു നൊമ്പരം മനസ്സില്‍ ബാക്കി നില്‍ക്കുന്നു. കഴിഞ്ഞ ഒരു
മാസമായി ഞാന്‍ അനുഭവിക്കുന്ന വേദന ഞാന്‍ ആരോട് പറയും? ഒരു മാസമായി ഞാന്‍ അനുഭവിക്കുന്ന മാനസിക അവസ്ഥ..അഹിംസയും പറഞ്ഞു
നടക്കുന്ന ഭര്‍ത്താവിന്ടെ മുന്നില്‍ എങ്ങിനെ അവതരിപ്പിക്കും?...
രണ്ടു പേജില്‍ നിറയെയുള്ള
ഡയറികുറിപ്പ് മുഴുവന്‍ ഞാന്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.
കണ്ണില്‍ ഇരുട്ട് കയറിയ പോലെ.
എന്ത് ചെയ്യണമെന്നറിയാതെ.....
എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ .....
പകച്ചു നിന്ന നിമിഷങ്ങള്‍.
ഒഴിവു സമയങ്ങളില്‍ തമാശ
പറയാനും..ചിരിക്കാനും..വീട്ടു വിശേഷങ്ങളും..നാട്ടു വഴക്കുകളും ഒക്കെ പറയാന്‍ അവള്‍
ശ്രദ്ധിച്ചിരുന്നു.എങ്കിലും അവളുടെയുള്ളില്‍ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘം
മറഞ്ഞിരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.
അവള്‍ എഴുതിയ വാക്കുകള്‍ മരമില്ലിലെ ഈര്‍ച്ച വാള്‍ പോലെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു
കൊണ്ടിരുന്നു.
ആരൊക്കെയോ നടന്നു വരുന്ന
ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. കട്ട പിടിച്ച ഇരുട്ടില്‍
കമ്പിയഴികളില്‍ മുഖമമര്‍ത്തി കുറേ നേരം നിന്നു. കുറേ അങ്ങോട്ടും ഇങ്ങോട്ടും
നടന്നു.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അവളുടെ കര സ്പര്‍ശനം ഞാന്‍
തിരിച്ചറിഞ്ഞു.തല പൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അത്രക് ഉണ്ടായിരുന്നു
എന്റെയുള്ളിലെ കുറ്റബോധം.
കൂടെ ഉണ്ടായിരുന്നിട്ടും
എന്ത് കൊണ്ട് ഞാന്‍ ഇത് മനസ്സിലാക്കിയില്ല?
എവിടെ?....എപ്പോള്‍?...എന്ന് മുതല്‍?... എന്നൊന്നും
ഞാന്‍ ചോദിക്കുന്നില്ല.എന്നാലും എന്തേ എന്നില്‍ നിന്നും നീ മറച്ചു വെച്ചു??/
സംസാരിക്കുമ്പോള്‍
ഉള്ളിന്ടെയുള്ളില്‍ ഞാന്‍ അനേഷിച്ചു..ആരോടാണ് എന്റെ പരാതി? എന്തിനു വേണ്ടി ????
ഒരു ഉള്‍വിളി ഉണ്ടായത് പോലെ
എന്റെ കൈകള്‍ അവളുടെ കൈകളില്‍ എടുത്തു വെച്ചു.നെഞ്ചില്‍ തട കെട്ടി തടഞ്ഞു
വെച്ചിരുന്ന ഒരു വിഷമ ക്കടല്‍ അണ പൊട്ടി ഒഴുകിയ പോലെ തോന്നിപ്പോയി.
" നീയോന്നറിയണം ഷാഹിദ്...
ഭൂമിയില്‍ നന്മയോടൊപ്പം
തിന്മയും വേണം.ഭൂമിയുടെ നില നില്‍പ്പിനു അത്യാവശ്യം.
ഇതിനു ഞാന്‍ തന്നെ പരിഹാരം
ഉണ്ടാക്കാം."
എല്ലാം തീരുമാനിച്ചു
ഉറപ്പിച്ച പോലെയായിരുന്നു അവളുടെ മറുപടി.
എന്റെ വായിലെ ഉമിനീര്‍
വറ്റിപ്പോയി...
എല്ലാം കൈ വിട്ടു പോകുന്ന
പോലെ...
"അരുത്......നമ്മുടെ മകളെ ഓര്‍ത്തെങ്കിലും
നീ മറ്റുള്ളവരുടെ വാക്ക് കേട്ടു അവിവേകം ഒന്നും കാട്ടരുത്."
സമയം രാത്രി പതിനൊന്നര.ഈ
പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍ ?സഹായത്തിനായി ഞാന്‍ ഗൂഗിള്‍
നോക്കി എന്താണ് ചെയ്യേണ്ടതെന്ന ഒരു രൂപ രേഖയുണ്ടാക്കി.
ചിന്തകള്‍ക്ക് ഭാരം
കൂടിയപ്പോള്‍ കണ്ണുകള്‍ അലസമായി ചുറ്റും ഓടി നടന്നു.എത്ര ശ്രമിച്ചിട്ടും എനിക്ക്
ഉറങ്ങാന്‍ കഴിഞ്ഞില്ല.പതിയെ മൊബൈല്‍ ഫോണ്‍ എടുത്തു സമയം നോക്കി.ഇന്ന് നേരം പുലരാന്‍
വല്ലാതെ മടി കാട്ടുന്നതായും സമയം ഒട്ടും നീങ്ങാത്ത പോലെയും തോന്നി.
നിമിഷങ്ങള്‍ മണിക്കൂറുകള്‍
പോലെ തോന്നി കൊണ്ടിരുന്ന ആ രാത്രി എങ്ങിനെയോ ഞാന്‍ കഴിച്ചു കൂട്ടി.
പിറ്റേ ദിവസം കൂടെ ജോലി
ചെയ്യുന്ന സുഹൃത്തുമായി ഈ കാര്യം ചര്‍ച്ച ചെയ്തപ്പോളാണ് ഒരു കാര്യം മനസ്സിലായത്.
എന്തെങ്കിലും പിഴവ്
പറ്റിയാല്‍ പുറം ലോകം കാണാന്‍ പറ്റിയെന്നു വരില്ല.അടുത്തിടെ പിടിക്കപ്പെട്ട ഒരു
മലയാളി ഹതഭാഗ്യന്ടെ കഥന കഥയും അവനില്‍ നിന്നും മനസ്സിലാക്കി.
മരവിച്ച മനസ്സ്..ജോലി
വിരസതയിലൂടെ നീങ്ങുന്നു.ഒരു വിധം സമയം പൊക്കി ഞാന്‍ ഓഫീസില്‍ നിന്നും പുറത്ത്
കടന്നു. അന്നും പതിവ് പോലെ
വീട്ടിലെത്തിയപ്പോള്‍ വൈകിയിരുന്നു.
വീട്ടിലെത്തിയപ്പോള്‍
റൂമില്‍ നിറയെ ആളുകള്‍..
അടുത്ത ഫ്ലാറ്റില്‍
ഉള്ളവരെല്ലാം ഉണ്ട്.
ആകെ അരക്ഷിതാവസ്ഥ.എങ്ങും
പരിഭ്രാന്തരായ മുഖങ്ങള്‍ ..എന്ത് ചെയ്യണമെന്നറിയാതെ തമ്മില്‍ നോക്കുന്നു.
എനിക്കെന്തോ പന്തികേട്
തോന്നി.ഞാന്‍ ചുറ്റും നോക്കി.അതി രൂക്ഷമായ എന്തോ ഒരു ദുര്‍ഗന്ധമാണ് അന്തരീക്ഷമാകെ.
അകത്തു നിന്നും ഒരു
നിലവിളി..ഞാന്‍ അകത്തേക് ഓടി ചെന്നു.
വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന
ഭാര്യ,,
കരച്ചിലിന്റെ വക്കോളം എത്തി
നില്‍ക്കുന്ന മകള്‍.
" പാറ്റക്ക് മരുന്ന് അടിച്ചാല്‍ അല്ലെ
കുഴപ്പമുള്ളൂ..? തല്ലി കൊന്നാല്‍ പോലിസ് പിടിക്കില്ലാലോ? വിയര്‍പ്പു വടിച്ചു
കൊണ്ടവള്‍ പറഞ്ഞു.
നന്നായി..
പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ മറുപടി നല്കി .
പക്ഷെ അപ്പോളും എന്റെ ചിന്ത ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ആ ജീവിതങ്ങളെക്കുറിച്ചായിരുന്നു