Monday 30 March 2015 - 29 comments

ഘര്‍ വാപ്പസി






" ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന...
തിരുമുറ്റത്തെത്തുവാന്‍ മോഹം..."

രാവിലെ എണീറ്റാല്‍ തുടങ്ങും ബാല്യത്തിലേക്ക് തിരിച്ചു പോകണമെന്ന ചിന്ത.
സംഭവം നാട്ടില്‍ പോയാല്‍ മാറാവുന്നതേ ഉള്ളൂ. 

" അബീ...നമുക്ക് നാട്ടിലൊന്നു പോയി വരാം. " 

" പടച്ചോനേ...നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ
ചോറും കറിയും അടുപ്പത്താ..ഡ്രസ്സുകള്‍ മുഴുവന്‍ മെഷീനിലും." 
((((((ഠിം ))))))

സ്വതസിദ്ധമായ രീതിയില്‍ നല്ലപാതി പ്രതികരിച്ചു..

രണ്ടു മാസത്തോളമായി പുതിയ കുറേ സ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ കാണുന്നു. എല്ലാം നാട്ടിലെ മാധുര്യമേറിയ ഓര്‍മ്മകള്‍.എന്നും കാണുന്നത് തന്നെയാണ്. എന്നാലും ഇപ്പൊ അതിനു ഒരു പ്രത്യേകതയുണ്ട്.ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്ക്  പോവുകയാണ്.മകളെ നാട് കാണിക്കാനുള്ള ആദ്യയാത്ര.ഞാന്‍ കണ്ടു തീരാത്ത എന്റെ നാട്ടിലേക്ക്....

              പ്രഭാതങ്ങളുടെ ശത്രുവായ അലാറം കേള്‍ക്കാതെ...അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും.....പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും...പള്ളിമണികളുടെ നിലക്കാത്ത മുഴക്കവും കേട്ടു അവള്‍ ഉണരട്ടെ...നമ്മുടെ നാട്ടിലെ കാക്കയേയും.. പൂച്ചയെയും.. തുമ്പിയും.. പൂമ്പാറ്റയെയും.. പശുവിനെയും...ആടിനെയും ഓക്കേ കാണട്ടെ.അക്കൂടെ എനിക്കും കാണാമല്ലോ കണ്ടു തീര്‍ന്നിട്ടില്ലാത്ത എന്റെ നാട്.

                 എല്ലാ തവണയും നാട്ടിലേക് പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്.ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ അവധിക്കാലവും വരുന്നത്.പെന്റിങ്ങില്‍ ഉള്ള എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാമെന്ന പ്രതീക്ഷ. എന്നാലോ? ഒന്നും ചെയ്യാതെ തെക്ക് വടക്ക് നടന്ന് തിരികെ പോരാനാവുമ്പോള്‍ സാമാന്യം മോശമല്ലാത്ത നിരാശയും.

ഇത്തവണയും ഉണ്ട് ഒരുപാട് മോഹങ്ങള്‍.

ഗര്‍ഭിണികളുടെയും പ്രവാസികളുടെയും മോഹങ്ങള്‍ കടല്‍ പോലെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യം.കൊതി പിടിപ്പിക്കുന്ന ചിന്തകളാണ് രണ്ടു കൂട്ടര്‍ക്കും.എന്ത് പറഞ്ഞാലും സാധിച്ചു തരുവാന്‍ ആളുള്ളതിനാല്‍ മോഹവും മൂക്കും.

  • ഉമ്മയുടെ സ്വന്തം കയ്യാല്‍ നിര്‍മിതമായ സോഫ്റ്റ്‌ ദോശ നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയില്‍ മുക്കി രുചിച്ച് ..നാക്കിലെ എരിവിനോപ്പം ഒരു ചുടു ചായ...((((ഹോ)))))
  •  തുഞ്ചന്‍ പറമ്പിലെ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത് നേരില്‍ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളെ ഒന്ന് നേരില്‍ കാണണം.
  •  പഠിപ്പിച്ച അധ്യാപകരെയും..സുഹൃത്തുക്കളെയും കണ്ടു മടങ്ങണം.
  •  പണ്ട് വര്‍ക്കിയ ഓഫിസിലെല്ലാം ഒന്ന് പോകണം
  • സുഹൃത്തുക്കളുമായി ഒരു മൂന്നാര്‍ ട്രിപ്പ്‌...
  • വീട്ടുകാരുമായി ഒരു ആലപ്പുഴ യാത്ര....
  • ക്ഷണിച്ചതും ക്ഷണിക്കാത്തതുമായ കല്യാണങ്ങളില്‍ പങ്കെടുത്ത്  രുചിഭേദങ്ങള്‍ തേടിയുള്ള  ഒരു തീര്‍ഥാടനം ...

അങ്ങിനെ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരുപാട് മോഹങ്ങളോടെ...ഒന്നര വര്‍ഷത്തിനു ശേഷം ഒരു വിരുന്നുകാരനെ പോലെ കയ്യില്‍ പെട്ടികളും സമ്മാന പൊതിയുമായി ഒന്ന് കൂടി സ്വന്തം നാട്ടിലേക് ഒരു യാത്ര.

മലേഷ്യന്‍ വിമാനം പോയത് പോലെ കടലില്‍ പോയില്ലെങ്കില്‍...ഏപ്രില്‍ 10 ന് എന്നെ ഞാനാക്കിയ എന്റെ നാട്ടിലേക് ഞാന്‍ ഒരിക്കല്‍ കൂടി വരുന്നു.

എന്റെ  കമ്പ്യൂട്ടര്‍ ടിപ്സ്  പരീക്ഷിച്ചു പ്രതികരണം കമെന്റ് വഴി പോരാ..കൈ വെച്ച് തന്നെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇതൊരു ചാന്‍സ് ആയി കാണരുതെന്ന അപേക്ഷയോടെ....

നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍.
ഷാഹിദ്.ഇബ്രാഹിം.കെ 
(ഒപ്പ്...)