Monday 11 January 2016 - 48 comments

പൂത്തുലഞ്ഞ സൗഹൃദം


" സൌഹൃദം ഒരു പിച്ചള പാത്രം പോലെയാണ്.ഇടക്കിടക്ക് മിനുക്കി കൊണ്ടിരുന്നില്ലെങ്കിൽ മറവിയുടെ ക്ലാവ് പിടിച്ച്‌ നിറം മങ്ങി അതിൻറെ ഭംഗി നഷ്ട്ടപ്പെടും. "

" നാം സ്നേഹം കാണിക്കാതിരുന്നാൽ നമ്മെ സ്നേഹിക്കുന്നവരും അകന്നു പോകും.അത് ലോക നടപ്പ്.പിന്നീട് ആ സ്നേഹം തിരികെ കിട്ടാൻ നമ്മൾ ആഗ്രഹിക്കും.അപ്പോൾ കിട്ടിയെന്നും വരില്ല. "

മേൽ സൂചിപ്പിച്ച വരികൾ പറഞ്ഞത് മഹാത്മാ ഗാന്ധിയോ,സ്വാമി വിവേകാനന്ദനോ, അതോ എ.പി.ജെ. അബ്ദുൽ കലാമോ അല്ല. ഇടക്കിടക്ക് ഇത് പോലുള്ള വചനങ്ങൾ പറഞ്ഞു എന്നെ ഞെട്ടിക്കുന്ന എൻറെ സ്വന്തം സോൾ മേറ്റ്‌ പറഞ്ഞതാണ് ഈ വാക്കുകൾ.

അവിടെയാണ് കഥയുടെ തുടക്കം.

പതിവിലും നേരത്തെ ജോലി കഴിഞ്ഞു റൂമിലെത്തിയ ഒരു ശുഭ സാഹ് യ് മു് ..സാ:യാനാമു.അല്ലെങ്കിൽ വേണ്ട ഒരു വൈകുന്നേരം ( അത് മതി ) നല്ല ക്ഷീണമുണ്ട്‌.ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും.നേരെ അടുക്കളയിലോട്ടു വിട്ടു.ഇന്നലത്തേത് പോലെ ചായയിൽ പച്ച വെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ചായ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ്,ഫോണിൽ ഒരു " വിസിലടി " ശബ്ദം കേട്ടത്.

" കൃത്യം അഞ്ചു വർഷങ്ങൾക്ക് മുൻപാണ്‌ ആ പണി കിട്ടിയത്.നാട്ടിലുള്ള പെണ്‍കുട്ടികളുടെ പ്രാർഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കഷ്ട്ട കാലം കൊണ്ടാണോ  ആവോ? അഞ്ചു വർഷം മുൻപാണ്‌ ഞാൻ അവളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്."
നാളെ ഞങ്ങളുടെ അഞ്ചാം വിവാഹ വാര്ഷികം.

സുഹൃത്തിന്റെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് നോട്ടിഫികേഷൻ വന്ന ശബ്ദമായിരുന്നു നേരത്തെ കേട്ട "ബീപ്" ശബ്ദം.ഇപ്പോൾ സ്വാഭാവികമായും നിങ്ങൾ ആലോചിക്കുന്നുണ്ടാകും"ഏതവനാടാ ഈ സുഹൃത്ത്‌?ഫോർ ദി ടൈം ബീയിംഗ് നമുക്കവനെ സജീവൻ എന്ന് വിളിക്കാം.

സുന്ദരൻ..ലോല ഹൃദയൻ...നിഷ്കളങ്കൻ..നിർ മലൻ...കരിക്കിൻ വെള്ളം പോലെ ശുദ്ധൻ..(ഇതിൽ കൂടുതൽ നുണ പറയാൻ എനിക്കാവില്ല ).
ഗ്ലാമർ കുറവാണെന്ന് പറഞ്ഞപ്പോൾ,ഹീറോ ഹോണ്ട ഗ്ലാമർ വാങ്ങി സജീവന് ഗ്ലാമർ ഉണ്ടെന്നു മാറ്റി പറയിച്ചവൻ സജീവൻ...
മഞ്ഞ ഷർട്ട്‌ ഇട്ടാൽ ഒടുക്കത്തെ ഗ്ലാമറാണെന്ന് ആരോ കളിയാക്കി പറഞ്ഞപ്പോൾ സത്യമാണെന്ന് വിശ്വസിച്ചു,ഡെയിലി മഞ്ഞ ഷർട്ട്‌ ഇട്ടു നടന്നവൻ സജീവൻ ...
15 വർഷമായി സിംഗിൾ സോൾ ഡബിൾ ബോഡീസ് എന്നാ പോലെ കഴിഞ്ഞിരുന്ന എന്റെ ആത്മ മിത്രം സജീവ്‌...
ഒരു പഴമേ കിട്ടിയുള്ളൂ എങ്കിലും " പഴമെനിക്ക്..തൊലി നിനക്ക് " എന്ന രീതിയിൽ പങ്കു വെക്കുന്ന അത്ര ഒരുമയുള്ള സുഹൃത്ത്.
പ്രായത്തിൽ കവിഞ്ഞ പക്വതയാണോ അതോ പക്വതയിൽ കവിഞ്ഞ പ്രായമാണോ എന്നറിയില്ല,മേൽ പറഞ്ഞ രണ്ടു സാധനങ്ങളും ഇഷട്ടന് വേണ്ടുവോളമുണ്ട്.
ഈ വാർഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

അവർ പുതിയൊരു സ്ഥലത്തേക് മാറി പോവുകയാണ്.അത് കൊണ്ട് തന്നെ പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.എന്തെങ്കിലും ഒന്ന് പോര.സംഗതി വെറൈറ്റി ആയിരിക്കണം.

എന്തിനാ ഒരു ഗിഫ്റ്റ് എന്ന് ചോദിച്ചാൽ ഒന്നിനും അല്ല.ചുമ്മാ.കണ്ടാൽ ഒന്ന് ഞെട്ടണം.സന്തോഷം തോന്നണം.പിന്നെ സൌഹൃദം പൂത്തുലഞ്ഞ് ഒരു സംഭവം ആകണം.ഇങ്ങിനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ.

വേണ്ടപ്പെട്ടവർക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോളും പ്രയാസാമേറിയ കാര്യമാണ്.എന്ത് നൽകിയാലാണ് മതിയാവുക?ആദ്യമേ പ്ലാൻ ചെയ്തിട്ട് വേണം ഗിഫ്റ്റ് വാങ്ങാൻ.
എൻറെ പ്രിയ സുഹൃത്തേ..എന്താണ് ഞാനിപ്പോൾ തരിക?

അങ്ങിനെ മസ്തിഷ്കവുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുമ്പോൾ പപ്പടം ചുടൽ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്തു ഭാര്യയും സഹായത്തിനെത്തി.

"അവർക്ക് ഏറ്റവും ഇഷ്ട്ടപെട്ട..അല്ലെങ്കിൽ വാങ്ങണം എന്ന് പ്ലാൻ ഉള്ള സാധനം തന്നെ സമ്മാനമായി നല്കണം.അത് മനസ്സിലാക്കി സമ്മാനം തിരഞ്ഞെടുത്താൽ അതായിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗിഫ്റ്റ്"

കുറച്ച് സമയത്തെ കുലങ്കുഷമായ ചിന്തകൾക്ക് ശേഷം തല മണ്ടയിൽ മിന്നി കത്തിയ ഐഡിയ ഭാര്യ ഷെയർ ചെയ്തു.

" അതിനിപ്പോ 20 സെൻറ് സ്ഥലവും വീടും വാങ്ങി കൊടുക്കാനുള്ള ഗോൾഡ്‌ താൻ തരുമോ?

ചോദ്യം അവൾക്കത്ര ഡൈജസ്റ്റ് ആയില്ലെന്ന് തോനുന്നു.

"എൻറെ അടുത്തൂന്ന് മാറി പൊയ്ക്കോ..അല്ലെങ്കിൽ ചവിട്ടി തേമ്പിക്കളയും എന്നർത്ഥത്തിൽ..സ്വതവേ ഉരുണ്ട കണ്ണുകൾ,കണ്ണെടുത്ത്‌ അകതെക്കിട്രാ എന്ന് പറയിപ്പിക്കുന്ന രീതിയിൽ തുറിച്ചൊരു നോട്ടം.അവളുടെ നോട്ടത്തിന് അവളുടെ കയ്യിലിരുന്ന പപ്പടം കുത്തുന്ന കമ്പിയെക്കൾ മൂർച്ചയുണ്ടായിരുന്നു.ഏങ്കോണിച്ച മുഖത്തോടെ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ എ സി ഓഫ് ചെയ്തു.കോപത്തിൻറെ ഊക്കിൽ സ്വിച്ച് പറിഞ്ഞു പോയില്ല എന്നേ ഉള്ളൂ.

അതോടെ ഒരു കാര്യം മനസ്സിലായി.

ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു നാഗവല്ലി ഉറങ്ങിക്കിടപ്പുണ്ട്.അതെപ്പോ ഉണരുമെന്നോ,ഉണർന്നാൽ എന്തൊക്കെ ചെയ്യുമെന്നോ പ്രവചിക്കാനാവില്ല.

എന്തായാലും റിസ്ക്‌ എടുക്കണ്ട.ചായ ഞാൻ തന്നെ ഉണ്ടാകുന്നതാണ് ബുദ്ധി.

എന്നാലും എന്ത് ഗിഫ്റ്റ് വാങ്ങണം?ഇനി ADVICE ചോദിക്കാൻ ഭാര്യയുടെ അടുത്ത് പോയിട്ട് കാര്യമില്ല.

ചിന്തകൾ കാട് കയറി.ചിന്തകളുടെ വേലിയേറ്റം അസഹ്യമായപ്പോളാണ് ,ജമ്പനും തുമ്പനും കഥയിലെ തുമ്പന്റെ തലയിൽ ബൾബ്‌ കത്തുന്നത് പോലെ എൻറെ മനസ്സിലൂടെ ഒരു ചിന്ത ഇങ്ങിനെ സൈറണ്‍ മുഴക്കി പാഞ്ഞു പോയത്.

"ഓണ്‍ലൈൻ സുഹൃത്തുക്കളോട് സജ്ജഷൻ ചോദിച്ചാലോ?" 

മുഖപുസ്തകം പൊതുവേ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു.എങ്കിലും കുറച്ച് പച്ചലൈറ്റുകൾ കത്തിക്കിടക്കുന്നുണ്ട്.എല്ലാവരോടും  ഗിഫ്റ്റ് ഐഡിയ സജ്ജസ്റ്റ് ചെയ്യാൻ അഭ്യർത്ഥിച്ചു മെസ്സേജ് അയച്ചു."ബ്ലും" എന്ന ശബ്ദത്തോടെ തുറന്നു വരുന്ന ആ ചാറ്റ് ബോക്സും കാത്ത് ഞാനിരുന്നു.

പ്രതീക്ഷ തെറ്റിയില്ല.

ഞാൻ പ്രതീക്ഷിച്ച ഐഡിയിൽ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.

നിഷ.അതായിരുന്നു അവളുടെ പേര്.സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ ശ്രദ്ധിക്കാറുള്ള ഒരു പ്രൊഫൈൽ.ഒരിക്കൽ ഇങ്ങോട്ട് മെയിൽ അയക്കുകയായിരുന്നു.

"ഇക്കയുടെ എഴുത്തുകളും ടിപ്പുകളും എനിക്ക് വളരെ ഇഷ്ട്ടമാണ്.മുടക്കം കൂടാതെ വായിക്കാറും ഉണ്ട്.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു."

എൻറെ  എഴുത്തുകൾ ചവറാണെന്ന്  പറഞ്ഞു കളിയാക്കുന്ന ഭാര്യയോടു അൽപ്പം അഭിമാനത്തോടെ ഇപ്പോഴും ആ മെയിൽ കാണിച്ചു വായടപ്പിക്കാറുണ്ടായിരുന്നു.

അന്ന് തുടങ്ങിയ തൂലിക സൗഹൃദം 2 മാസം മുൻപ് വരെ തുടർന്നു.

നിഷയുടെ ഗിഫ്റ്റ് ഐഡിയ എനിക്കും വളരെ നന്നായി തോന്നി.കാരണം അതൊരു ഐഡിയ അല്ല.ഒന്നൊന്നര ഐഡിയ തന്നെ.അത് പ്രാവർത്തികമാക്കുക തന്നെ.

നിഷയുടെ തിരക്കഥ ഞാൻ മനസ്സിലൊന്നു ഡയറക്ഷൻ ചെയ്തു നോക്കി.


അടുത്തുള്ള മാളിൽ പോകുന്നു....
കപ്പിൾ വാച്ച് വാങ്ങുന്നു...
സുഹൃത്തിന്റെ വീട്ടില് പോകുന്നു.
തക്കം നോക്കി സമ്മാനം കട്ടിലിനടിയിൽ ഒളിപ്പിക്കുന്നു.
പിറ്റേ ദിവസം ഫോണിൽ വിളിക്കുന്നു.
ഒളിപ്പിച്ചു വെച്ച ഗിഫ്റ്റ് തുറക്കാൻ പറയുന്നു..
സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു...
അത്ഭുതം കൊണ്ട് കണ്ണുകൾ തള്ളുന്നു..
ഞാൻ " അതെ ഐ മീൻ ഇറ്റ്‌" എന്നാ ഭാവത്തോടെ പുഞ്ചിരിക്കുന്നു.
എൻറെ പുഞ്ചിരി അവൻ ഭാവനയിൽ കാണുന്നു.
സന്തോഷം...അവിടെയും...ഇവിടെയും.

ആഹാ ..എത്ര മനോഹരമായ പ്ലാനിംഗ്!!!!

കൊള്ളാം..കിടിലൻ ഐഡിയ.സൌഹൃദം പൂത്തുലയും.ഉറപ്പ് !!!!
അങ്ങിനെ എല്ലാ പഴുതുകളും അടച്ച വിദഗ്ദ്ധമായ പ്ലാനും തയ്യാറാക്കി ഞങ്ങൾ സുഹൃത്തിൻറെ വീട് ലക്ഷ്യമാക്കി യാത്രയായി.അർദ്ധ മനസ്സോടെ മടിച്ചു നിന്ന ഭാര്യയെ ഞാൻ ബലമായി സമ്മാനം ഒളിപ്പിക്കാനുള്ള ജോലി അവരോധിച്ചു കൊടുത്തു.

സജീവനും കുടുംബവും ടിവിയും കണ്ടു കൊണ്ട് സിറ്റിംഗ് റൂമിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.അവരെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.എന്താ പറയുക?ഞാൻ വേറെ ത്രില്ലിൽ ആയിരുന്നു.ഒരു ഡിറ്റക്റ്റീവിനെ പോലെ സമ്മാനം ഒളിപ്പിക്കാൻ പറ്റിയ സ്ഥലം തിരയുന്ന തിരക്കിൽ.ഗിഫ്റ്റ് ഒളിപ്പിക്കാം എന്ന് ഏറ്റ ഭാര്യയാവട്ടെ,ഞാൻ ഈ നാട്ടുകാരനേ അല്ല എന്നാ ഭാവത്തിൽ ചിക്കൻ ഫ്രൈയുടെ ലെഗ് പീസ്‌ കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

            ഇപ്പൊ ശെരിയാക്കിത്തരാം എന്നാ മട്ടിൽ ഞാൻ ഒന്ന് കൂടി ചുറ്റും കണ്ണോടിച്ചു.നിരാശയായിരുന്നു ഫലം.എന്റെ റഡാറിലും ഒന്നും പതിഞ്ഞില്ല. അഥവാ..കണ്ണെത്തുന്നിടത് കയ്യെത്തില്ല.കയ്യെത്തുന്നിടത് ഒളിപ്പിക്കാനും പറ്റില്ല.
നിമിഷങ്ങൾ 20-20 ക്രിക്കറ്റിലെ അവസാന ഓവർ എന്ന പോലെ സ്ലോ മോഷനിൽ നീങ്ങി കൊണ്ടിരിക്കുന്നു.എ.ആർ.റഹ്മാൻ സംഗീതം പോലെ നേർത്ത ശ്രുതിയിൽ നിന്നും തുടങ്ങി ആകെ ഉലയ്ക്കുന്ന ബീറ്റുകളിൽ എത്തി നിൽക്കുന്ന പ്രതീക്ഷകൾ.

ഇനിയെന്ത് ചെയ്യും എന്ന് ഗാഡമായി ആലോചിച്ചു കൊണ്ടിരിക്കമ്പോലാണ്,അവനത് പറഞ്ഞത്. " കുറച്ച് നേരം കിടന്നോളൂ.."
ഒരു പിടി വള്ളി കിട്ടിയ ആശ്വാസത്തോടെ ഞാൻ.

രോഗി ഇച്ചിച്ചതും..വൈദ്യൻ കൽപ്പിച്ചതും ...യേത് ??

നിശബ്ധത തളം കെട്ടി നിൽക്കുന്ന മുറി.അകത്ത് ഡാർക്ക് സീൻ ആണ്.ദെയർ ഈസ്‌ നോട്ട് മച്ച് വെളിച്ചം.ഉള്ള വെളിച്ചത്തിൽ അഡ്ജസ്റ്റ് ചെയ്തു,ഒരു സംശയത്തിനും ഇട കൊടുക്കാതെ തഴക്കവും പഴക്കവും വന്ന കള്ളനെ പോലെ ആ കാര്യം നല്ല ഭംഗിയായി നിർവഹിച്ചു.

" ഓപ്പറേഷൻ ഗിഫ്റ്റ് ഒലിപ്പിക്കൽ "നല്ല രീതിയിൽ കമ്പ്ലീറ്റ്‌ ആക്കിയ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു പോകാനിരിക്കുമ്പോലാണ് ,ഞങ്ങളുടെ കണക്കു കൂട്ടലുകളെ തകിടം മറിച്ച് കൊണ്ട് സജീവൻറെ അപ്രതീക്ഷിത ചോദ്യം.

"ഗിഫ്റ്റ് കട്ടിലിനടിയിൽ ഒളിപ്പിക്കാൻ മരന്നിട്ടില്ലലോ?" 

ലാ..ലാ..ലാ ല ലാ..എന്നാ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോട് കൂടി രണ്ടു വെടി പൊട്ടി.ടാറിൽ വീണ ഇയാം പാറ്റ കണക്കെ ഞാൻ സ്റ്റക് ആയിപ്പോയി.ബോധം മറയുന്നു.ഹൃദയത്തിൽ മന്ത്രിമാർ മരിക്കുമ്പോൾ ആകാശവാണിയിൽ ഇടുന്ന ട്യൂൺ.

എന്റെയുള്ളിൽ ഞാനും നാട്ടുകാരും ചേർന്ന് ചങ്ങലക്കിട്ടിരുന്ന സൽമാൻഖാൻ ഞെട്ടിയെണീറ്റ് മസിൽ പിടിച്ചു.

കണ്ണ് ചുവക്കണ്...പല്ല് കടിക്കണ്...മുഷ്ട്ടി ചുരുട്ട്ണ്...ആകെ വിയർക്കണ്
 മാറിയ മുസിക്കോടെ സൌഹൃദം പൂത്തുലയുന്നതിനു മുന്പേ വാതിൽ അടച്ചു സജീവൻ രക്ഷപെട്ടു.