Thursday, 16 July 2015 - 55 comments

വണ്‍സ് അപ്പോണ്‍ എ ടൈം എന്‍ എഴുത്തുകാരന്‍ഉറക്കം എന്നും എന്റെ ഇഷ്ട്ട വിനോദമായിരുന്നു.എല്ലാം മറന്ന് പുതച്ചു മൂടിയുള്ള ഉറക്കം.പ്രത്യേകിച്ചു രാവിലകളിലെ ഉറക്കം.അവധി ദിവസങ്ങളിൽ ഇത് ഉച്ച വരെ നീളും.ലഞ്ചും ബ്രേക്ക്‌ ഫാസ്റ്റും ഒരുമിച്ച്.


അങ്ങിനെയൊരു വെള്ളിയാഴ്ച....
ഷാർജയിലെ ഒരു പ്രഭാതം...
കാത്തിരുന്നു..കാത്തിരുന്ന്..കിട്ടിയ ഒരു അവധി ദിവസം.
ഞങ്ങൾ ഗൾഫുകാർക്കൊക്കെ വെള്ളിയാഴ്ച്ചയാണല്ലോ ഞായറാഴ്ച..
അന്നും പതിവ് പോലെ ഞാൻ ഇഷ്ട്ട വിനോദത്തിൽ എർപ്പെട്ട് കൊണ്ടിരിക്കുന്ന സമയം.. 


തുറന്നിട്ട ജനലിലൂടെ ഇളം വെയിൽ മുറിയിൽ വന്നു നിറഞ്ഞു.
പതിയെ എഴുന്നേറ്റാൽ മതിയല്ലോ എന്നാലോചിച്ചു പുതപ്പെടുത്തു തല വഴി മൂടി ഒന്ന് കൂടെ ഉറങ്ങാനുള്ള ഒരു ശ്രമം നടത്തുമ്പോളാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.

 ((((((ടക്....ടക്...ടാക്..)))))))
ആരാണാവോ ഈ നേരത്ത്??
ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ ഞാൻ വാതിൽ തുറന്നു.

തെലുങ്ക്‌ നടൻ ചക്രവർത്തിയുടെ ഏകദേശ രൂപം...
കുറച്ചു കൂടി തടിച്ച പുരികം...
ആറടിയിലേറെ ഉയരം..
തടി അല്പ്പം കുറവാണെന്നതൊഴിച്ചാൽ നടൻ ചക്രവര്ത്തി തന്നെ.
ആകെ കൂടി ഒരു കിടിലൻ ലുക്ക്‌.

"ഞാൻ സമർ...അടുത്ത ഫ്ലാറ്റിലെ പുതിയ താമസക്കാരനാണ്."
പതിഞ്ഞ ശബ്ദത്തിൽ ആഗതൻ പരിചയപ്പെടുത്തി.

പുതിയ അയൽവാസി ഒരു കലാകാരൻ ആണെന്ന് അറിയാമായിരുന്നുവെങ്കിലും ഇന്നാണ് ആളെ കാണുന്നതും പരിചയപ്പെടുന്നതും.

സമർ ഒരു ന്യൂ ജനറേഷൻ സംവിധായകനായിരുന്നു.കൂടുതൽ ചെയ്തിട്ടുള്ളത് ഷോർട്ട് ഫിലിംസും ആൽബവുമാണ്.അൽപ്പ സൊൽപ്പം മലയാള സിനിമയിലും കൈ വെച്ചിട്ടുണ്ട്.

കുറച്ച് ദിവസത്തേക് വൈ-ഫൈ കണക്ഷൻ ഷെയർ ചെയ്യാൻ അനുവദിക്കാമോ എന്നറിയാനാണ്‌ വന്നിരിക്കുന്നത്.

സംസാരം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോളാണ് എന്റെ തലയിൽ ഒരു ബൾബ് മിന്നിയത്.

ജോസ് പ്രകാശ് സിനിമയിൽ പറഞ്ഞത് പോലെ ഞാൻ ഒരു 'NO' പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല  ഇന്നും ഒരു സാധാരണ ദിവസം പോലെ കടന്നു പോകും.പക്ഷെ എന്റെ ഒരു 'YES' ഒരു പക്ഷെ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.ഒരു പുതിയ വഴിത്തിരിവ് എന്നും ജീവിതത്തിലെ പുതിയ അദ്ധ്യായം എന്നൊക്കെ വലിയ വലിയ ആളുകൾ വെച്ചു കാച്ചുന്ന ഒരു സംഭവം ആയി മാറി കൂടായ്കയില്ല ഈ സംഭവം.

എന്നിലെ പരോപകാരി(?) സടകുടഞ്ഞെഴുന്നേറ്റു 'YES'പറഞ്ഞു.

പതിയെ പതിയെ എന്റെ മനസ്സിലും സിനിമാ മോഹം മുളച്ചു തുടങ്ങി.
സ്കൂളിൽ പണ്ടൊരു നാടകത്തിൽ ഭടനായി അഭിനയിച്ചത് ഞാൻ ഓർത്തു പോയി.സംഭാഷണം കുറവാണ്.ഭാവാഭിനയം മാത്രം.സഹായത്തിനായി ഒരു കുന്തം മാത്രം.വെറുമൊരു കുന്തം കൊണ്ട് സദസ്സ് കീഴടക്കിയതോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നി.  

അങ്ങിനെ നവരസങ്ങൾ മുഖത്ത് വിരിയുന്ന നടനായി മാറുവാൻ ഞാൻ ആഗ്രഹിച്ചു പോയി.
അഭ്രപാളികളിൽ മിന്നി മറയുന്ന എന്റെ മുഖം ഞാൻ മനസ്സിനകത്തെ വലിയ സ്ക്രീനിൽ കണ്ടു സന്തോഷിച്ചു.പ്രേമത്തിലെ ജോർജായും.....ഉസ്താത് ഹോട്ടലിലെ ഫൈസിയായും ഞാൻ എന്റെ മുഖം മനസ്സില് കണ്ടു. 

ജഗതി ശ്രീകുമാർ ചെയ്തത് പോലെ നവരസങ്ങൾ മുഖത്ത് വിരിയിക്കാൻ ഞാൻ ഒരു ശ്രമം നടത്തി നോക്കി.
മുഖത്ത് എന്തോ ഭാവമാറ്റമുണ്ട്.അത് പക്ഷെ എന്ത് ഭാവമാണെന്നു മനസ്സിലാകുന്നില്ല.അഹംഭാവമാണോ?.. വിഷാദമാണോ?..അതോ വേറെ എന്തെങ്കിലും ഭാവമാണാവോ ?? അഭിനയം അത്രക് നന്നാവില്ലെന്നു തോനുന്നു. 

കുട്ടിക്കാലം മുതലേ മനസ്സിൽ ഉള്ളൊരു ആഗ്രഹമാണ് "എങ്ങിനെയെങ്കിലും പ്രശസ്തനാവണമെന്നത്.നമ്മുടെ പേര് കേട്ടാൽ നാലാളുകൾ അറിയണം.അതിനെന്താണ് കുറുക്കുവഴി?

ഇരുന്ന ഇരുപ്പിൽ പല പല ചിന്തകൾ തലയിലെ സൈഡിലൂടെ ഓടി നടന്നു.

MT യൊക്കെ ഓൾഡ്‌ ജെനറേഷൻ ആയി.പത്മരാജനും ലോഹിതദാസും കാല യവനികക്കുള്ളിൽ മറഞ്ഞു.മകൻ വന്നതോടെ ശ്രീനിവാസനും സൈഡായി.അപ്പോൾ ആ ഗ്യാപ്പിൽ അടിച്ചു കയറണം എന്ന തയ്യൽക്കാരൻ അംബുജാക്ഷന്റെ അതെ ചിന്തകൾ എന്നിലും കയറിക്കൂടി.  

സിനിമാ മോഹം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികം..ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം യാന്ത്രികം..എന്നാണല്ലോ രാജാവിന്റെ മകനും പറഞ്ഞിട്ടുള്ളത് 

"ഞാൻ അൽപ്പ സൊൽപ്പം ബ്ലോഗിലൊക്കെ എഴുതാറുണ്ട് "
എന്നിലെ അതിമോഹി എന്നെ കൊണ്ടത് പറയിച്ചു.സംസാരത്തിനിടയിൽ ഞാൻ എന്റെ ബ്ലോഗ്‌ കാണിച്ചു കൊടുക്കുകയും വളരെ താൽപര്യപൂർവ്വം അദ്ദേഹം അത് വായിക്കുകയും ചെയ്തു. 

"പുതിയ പോസ്റ്റിനുള്ള തീം കിട്ടിയിട്ടുണ്ടോ? "

ഇതുവരെയില്ല..

പിന്നെ ഷാഹിദ്..എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോകണം.
മനസ്സിലുള്ളതെല്ലാം എഴുതൂ...
എനിക്കുറപ്പാണ്....
നിന്നെപ്പോലെയുള്ള പ്രധിഭാധനനായിട്ടുള്ള യുവ ബ്ലോഗന്ടെ തലയിൽ നല്ല ആശയങ്ങൾ ഉണ്ടെന്ന്...നിങ്ങളെ പോലെയുള്ളവർ നാളെകളുടെ വാഗ്ദാനമാണ്  

എന്തായാലും ഇനിയെഴുതുന്ന കഥ ഫേസ് ബുക്കിലോ ബ്ലോഗിലോ ഇപ്പോൾ പോസ്റ്റ്‌ ചെയ്യണ്ട.ഡയറിയിൽ തന്നെ ഇരിക്കട്ടെ..ആവശ്യം വരും.

ഓല മടൽ വെട്ടി പാടത്ത് ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്നവനെ IPL കാര് വീട്ടിൽ വന്നു കൂട്ടി കൊണ്ട് പോയ പോലെയായി എന്റെ കാര്യം. 
എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.ആ അഭിമാനമെല്ലാം കൂടി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിറഞ്ഞു.ഞാൻ അഭിമാന വിലോചിതനായി.അതിലേറെ മോഹിതനായി. 

എനിക്കൊരു കഥ എഴുതിയെ തീരൂ..പക്ഷെ എന്തെഴുതണം?
ഫേമസ് ആകാനുള്ള ത്വരയിൽ എനിക്ക് ഇരിപ്പുറച്ചില്ല.
വാൽമീകത്ത്തിൽ പെട്ട കവിയെ പോലെയായി ഞാൻ.ഒരു രാമായണമെങ്കിലും എഴുതാതെ എന്റെ മനസ്സ് അടങ്ങില്ല.

ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചു കൊണ്ടിരുന്നു.ചിന്ത കാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോവാൻ തുടങ്ങി.  

എന്തെഴുതണം?
ജീവിതത്തിലെ തിക്താനുഭവങ്ങൾ എഴുതിയാലോ? വേണ്ട..അതിലൊന്നും സാഹസികതയില്ല..
അവളെ കുറിച്ചെഴുതിയാലോ???? വേണ്ടുവോളം പ്രണയവും വേദനയുമുണ്ട്.അത് പക്ഷെ കഥയാക്കേണ്ട.പൈങ്കിളിയായിപ്പോവും.

വല്ലാത്ത ക്ഷീണം തോന്നി ഒന്ന് കിടന്നു 
" ഡോ...എഴുന്നേൽക്ക്..ഉറങ്ങിയത് മതിയായില്ലേ? "
ഞാൻ കണ്ണ് തുറന്ന് നോക്കി.ഭാര്യയാണ്..

" ഉറങ്ങിയതല്ല..കഥയാലോചിച്ചു കിടന്നതാ..." 
" ഓ..സോറി കഥയെഴുത്തുകാരാ....
ഒരു തേങ്ങയുണ്ട്‌..അതൊന്നു വെട്ടിത്തായോ "

" എന്ത്? ഒരു സാഹിത്യകാരൻ തേങ്ങ വെട്ടുകയോ? ഈര്ച്ച വാളിൻറെ മൂർച്ചയുള്ള പേനയുടെ സ്ഥാനത്ത് വെട്ടു കത്തിയോ? ആലോചിക്കാനേ വയ്യ. 

" ഇയാളാര്?
MT യോ? അതോ ചങ്ങമ്പുഴയോ? ഒരു സാഹിത്യകാരാൻ വന്നിരിക്കുന്നു.തേങ്ങ വെട്ടി തന്നാൽ നല്ല കറിയും കൂട്ടി ഫുഡ്‌ അടിക്കാം." 

ഒരു ദീർഘനിശ്വാസം വിട്ടു ഞാൻ തേങ്ങ വെട്ടാൻ തുടങ്ങി. 

ആ സമയത്താണ് എന്റെയുള്ളിൽ ആ ആശയം ഉടലെടുത്തത്. 
എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ തന്റേതായ രീതിയിൽ മാറ്റി എഴുതിക്കൂടാ?

രാവണനെ നായകനാക്കിയ മണിരത്നം പോലെ....
ചതിയൻ ചന്ദുവിനെ നായകനാക്കിയ MT യെ പ്പോലെ...
ചങ്ങമ്പുഴ നായകനാക്കിയ രമണനെ വില്ലൻ ആക്കി എന്ത് കൊണ്ട് എനിക്ക് എഴുതിക്കൂട??    

നിന്ന നിൽപ്പിൽ ഞാൻ ഒരു ഷോർട്ട് ഫിലിം മനസ്സിൽ കണ്ടു.ഞാൻ എഴുതിയ തിരക്കഥക്ക് യുവ സംവിധായകൻ ആക്ഷൻ പറയുന്നതും സ്വപ്നം കണ്ടു കൊണ്ട് ഞാൻ അൽപ നേരം നിന്നു. 

വെത്യസ്തമായ ഈ ആശയം നല്ലതോ ചീത്തയോ എന്ന് ചാനലുകളിൽ ചർച്ച ചെയ്യപ്പെടുന്നത് മനസ്സിലൂടെ കടന്നു പോയപ്പോൾ ഉണ്ടായ മാനസിക അവസ്ഥ.വർണിക്കാനാവില്ല.രോമം എഴുന്നെറ്റു നില്ക്കുന്നു.ഇപ്പോൾ കണ്ടാൽ മുള്ളൻപന്നി പോലെയുണ്ട്.

സ്വപ്നങ്ങളുടെ ചാക്ക് തലയിലേറ്റി അടക്കാനാവാത്ത സിനിമാ മോഹവുമായി ഞാൻ എഴുതാനിരുന്നു.

അന്നു മുതൽ ഡയറിയും പേനയും തലയിണക്കടിയിൽ വെച്ച് ഞാൻ ഉറങ്ങാൻ കിടന്നു.പലപ്പോളും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് എഴുത്ത് തുടങ്ങി.

അങ്ങിനെ എണ്ണിയെണ്ണി ആ ദിവസവും വന്നെത്തി.വളരെ സന്തോഷത്തോടെയാണ് അന്ന് ഞാൻ ഉണർന്നത്.എല്ലാ തരത്തിലും പൂര്ണമായ(?)ഒരു കഥയെഴുതണം എന്ന ആഗ്രഹത്തിനു ഇന്നലെ രാത്രി സഫലീകരണമുണ്ടായിരിക്കുന്നു.ഒരു ജേതാവിനെ പോലെ ഞാൻ ഡയറിയുമായി അടുത്ത ഫ്ലാറ്റിലേക്ക് യാത്രയായി.  

വാതിൽ തുറന്ന യുവ സംവിധായകനു നേരെ ഞാൻ ഡയറി നീട്ടി പറഞ്ഞു 
" നിങ്ങൾക്കുള്ള കഥയെഴുതി കഴിഞ്ഞു.താങ്കളുടെ പ്രതീക്ഷക്കൊത്ത് എഴുതാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കി പറയണം.  

" കഥയോ?...എനിക്കോ?..എനിക്കെന്തിനാണ്‌ കഥ?..."

അപ്പോൾ ഫേസ്ബുക്കിലും ബ്ലോഗിലും ഇടാതെ ഡയറിയിൽ എഴുതാൻ പറഞ്ഞത്?

" ഓഹോ അതോ? 
ഈ ചളിയൊക്കെ കൊണ്ട് ബ്ലോഗിലും മുഖ പുസ്തകത്തിലും തേച്ചു നാട്ടുകാരെ വെറുപ്പിക്കുന്നതിന് പകരം വെല്ല നോട്ട് ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരടെയ്..എന്നാ ഞാൻ ഉദേശിച്ചത്."

ഡയറി തിരിച്ചു തരുമ്പോൾ പുഞ്ചിരി തൂകി കൊണ്ട് അയാൾ പറഞ്ഞു.
തകർന്നു വീണ കണ്ണാടി കഷണങ്ങൾ പോലെയായി എന്റെ മനസ്സ്.

ആ സമയത്ത് എൻറെ മുഖത്തുണ്ടായ ഭാവം മുൻപ് പല തവണ ശ്രമിച്ചു പരാജയപ്പെട്ട നവ രസങ്ങളിൽ ഒന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.