Saturday 10 September 2016 - 35 comments

മസില്‍ സിമ്പിളാണ് പവര്‍ഫുള്ളും.



ഒരു കാലമുണ്ടായിരുന്നു..

എത്ര വലിച്ചു വാരി കഴിച്ചാലും, ഡോബർമാൻ പട്ടിയുടെ വയറു പോലെ..അകത്തോട്ടു മാത്രം വീർക്കുന്ന വയറുമായി നടന്നിരുന്ന ഒരു കാലം.ഇപ്പോളും വലിയ വ്യത്യാസമൊന്നുമില്ല . അന്ന് മുതലേ ഉള്ള ആഗ്രഹമായിരുന്നു, ഒരു " ജിമ്മൻ " അഥവാ " കട്ട "ആവുകയെന്നത്.

എന്നാലും എന്നെ പോലൊരു കുഴി മടിയൻ ഇത്തരം സ്വപ്നങ്ങളൊക്കെ കുഴിച്ചു മൂടി കളയലായിരുന്നു പതിവ്.

ഇന്ന്....

സൽമാൻ ഖാന്റെ  " സുൽത്താൻ " കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ജിം സ്വപ്‌നങ്ങൾ വീണ്ടും നാമ്പെടുത്ത് തുടങ്ങി. ഖാൻറെ മസിലുകൾ വികസിച്ചും..ചെറുതായും വരുന്നത് കാണുമ്പോൾ അസൂയ തോനുന്നു. എന്റെ കൈ വെറുതെ പിടിച്ചു നോക്കി.കരച്ചിൽ വരുന്നു.

ങാ..എനിക്കും ഒരു സമയം വരും.

മനസ്സിൽ ആഗ്രഹം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ രാജാവിന്റെ മോൻ പറഞ്ഞിരിക്കുന്നത്.
ഉടനെ വിളിച്ചു സജീവനെ.
( സജീവനെ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക )

" ജിമ്മിന് പോയി മസിൽ വരുത്താൻ ആരെ കൊണ്ടും പറ്റും. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ കുടവയർ  വെച്ച് കാണീര് . അതല്ലേ ഹീറോയിസം? "

കുളിക്കുക..പല്ലു തേക്കുക..എന്നീ കാര്യങ്ങൾക്കൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും റെഡി പറയാറുള്ള സജീവൻ ഈ കാര്യത്തിലെന്നെ നിരാശനാക്കി കളഞ്ഞു.

എന്തായാലും മസിലിൻറെ കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ..ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പിറ്റേ ദിവസം തന്നെ പോയി ജിമ്മിലേക്കു വേണ്ട കുപ്പായോം ഷൂസുമൊക്കെ വാങ്ങിച്ചു. എല്ലാം കൂട്ടി ഒരു ബാഗിനകത്ത് കുത്തി നിറച്ച് ജിമ്മിലേക്ക് വിട്ടു.

അകത്ത് നിന്നും ഉയരുന്ന ആക്രോശങ്ങൾ ആസ്വദിച്ചു കൊണ്ട് വലതു കാൽ വെച്ച് ജിമ്മിലേക് പ്രവേശിച്ചു. നല്ല കിടിലൻ പാട്ട് ഉച്ചത്തിൽ വെച്ചിരിക്കുന്നു. കുറെ "കട്ട" മനുഷ്യന്മാർ ഫുൾ വ്യായാമിക്കുന്നു. ഞാൻ, മെലിഞ്ഞുണങ്ങിയ സ്വന്തം കയ്യിലേക്കും വീർക്കാണ് വെമ്പുന്ന ഉണ്ണി വയറിലേക്കും നോക്കി ഒന്ന് ദീർഘ നിശ്വാസം വിട്ടു.

ആദ്യമായി ദുബായിൽ വന്നിട്ട് ഡാൻസ് ബാറിൽ കയറുന്ന ഒരു മലബാരിയെ പോലെ ഞാൻ ജിമ്മിലെ കാഴ്ചകൾ കണ്ടു വായും പൊളിച്ച് നോക്കി നിന്നു.

കുറച്ചു നേരത്തെ കാത്ത് നിൽപ്പ്, ആജാനുബാഹുവായ ഒരു മനുഷ്യന്റെ   "ന്താണ് ഭായ് .. " എന്ന ചോദ്യത്തിൽ അവസാനിച്ചു.

ആറടിയോളം പൊക്കം...അതിനൊത്ത വണ്ണം...
കയ്യിലെ മസിൽ കാണിക്കാൻ പാകത്തിലുള്ള ടി ഷർട്ട്...
മസിൽ ഇപ്പൊ പുറത്ത് ചാടും എന്നുള്ള മട്ടിൽ നിൽക്കുകയാണ്.

ഹമ്മറിനും ലാൻഡ് ക്രൂയ്‌സറിനും ഇടക്ക് പാർക്ക് ചെയ്ത ടൊയോട്ട യാരിസ് നെ പോലെ ഞാൻ അന്തം വിട്ടു നിന്നു 

                          ജിമ്മനാകണമെന്ന ആഗ്രഹം പറഞ്ഞതോടെ പുള്ളിക്കാരൻ ഒന്ന് ഞെട്ടിയോ എന്നൊരു സംശയം. സോമാലിയയിലെ അർണോൾഡ് ആയ എന്നെയും ചുവരിൽ പതിച്ചിരുന്നു അർണോൾഡിന്റെ ഫോട്ടോയിലും അയാൾ മാറി മാറി നോക്കുന്നു.

ഫീസ് കിട്ടുന്ന കാര്യമായത് കൊണ്ടാകണം അങ്ങേരു സമ്മതിച്ചു.

കയ്യിലുണ്ടായിരുന്ന കാർഡിൽ നിന്നും, വേണ്ടത്ര ക്യാഷ് വലിച്ചൂറ്റി..എന്നെ ഔദ്യോദികമായി അവിടത്തെ മെമ്പർ ആക്കി.
" എന്നാ തുടങ്ങല്ലേ...? "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ..ഞാൻ ഓടിച്ചെന്നു ഡംബല്സ് എടുത്തു.

 " സ്റ്റോപ്പ്.!!!!!!!!!!!!!!! "

അതൊരു അലർച്ചയായിരുന്നു. നഴ്‌സറി പിള്ളേരുടെ പിറകെ ചൂരലുമായി ഓടി വരുന്ന ടീച്ചറെ പ്പോലെ, ജിം മാസ്റ്റർ ഓടി വന്നു ഡംബൽസ് പിടിച്ചു വാങ്ങി.

 " പോയി വാം അപ്പ് ചെയ്യെടാ.. "

എന്നിട്ട് കയ്യും കാലുമൊക്കെ കൊണ്ട് ഈച്ച..കൊതുക്..തുടങ്ങിയ ക്ഷുദ്ര ജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷൻസ് കാണിച്ച് തന്നു.

ഭയങ്കര എളുപ്പം.
ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളക്കുകയുമൊക്കെ ചെയ്ത മതി.ഞാൻ ചട..പടാന്നു കമ്പ്ലീറ്റ് ചെയ്തു എല്ലാവരെയും അഹങ്കാരത്തോടെ ഒന്ന് നോക്കി.

അടുത്തത് പുഷ് അപ്പ് .
അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി.പത്ത് ആയപ്പോൾ കയ്യിലൊക്കെ ചെറിയ വേദന. നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും.. പിന്നെ ജഗതി ശ്രീകുമാർ സ്വന്തമായി കണ്ടു പിടിച്ച ആ രണ്ടു സ്‌പെഷൽ രസങ്ങളും നിമിഷ നേരത്തിൽ മുഖത്ത് മിന്നി മറഞ്ഞു.

പതിനഞ്ചു ആയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. ഇനി പൊങ്ങണമെങ്കിൽ ക്രൈൻ വിളിച്ചോണ്ട് വരേണ്ടി വരുമെന്ന്. ഞാൻ കുറച്ച് നേരം ആ പൊസിഷനിൽ തന്നെ തറയിൽ കിടന്നു.മനസ്സ് കൊണ്ട് ആഗ്രഹിച്ചെങ്കിലും എന്തോ എഴുന്നേൽക്കാൻ പറ്റിയില്ല.
" താനെന്താ ..കിടന്നു ഉറങ്ങുകയാണോ ? "
മാസ്റ്റർ വന്നു തട്ടി വിളിച്ചപ്പോളാണ് സ്ഥല കാലബോധം ഉണ്ടായത്.

" അല്ലടാ..ഞാൻ ഈ ഫ്ലോറിൽ വൈറ്റ് മാർബിൾ ആണോ ബ്ലാക്ക് ടൈൽസ് ആണോ എന്ന് നോക്കുകയായിരുന്നു " എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും, ഞാൻ ഒന്നും മിണ്ടിയില്ല.  സത്യായിട്ടും...

അവിടെ നിന്നും പിടിച്ചു വലിച്ചോണ്ടു  ഒരു ഉപകരണത്തിന്റെ മുന്നിൽ കൊണ്ട് പോയി.

ട്രെഡ് മിൽ.
പതുക്കെ..പതുക്കെ..നടന്നു കുറച്ചു കഴിഞ്ഞപ്പോ ഒരു അഹങ്കാരം.അടുത്ത് നിന്നവനോട് സ്പീഡ് അൽപ്പം കൂട്ടി തരുവാൻ പറഞ്ഞു. നടത്തം പിന്നെ ചെറിയ ഓട്ടമായി. അവിടം കൊണ്ടും തീർന്നില്ല. അവസാനം പിറകെ പട്ടി ഓടിക്കാൻ വരുന്നത് പോലെ നാലു കാലും പറിച്ചോടാൻ തുടങ്ങി.

" മഹാ..പാപീ...നിന്റെ ഒരൊറ്റ ഉറപ്പിലാടാ ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞത്.ഞാൻ കരച്ചിലിന്റെ വക്കോളമെത്തി .ഭാഗ്യത്തിന് സ്പീഡ് കുറക്കാനുള്ള ബട്ടണിൽ പിടി കിട്ടിയത് കൊണ്ട് വീഴാതെ രക്ഷപെട്ടു.

എ സി യുടെ 18 ഡിഗ്രി തണുപ്പിലും ഞാൻ കിടന്നു വിയർത്തു കുളികുകയായിരുന്നു. അണച്ചും.. കിതച്ചും.. ഞാൻ അടുത്ത് കണ്ട കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോളേക്കും മാസ്റ്റർ എത്തി.

" ദേ..ആ കമ്പിയിൽ പിടിച്ചു തൂങ്ങിക്കേ .."

അനുസരിക്കാതെ നിവൃത്തിയില്ല. ഒറ്റ ചാട്ടത്തിനു കമ്പിയിൽ പിടിച്ചു തൂങ്ങി. ഞാൻ സർവ ശക്തിയുമെടുത്ത് പൊങ്ങാൻ ശ്രമിച്ചു. ഒരു 3cm പൊങ്ങി.വീണ്ടും ശ്രമിച്ചു. രക്ഷയില്ല..

" കമോൺ മാൻ. യു കാൻ ഡു ഇറ്റ്.. " 
മാസ്റ്റർ വിളിച്ചു പറയുന്നുണ്ട്.

ഞാൻ വീണ്ടും ശ്രമിച്ചു നോക്കി. പറ്റുന്നില്ല.  എല്ലുകൾ നുറുങ്ങുന്നു.. ഞരമ്പുകൾ പിണയുന്നു... കണ്ണുകൾ നിറയുന്നു. എന്നിട്ടും അഭിമാനത്തെ വിട്ടു കളഞ്ഞില്ല. സർവ ശക്തതിയുമെടുത്ത് ഉയർന്നു.ഉയരാൻ ശ്രമിച്ചു. പകുതിയായപ്പോൾ ചാക്കരി തൂക്കിയിട്ട പോലെ ദേ..പോകുന്നു പിന്നിലേക്ക്.

" ധിം" എന്ന ഒറ്റ ശബ്ദത്തിൽ ഒതുക്കാമായിരുന്ന ആ സംഭവത്തെ അടുത്തുണ്ടായിരുന്ന ടേബിൾ ഫാൻ നിലത്ത് കിടന്നു ഉരുണ്ടു പിരണ്ട്‌..അകെ ബഹളമയമാക്കി .
എല്ലാവരും ഞെട്ടിത്തിരിഞ്ഞു എന്നെ നോക്കി.
അതിനിടയിൽ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാത്ത രീതിയിൽ സ്പർശിച്ചു. മറുപടിയായി ഉയർന്ന പച്ച മലയാളം ശീലുകൾ ഏത് കവിതയിലെയാണെന്നു ഞാൻ നോക്കിയില്ല.

തലക്കുള്ളിൽ കുഞ്ഞു..കുഞ്ഞു..പൂത്തിരികൾ കത്തുന്ന പോലെ ഒരു ഫീലിംഗ്.കണ്ണിൽ ഇരുട്ട് കയറിയത് പോലെ..

മുഖത്ത് അതി ശക്തമായ് വെള്ളം വന്നു പതിച്ചപ്പോളാണ് വളരെ അപൂർവമായി മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചു വന്നത്.

യെസ്..ഇപ്പോൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ കാണാം.ഏതോ കോമഡി സീൻ ആസ്വദിച്ച മട്ടിൽ ചുറ്റും നിറയെ ആളുകൾ.കോറസ് ആയി പല തരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികൾ.സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാൻ അവിടെ കണ്ടില്ല.

അര മണിക്കൂർ കൊണ്ട് ഞാൻ നോർമൽ ആയി. അപ്പോളേക്കും അത് വരെ ബോഡിയിൽ ഇല്ലാതിരുന്ന ചില " മസിൽസ് " അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു.ചെറുതായി ഒന്ന് അനങ്ങിയാൽ പോലും അതുങ്ങൾ സിഗ്നൽ തരുന്നു. സിഗ്നലുകൾ പല വഴിക്കു സഞ്ചരിച്ച് അവസാനം "ഹമ്മേ..ഹാവൂ... " എന്ന ശബ്ദങ്ങളായി അപ്പോളും പുറത്ത് വരുന്നുണ്ടായിരുന്നു.

35 comments:

  1. കൊള്ളാടാ കൊച്ചെ... ഇഷ്ട്ടമായി.... ആശംസകള്‍...ഉപമയുടെ ബഹളമാണല്ലോ..!!!

    ReplyDelete
  2. ആരംഭശൂരത്വം മാത്രം പോരാ.
    ശുഭപര്യവസായിയാക്കാനുള്ള ത്രാണിയും ഉണ്ടാവണം.
    രസകരമായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. എന്താവുമോ എന്തോ~?

      കാത്തിരുന്നു കാണാം

      Delete
  3. ഷാഹിദേ... എഴുത്ത് മനോഹരം... ചിരിച്ച് ചിരിച്ച് ഞാനും തറയിൽ വീണു... :)


    ReplyDelete
  4. ഹാ ഹാ ഹാാ.ഷാഹിദേ!!!


    പഞ്ചുകൾ ഇടിച്ചു നിറച്ച രസികൻ എഴുത്ത്‌.എന്നാലും മൂന്ന് സെന്റീമീറ്റർ പൊങ്ങിയ കാര്യം വായിച്ചപ്പോ പൊട്ടിച്ചിരിച്ചു പോയി..


    അല്ല നിങ്ങളൊക്കെ ഇങ്ങനെ കോമഡിയ്ക്കാൻ തുടങ്ങിയാൽ ഞാനൊക്കെ എന്നാ ചെയ്യും??????

    ReplyDelete
  5. ഷാഹിദ് ഭായ് , ഉഗ്രൻ എഴുത്തു ... യാരിസും അർണാൾഡും ഉപമകൾ ശരിക്കും തകർത്തു ... :)

    ReplyDelete
  6. രസകരമായ അവതരണം...

    ReplyDelete
  7. ഏതായാലും ഇനി ജിമ്മിലോട്ടു ഇല്ല എന്ന് തോന്നുന്നു. വെറുതെ ഇരുന്നാൽ മസിൽ വരുമോ എന്നൊരു പരീക്ഷണം കൂടി നടത്താം.

    ReplyDelete
    Replies
    1. കിറുങ്ങി ഇരിക്കാൻ ഒരു കസേര അവിടെ ഉള്ളിടത്തോളം കാലം ജിമ്മിൽ പോക്ക് മുടക്കില്ല

      Delete
  8. ഹ ഹ ഹ. കൊള്ളാം ഷാഹിദ് ഭായ്

    ReplyDelete
  9. ഹ ഹ ഹ. കൊള്ളാം ഷാഹിദ് ഭായ്

    ReplyDelete
  10. രസകരമായി എഴുത്തിനെ ചട്ടീലിട്ട് കലക്കി പൊരിച്ചു
    ഉപമകൾ എടുത്ത് അമ്മാനമാടി കളിക്കുകയാണല്ലോ ഷാഹിദ് ഭായ്

    ReplyDelete
  11. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു.
    മനോഹരമായ അവതരണം.
    ഇഷ്ടമായി.

    ഈ വഴിക്ക് പുതിയ ആളാണ് ഈ ആദി.... അനുഗ്രഹിക്കണം

    ReplyDelete
    Replies
    1. ആഹാ.. ഞാൻ തന്നെ അനുഗ്രഹിക്കണം ല്ലേ~?

      ദക്ഷിണയും ആയി വന്നോളൂ..

      Delete
  12. This comment has been removed by a blog administrator.

    ReplyDelete
  13. കൊള്ളാം ..ഗൾഫിലെ ജിമ്മിൽ പുറത്തുനിന്ന് നോക്കുക അല്ലാതെ അകത്തോട്ട് കേറാൻ ധൈര്യം വന്നിട്ടില്ല .. എഴുത്തും അനുഭവവും രസകരം ..

    ReplyDelete
    Replies
    1. അതെന്താ അകത്തു കയറാൻ പേടി?

      Delete
  14. ഹി ഹി ഒറ്റ ദിവസം കൊണ്ട് മസിലനാകാന്‍ പറ്റൂല... ആദ്യത്തെ രണ്ടു മാസത്തോളം വാം അപ്പ്‌.. പിന്നെ ചെറിയ വ്യായാമങ്ങള്‍... പിന്നെ... one by one ആയുള്ള വ്യായാമങ്ങള്‍.... Protein Powder കൂടെ വാങ്ങിച്ചു അടിച്ചോ.... കൊലാപ്പി എന്നുള്ള ലുക്ക്‌ മാറി ശരീരത്തില്‍ അല്പം ഇറച്ചി വരും... കാരണം ഞാനും അങ്ങനെ ആയിരുന്നു... ചെറിയ മാറ്റം വന്നു തുടങ്ങി എന്നറിയുമ്പോള്‍ തന്നെ ജിം ഇല്‍ പോകന്‍ താല്പര്യം തനിയെ വരും...

    ReplyDelete
  15. Super...ജിമ്മായാൽ ഇങ്ങനെ വേണം :D

    ReplyDelete
  16. ആക്ച്വലീ ആ ഫോറില് വെെറ്റ് മാര്ബില് ആയിരുന്നോ അതല്ലാ ബ്ലാക്ക് ടെെല്‍സോ....



    ചിരിയുടെ കലോല്‍സവമായിരുന്നു.... മനോഹരം

    ReplyDelete
    Replies
    1. ആ പ്രത്യേക സാഹചര്യത്തില് എന്റെ പോന്നു സാറേ...
      ഫ്ലോരിലുല്ലതോന്നും കാണാന്‍ പറ്റൂലാ..

      Delete
  17. ടൈറ്റില്‍ പോലെ തന്നെ കഥയും സിമ്പിളാണല്ലോ..... നല്ല അവതരണം... ഇനിയും ഇതുപോലെ എഴുത്ത് തുടരൂ....

    ReplyDelete