"ഇത് മോശാണ് ട്ടാ "
എന്ന ഡയലോഗും ആയിട്ടാണ് അവര്‍ അകത്തേക് കയറിയത്.
ഞാന്‍, ഇന്നസന്‍റ് മുണ്ടില്ലെന്നു തിരിച്ചറിയുന്ന പോലെ ഒരു സ്വയം നോട്ടം നടത്തി.പീസ് വല്ലതും കാണുന്നുണ്ടോ? ഏയ് കുഴപ്പമൊന്നുമില്ലല്ലോ..
അതല്ല ഒഴിവു ദിവസമായി വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നത് മോശമല്ലേ എന്നാ ഉദേശിച്ചത്.എന്‍റെ നോട്ടത്തിന്‍റെ അര്‍ഥം അവര്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.
പുറത്ത് എവിടയെങ്കിലും ഒന്ന് കറങ്ങാന്‍ പോകണം എന്ന തീരുമാനവുമായിട്ടാണ് അവരുടെ വരവ്.
പക്ഷെ എങ്ങോട്ട്?
കൂട്ടുകാരുടെ കൂടെ പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ എന്നും എവിടെ പോകും എന്നുള്ളത് ഞങ്ങളെ സമ്പന്തിച്ചിടത്തോളം തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്.ഇനിയും പോകാത്ത നിരവധി സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്.അവയില്‍ എവിടെ പോകണം എന്ന കാര്യമാണ് എത്ര ആലോചിച്ചിട്ടും തീരുമാനം ആകാത്ത കാര്യം.പിന്നീട് അങ്ങോട്ട് കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും മേളമായിരുന്നു.
ആലോചനകള്‍ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൌസിന്‍റെയും കീ ബോര്‍ഡിന്‍റെയും സഹായത്തോടെ ഗൂഗിളിലേക്ക് ഊളിയിട്ടു. പെട്ടെന്ന് കണ്ണിലുടക്കിയ വെബ് സൈറ്റില്‍ എത്തിയപ്പോള്‍ മൗസ് നിശ്ചലമായി.
നിറയെ അരയന്നങ്ങളുമായി ഒരു തടാകം.മനസ്സിനെ കോരി തരിപ്പിക്കുന്ന പ്രകൃതി മനോഹരിതയുടെ വെത്യസ്ഥമായ പുതിയ മുഖം. മരുഭൂമിയില്‍ ഒരു നീരുറവ. ഖുദ്ര ലേയ്ക്ക്.എത്ര മനോഹരം.എഴുതാനും പറയുവാനും വാക്കുകള്‍ പോര.ആ കാഴ്ചകള്‍ ഫോട്ടോകളിലൂടെ സംസാരിക്കും.
പെണ്‍കൂട്ടം അത് വരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദമുഖരിതമാക്കി.
"ഇവിടെ തന്നെ പോകാം"
കോറസ് ആയി എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
അങ്ങിനെ ഖുദ്രയെന്ന പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസം കാണാന്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തെക്കും വടക്കും തിരിച്ചറിയാത്ത ഞങ്ങള്‍ യാത്ര തിരിച്ചു.
നഗരം തിരക്കിന്‍റെ പിടിയിലാണ്.ഓരോ റോഡും കാറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ സ്ട്രീറ്റും കടന്ന് കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വന്നു.ഇടക്കിടക്ക് ചിന്തയിലേക്ക് സ്വയം നഷ്ട്ടപെട്ടും വീണ്ടും യഥാര്‍ത്ഥത്തിന്‍റെ നഗര വേഗത കൈ കൊണ്ടും വാഹനം ഖുദ്ര ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു.അധികം വൈകാതെ ആദ്യത്തെ പണി കിട്ടി.
GPRS സെറ്റ് ചെയ്ത് വെച്ചിരുന്ന എന്‍റെ മൊബൈല്‍ ചാര്‍ജ് കഴിഞ്ഞു.ചാര്‍ജര്‍ എടുക്കാനും വിട്ടു പോയിരുന്നു.
ഇനി വഴി കാണിച്ചു തരാന്‍ ഗൂഗിള്‍ മാപ്പ് സഹായത്തിനില്ല.
പകലത്തെ പണി ഭാരം കൊണ്ടാകാം,സൂര്യന്‍റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.സൂര്യന്‍ ഡ്യൂട്ടി കഴിഞ്ഞ് റിട്ടേണ്‍ ടിക്കറ്റ് എടുക്കാനുള്ള ക്യൂവിലാണ്.
ഏകദേശം ഒരു ഉദേശം വെച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.വഴി തെറ്റിയോന്നും സംശയമുണ്ട്.ആരുടേയും നമ്പര്‍ കാണാതെ അറിയാത്ത കാരണം , അടുത്ത ഒപ്ഷന്‍ ആയ "ഫോണ്‍ എ ഫ്രണ്ട് " ലൈന്‍ ഉപയോഗിച്ചു കണ്ടു പിടിക്കാമെന്ന മോഹത്തിനും സ്കോപ്പ് ഇല്ലാതായി.
ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആവാന്‍ ഞാന്‍ വല്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.ദൂരെ ബുര്‍ജ് ഖലിഫ ഒരു അവ്യക്തമായ നിഴല്‍ പോലെ കാണാം.
പണി പാളി.വഴി തെറ്റി.
വഴി തെറ്റിയതറിയാതെ ഖു ദ്രയുടെ പ്രകൃതി ഭംഗിയെ കുറിച്ച് കാറില്‍ അപ്പോളും ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇനിയെന്ത് ചെയ്യും?
എന്നെ വിശ്വസിച്ച് കൂടെ കൂടിയവരെ എന്ത് പറഞ്ഞു ഞാന്‍ മനസ്സിലാക്കും?
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞാന്‍ ഡ്രൈവിംഗ് തുടര്‍ന്നു കൊണ്ടേയിരുന്നു.
അടിച്ച വഴിയെ പോയില്ലെങ്കില്‍, പോയ വഴിയെ അടിക്കുക എന്ന തിയറി ഫോളോ ചെയ്തു അവസാനം എത്തിപെട്ടത് ദുബായ് " അല്‍ ബാദി " റെസിഡന്‍സ് ഏരിയയില്‍ .
" നീ വേറെ എവിടെയോ പോകണമെന്നാണല്ലോ പറഞ്ഞത്? "
കൂടെയുള്ളവര്‍ വിടാനുള്ള മട്ടില്ല.
" അതിനെന്താ? നമ്മള്‍ സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ നമ്മള്‍ പഠിക്കണം.പ്രതിസന്ധികളെ അതി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്."
പറഞ്ഞ എനിക്ക് പോലും മനസ്സിലാവാത്ത ഒരു എക്സ്പ്ലനേഷന്‍ കൊടുത്ത്,ഇനിയെന്തെന്ന ഭാവത്തില്‍ ഞാന്‍ കൂടെയുള്ളവരെ നോക്കി.ആരും ഒന്നും മിണ്ടുന്നില്ല.ചുമ്മാ എന്നെ ഇങ്ങിനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു
അതെ.അവരും കണ്‍ഫ്യൂഷനിലാണ്. അവരാദ്യം തല്ലണോ ...ഞാന്‍ ആദ്യം അവരുടെ കാല് പിടിച്ചു മാപ്പ് പറയണോ ?
മണിക്കൂറുകള്‍ക്ക് മുന്‍പ് ഫോട്ടോ കണ്ടു മൂക്കത്ത് വിരല്‍ വെച്ചവര്‍, ആ വിരലെടുത്ത് എന്റെ കൊങ്ങക്ക് വെക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.കുറ്റം പറയരുതല്ലോ,എന്‍റെ പുറം പൊളിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സഹകരിച്ചു.ഇത്ര ആത്മാര്‍ഥത അവര്‍ മറ്റൊരു ജോലിക്ക് കൊടുത്ത്തിരിക്കാന്‍ വഴിയില്ല.
ഇരുട്ടായി..രാത്രിയായി..എല്ലായിടത്തും നക്ഷത്ര വിളക്കുകള്‍ കത്തി കൊണ്ടിരിക്കുന്നു...ഞങ്ങള്‍ക്ക് വിശപ്പുമായി.
അതോടെ ഇനിയെന്ത്? എന്ന ചോദ്യത്തിനു ഉത്തരമായി.നേരെ അടുത്തുള്ള
KFC യിലേക്ക് യാത്രയായി.
ബിവറേജ് കോര്‍പറേഷന് മുന്നിലെ തിരക്കിനെ വെല്ലുന്ന പോലുള്ള ജനമായിരുന്നു അവിടെ.
വര്‍ണ ശബളമായ അന്തരീക്ഷം....
എങ്ങും പൊട്ടിച്ചിരികളും..വള കിലുക്കങ്ങളും...
കല പില ആരവങ്ങളും...
ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍
" എവിടെ തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം
പൂത്ത മരങ്ങള്‍ മാത്രം."
"വളഞ്ഞ വഴികള്‍" പണ്ടേ ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഗേറ്റ് കടക്കാന്‍ ഒന്നും ബുദ്ധിമുട്ടാതെ ഞാന്‍ നേരെ " ബാരിയര്‍ " ചാടി കടന്നു ക്യൂവില്‍ ഇടം നേടി. ലോകത്ത് എവിടെയായാലും മലയാളികള്‍ക്ക് ജന്മനാ കിട്ടുന്ന ഒരു സ്വഭാവമാണ്, ഒരു കാര്യവുമില്ലാതെ തിക്കി തിരക്കി കളിക്കുക എന്നത്.ഞാനും ഒരു പക്കാ മലയാളിയായി മാറി. അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ അവിടെ നിന്നു എരി പൊരി കൊണ്ടു.
ചെറിയ ഒരു യുദ്ധത്തിനൊടുവില്‍ കിട്ടിയ KFC ചിക്കനുമായി ഞങ്ങള്‍ അടുത്തുള്ള ആളൊഴിഞ്ഞ ടേബിളില്‍ സ്ഥാനം ഉറപ്പിച്ചു.
എനിക്കും ഭാര്യക്കും അടുത്തടുത്ത സീറ്റ് തന്നെ കിട്ടി.അതെനിക്ക് ഒരു തരത്തില്‍ പാരയാണ്.കാരണം അവള്‍ ഒരു മാതിരി പാകിസ്‌താന്‍ സ്വഭാവമാണ്.എപ്പോളാണ് എന്‍റെ പ്ലേറ്റില്‍ ഇരിക്കുന്ന "കാശ്മീരികളില്‍" അവകാശവാദം ഉന്നയിക്കുക എന്ന് പറയാന്‍ പറ്റില്ല. റിസ്ക് എടുക്കണ്ട എന്ന് കരുതി ഞാന്‍ വേഗം തന്നെ സുഹൃത്തിന്‍റെ അരികിലേക്ക് മാറിയിരുന്നു.
അവിടെയിരുന്ന് എന്‍റെ ക്യാമറ കണ്ണുകളെ ക്യൂവില്‍ നില്‍കുന്ന ഒരു മലയാളി പെണ്‍കുട്ടിയെ ഫോക്കസ് ചെയ്യുമ്പോളാണ്, അനുവാദം വാങ്ങാതെ ആ രൂപം ഫ്രെയിമിലേക്ക് കയറി വന്നത്.
വെയില്‍ കൊണ്ട് പുറത്ത് കഴിയുന്നവന്‍റെ പരുക്കന്‍ പ്രകൃതം.കറുത്ത മുടി.പൂച്ച ക്കണ്ണുകള്‍ .മെലിഞ്ഞ ദേഹത്തിനു ചേരാത്ത വിധം വലിപ്പ ക്കൂടുതല്‍ ഉള്ള ജുബ്ബയാണ് വേഷം.കൂടെ ഒരു വട്ട തൊപ്പിയും.കാഴ്ചയില്‍ ഒരു അറുപതിനോടടുത്ത പ്രായം..ഇട കലര്‍ന്ന് നരച്ച കുറ്റിത്താടി.ഒരു സാത്താനെ കണ്ട പോലെ അയാള്‍ എന്നെ നോക്കുന്നു.കറ പിടിച്ച അയാളുടെ നിര തെറ്റിയ പല്ലുകളും നോട്ടവും എന്നെ എന്തോ ഭയപ്പെടുത്തി.
ഞങ്ങള്‍ ഇരുന്നതിന്റെ പിറകില്‍ സൈഡില്‍ ആയിട്ടാണ് അയാള്‍ ഇരുന്നത്.ഇടക്കെപ്പോളോ ഞാന്‍ അയാളിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.ഇയാള്‍ക്കെന്താ തലക്കു പുറകിലും കണ്ണുണ്ടോ? അതോ ഇതാണോ ടെലിപ്പതി എന്ന് പറയുന്നത്?എന്നാല്‍ അത് അറിഞ്ഞിട്ടു തന്നെ കാര്യം.കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഞാനൊന്ന് പാളി നോക്കി.
വിശ്വസിക്കാനായില്ല.അയാളതാ വീണ്ടും നോക്കുന്നു.
ഇയാള്‍ ആര്?എവിടെ നിന്നു വന്നു?
(തുടരും)