ഓര്‍മകള്‍ക്കെന്നും ഗൃ ഹാതുരത്വത്തിന്റെ സുഗന്ധമാണ്. മറവിയുടെ തിരകളെടുക്കാത്ത മനസ്സിന്റെ തീരത്ത് സൂക്ഷിക്കുന്ന ചില ഓര്‍മകളെങ്കിലും ഉണ്ടാകും എല്ലാരിലും.
എന്റെ ഉള്ളില്‍ ഒളിച്ചു കിടന്ന ആ ദിനത്തിന്റെ ഓര്‍മകളെ ഉണര്‍ത്തിയത് അവിചാരിതമായി വന്ന ഒരു " ലൈക് " ആണ്.
ഓഫീസില്‍ നിന്നെത്തിയ ഞാന്‍ പതിവ് പോലെ എല്ലാ ബ്ലോഗറേയും പോലെ ആദ്യം ചെയ്തത് പുതിയ കമന്റോ ലൈകോ എന്റെ പോസ്റ്റിനു ലഭിച്ചോ എന്നാണു. എന്തായാലും നിരാശപ്പെടേണ്ടി വന്നില്ല.അതില്‍ അവിചാരിതമായി ഒരു സുഹൃത്തിനെ കണ്ടു. വളരെയധികം സന്തോഷം തോന്നി അത് കണ്ടപ്പോള്‍.
ഞാന്‍ അറിയാതെ ഓര്‍മകളിലെ നഷ്ട്ടങ്ങള്‍ ചികയുകയായിരുന്നു എന്റെ മനസ്സ്.ഡിസംബര്‍ എന്നും നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓര്‍മയാണ്
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലൊരു ഡിസംബര്‍ മാസ പ്രഭാതത്തിലായിരുന്നു അവളെ ആദ്യം ഞാന്‍ കാണുന്നത്. JB ട്രാവല്‍സ് ( ബസ് ) ന്റെ ഡ്രൈവര്‍ സീറ്റിനടുത്ത് ചില്ലിനടുത്തായി ഇരിക്കുന്ന ആ രൂപം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
യൂണിഫോം കണ്ടപ്പോളേ മനസ്സിലായി എന്റെ കോളേജില്‍ തന്നെയാണെന്ന്. ക്ലാസ്സിലെത്തിയപ്പോലാണ് അവളും എന്റെ ക്ലാസ്സില്‍ തന്നെയെന്നു മനസ്സിലായത്.
അവള്‍ മിക്കപ്പോളും തനിച്ചായിരുന്നു.പുസ്തകങ്ങളുമായി ക്ലാസിന്റെ ഒരു മൂലയില്‍ ഒതുങ്ങി കൂടുന്ന പ്രകൃതം. അങ്ങിനെയിരിക്കെ ബസിറങ്ങി ക്ലാസ്സിലേക്ക് പോകുന്ന വഴിയെ ഞങ്ങള്‍ പരിജയപ്പെട്ടു.പരിജയം പതിയെ നല്ലൊരു സൌഹൃദമായി വളര്‍ന്നു.
കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന എന്റെ ചങ്ങാതി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു. ( അധികം ആര്‍ക്കും അത് അറിയില്ലായിരുന്നെങ്കിലും )
കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം അവള്‍ സ്വയം തീര്‍ത്ത ചട്ടക്കൂടുകള്‍ക്കിടയില്‍ ഒതുങ്ങി ജീവിക്കുകയായിരുന്നു.ഫോണ്‍ നമ്പര്‍ മാറ്റിയും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തും ക്യാമ്പസ് സൌഹൃദങ്ങളില്‍ നിന്നും അവള്‍ ഒളിച്ചോടുകയായിരുന്നു. ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാരണത്താല്‍ ഞങ്ങളുടെ സൌഹൃദം ഇടക്കെവിടെയോ വെച്ച് നഷ്ട്ടപ്പെട്ടു. ഒരു പക്ഷെ തന്നിലേക്കുള്ള ഒതുങ്ങിക്കൂടല്‍ അവള്‍ ആസ്വദിക്കുകയായിരുന്നിരിക്കും.
ജീവിതം ഇങ്ങിനെയാണ് പാതി വഴിയില്‍ പ്രിയപ്പെട്ട പലതും നഷ്ട്ടമായെക്കാം. ഈ നഷ്ട്ടവും ഇങ്ങിനെയാണ്.ഒരു നാള്‍ മറ്റെന്തിനെക്കാളും പ്രിയം തോന്നിയിരുന്ന..ഇഷ്ട്ടപെട്ടിരുന്ന ഒരാള്‍.എന്നാല്‍ ആ ഇഷ്ട്ടത്ത്തിനു അതികം ആയുസ്സുണ്ടായിരുന്നില്ല.
മനസ്സില്‍ ഓര്‍മകളുടെ കനലുകള്‍ വാരി വിതറി യാത്ര ചോദിച്ച ചങ്ങാതീ....നിനക്കായി ഒരു പ്രഭാതത്തിന്റെ ഓര്മ കുറിപ്പ്......