Thursday 22 December 2016 - 10 comments

കൈസാ ഭായ്.



വളരെ സാധാരണപെട്ട ഒരു പ്രഭാതമായിരുന്നു അത്. പതിവ് പോലെ അന്നും മൊബൈൽ ഫോണിലെ  കോഴി കൃത്യ സമയത്ത് തന്നെ വിളിച്ചുണർത്തി. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന തണുപ്പിനെ വക വെക്കാതെ ചാടി എണീറ്റ് കാര്യങ്ങളിലേക്ക് കടന്നു.

ഉറക്കത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപേ പല്ലു തേച്ചെന്നു വരുത്തി, കളസവും ഷർട്ടും ഓക്കേ ഇട്ട്, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സുന്ദരനാണെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. ജോലി സ്ഥലത്തേക്കുള്ള യാത്രയാണ്.നല്ല കാലാവസ്ഥ. ഇനി കുറച്ച് നാളത്തേക്ക് നല്ല തണവായിരിക്കും. സമയം ആറായെങ്കിലും  വെളിച്ചം വീണിട്ടില്ല.

അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ  ( സത്യായിട്ടും)  ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു കാറിൽ ആണ് യാത്ര ചെയ്തിരുന്നത്. സഹ പ്രവർത്തകർ എന്നതിലുപരി, അടുത്തടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുമായിരുന്നു ഞങ്ങൾ.

രാവിലെ 6 .30നു  സ്റ്റാർട്ട് ചെയ്യുന്ന ഞങ്ങളുടെ ശകടം ട്രാഫിക് ബ്ലോക്കും മറി കടന്നു ഓഫീസിൽ എത്തുമ്പോളേക്കും ഒരു 7.30 - 8.00 ആയിട്ടുണ്ടാകും. വളരെ അപൂർവമായി അതിലും നേരത്തെയും എത്താറുണ്ട്. അങ്ങിനെയുള്ള ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്.

സൂര്യൻ കിഴക്ക് പ്രത്യക്ഷപ്പെടുന്നതേയുള്ളു. പക്ഷെ നഗരം നേരത്തെ തന്നെ ഉറക്കമുണർന്നു. അന്നും ഷാർജ - ദുബായ് റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഹോണടിയില്ല. പക്ഷെ എല്ലാം നിരനിരയായി കിടക്കുന്നത് കാണാം. ചിട്ടയോടെ.  പല നിറത്തിലും, വലിപ്പത്തിലുമുള്ള വാഹനങ്ങൾ റോഡിലൂടെ തങ്ങി നിരങ്ങി നീങ്ങുന്നുണ്ട്.

നഗരത്തിലെ തിരക്കിലൂടെ ഞങ്ങളുടെ കാറും ഒഴുകുകയാണ്.

ഓഫീസിലേക്കുള്ള മണിക്കൂറോളം നീണ്ട ഡ്രൈവിങ്  എനിക്ക് എന്നും അരോചകമായിരുന്നു. മാറി മാറി കത്തുന്ന ട്രാഫിക് ലൈറ്റുകളും ..തിക്കും തിരക്കും . എല്ലാം പതിവ് കാഴ്ചകൾ. എന്നും കണ്ടു മുട്ടാറുള്ള പതിവ് മുഖങ്ങൾ.

അങ്ങിനെ ബോറടി മാറ്റാൻ റോഡിൽ അവൈലബിൾ ആയിട്ടുള്ള ഉരുപ്പടികളെയും  കണ്ടു വായും പൊളിച്ച് ഇരിക്കുമ്പോളാണ്, വഴിയരികിലെ ആ മുഖം ശ്രദ്ധയിൽ പെട്ടത്.

പാതയോരത്ത് കാത്ത് നിൽക്കുകയാണ്. കയ്യിൽ ന്യൂസ് പേപ്പറും, കപ്പലണ്ടി പൊതികളുമായ്. മെലിഞ്ഞു നീണ്ട മുഖത്ത് വിഷാദം തുളുമ്പി നിൽക്കുന്ന രണ്ടു വലിയ കണ്ണുകൾ.
ഒന്ന് കൂടി ഞാനാ മുഖത്തേക്കു നോക്കി.

ആ മുഖം കണ്ട ഉടനെ മനസ്സ് മന്ത്രിച്ചു " കൈസാ  ഭായ് " . അത് സത്യമായിരുന്നു.

എന്നെ കണ്ടതും  ഗൗരവമുള്ള ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. പതിവ് ശൈലിയിൽ " കൈസാ ഹേ ഭായ് " എന്ന് ചോദിച്ചു കാറിനു അടുത്തേക്കവൻ വന്നു.  അവനു എന്നെ മനസ്സിലാക്കാൻ , ആലോചിക്കാൻ പോലും സമയം എടുത്തില്ല എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

ആ തിരക്കിനിടയില്‍ അവന്റെ അടുത്ത് ചെന്ന് സംസാരിക്കുക എളുപ്പമായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ  എന്റെ ഫോണ്‍ നമ്പര്‍ എഴുതി അവനു  കൊടുത്തു. എപ്പോ വേണമെങ്കിലും വിളിക്കാം.

യാത്രാ മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പത്തു വർഷം പിന്നോട്ടുള്ള എന്റെ മെമ്മറി പേജുകൾ ഞാൻ മറിച്ചു നോക്കുകയായിരുന്നു.

" കൈസാ ഭായ് ". അവന്റെ യഥാർത്ഥ പേര് അതല്ല.  ആരെ,  എപ്പോ കണ്ടാലുമുള്ള സ്ഥിരം ചോദ്യമായ  " കൈസാ ഹേ ഭായ് സാബ് " കേട്ട് ഞാനവന്  അവനു ചാർത്തിക്കൊടുത്ത പേരാണത്.  ആ പേര് വിളിച്ച് വിളിച്ച് യഥാർത്ഥ പേര് ഞാൻ മറന്നു പോയിരിക്കുന്നു.

പൊളി ടെക്നിക് പഠനം കഴിഞ്ഞു, കാസർഗോഡ് സൈറ്റ് എഞ്ചിനീയർ ട്രെയിനി ആയി സേവനം അനുഷ്ഠിക്കുമ്പോളാണ് ഞാനവനെ ആദ്യമായി കാണുന്നത്. പണിക്കാരുടെ ഇടയിലെ ഒരു വ്യത്യസ്ത കഥാപാത്രം. ആദ്യം കാണുമ്പോളുള്ള രൂപം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.

വീതി കൂടിയ നെറ്റിത്തടം. ഉന്തി നില്‍കുന്ന പല്ലുകള്‍. കറുത്തിരുണ്ട നിറം. നെറ്റിയില്‍ പണ്ടെങ്ങോ ഉണങ്ങിയ മുറിവിന്‍റെ തിളങ്ങുന്ന പാട്. ഷര്‍ട്ട്‌ ചെറുതായി പിഞ്ഞി കീറിയിട്ടുണ്ട് അവന്റെ ജീവിതം പോലെ. രൂപം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ സ്വഭാവവും.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.

ഒരു ഉച്ച സമയം. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കമ്പനി വകയാണ്. എല്ലാവരും മെസ് ഹാളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭായ് മാത്രം എന്നും പാർസൽ വാങ്ങി പോകുന്നത് കാണാം. അടുത്ത ചില ദിവസങ്ങളായി ഞാനവനെ നിരീക്ഷിക്കുകയായിരുന്നു. എനിക്കപ്പോളും മനസ്സിലായില്ല. എന്തിനാണയാൾ പാർസൽ വാങ്ങി പോകുന്നത്? എങ്ങോട്ടാണവൻ പോകുന്നത്? ആകാംഷ അടക്കാൻ വയ്യാതൊരു  ദിനം ഞാനവനെ പിന്തുടർന്നു.

അന്ന് ഞാനൊരു വല്ലാത്ത കാഴ്ച കണ്ടു.

പാർസൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്നു വെച്ചിരിക്കുന്നു. അടുത്ത്, നടക്കാൻ കഴിയാത്തതൊരു വൃദ്ധൻ. അയാൾ കഴിക്കുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ഭായ്. ഞാൻ ഒരു നിമിഷം അങ്ങിനെ തന്നെ നിന്ന് പോയി. എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു. ദിനവുമീ വൃദ്ധനെ കാണാറുണ്ടെങ്കിലും ഇന്ന് വരെ ഒരു രൂപാ തുട്ടുപോലും കൊടുക്കാൻ എനിക്ക് തോന്നിയിട്ടില്ല.

എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ
.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.  

"പേട് ഭർനെ കേലിയെ  ഘാന ഖാനെ കാ സരൂരത്ത്  നഹി ഹേ ഭായ് സാബ്. ബൂക്ക്നേ വാലോം  കോ ഖിലായെ ഗാ തോ കാഫി ഹേ "
( വയറു നിറയാൻ ഭക്ഷണം കഴിക്കണമെന്നില്ല സാറേ. വിശന്നു വളഞ്ഞിരിക്കുന്നവനെ ഊട്ടിയാലും മതിയാകും. "

ഞാൻ ശരിക്കുമൊന്നു അമ്പരന്നു. എൻറെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു ഹെൽപ്പർ മാത്രമോ? അതോ ഒരു തത്വ ചിന്തകനോ? ഇതൊരു തുടക്കം മാത്രമായിരുന്നു. അവൻ പിന്നെയും പലതും കാണിച്ചു കൂട്ടി. ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു പ്രതിഭാസമായിരുന്നവൻ. ഓരോ തവണ കാണുമ്പോളും സംസാരിക്കുമ്പോളും എനിക്കാ മനുഷ്യനോടുള്ള മതിപ്പു കൂടി കൂടി വരികയായിരുന്നു.

ഓർമകളിൽ ഒരു ബ്രേക്ക് ഇട്ടു കൊണ്ട് മൊബൈലിൽ ഒരു കാൾ വന്നു. അതവനായിരുന്നു. കൈസാ ഭായ്.
" ആപ്പ് സെ ഏക് സരൂരി ബാത് കഹനെ  ഹേ. കബ് മിൽ സക്ത്തേ? ബൂൽനാ മത്ത്. "
( നിങ്ങളെ സൗകര്യം പോലെ ഒന്ന് കാണണം. എനിക്ക് നിങ്ങളോടു ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത് )

ഈ സംഭവം നടന്നിട്ടു മാസങ്ങൾ പലതു കഴിഞ്ഞു. ഇപ്പോളും ഞാൻ ആൾ കൂട്ടത്തിനിടയിലും അല്ലാതെയും തിരയുന്നത് അയാളുടെ മുഖം മാത്രമാണ്. എന്നാലും അയാൾ എങ്ങോട്ടു പോയി? ഇന്നും എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിക്കുവാൻ നിരവധി തവണ ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഫോൺ സ്വിച് ഓഫ്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

എന്തായിരിക്കും അവനു എന്നോട് പറയാനായി ഉണ്ടായിരുന്ന ആ പ്രധാന കാര്യം? എന്നൊരു ചോദ്യം മാത്രം ഉള്ളിൽ ബാക്കിയായി.

10 comments:

  1. ഭായിയെ കണ്ടെത്താനാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. valare nannayirikkunnu ezhuthu, athinekkal uyarathil kadapathravum

    ReplyDelete
  3. ഒരു നാൾ അവൻ വരും അപ്രതീക്ഷിതമായി. ഫോണിലൂടെയല്ല നേരിട്ട് അതെ ചിരിയുമായി. പറച്ചിലിൽ എവിടെയൊക്കെയോ ചില ഭംഗിക്കുറവ്.

    ReplyDelete
  4. മനസ്സില്‍ നൊമ്പരം അവശേഷിപ്പിച്ചു കൊണ്ടാണല്ലോ അവസാനിപ്പിച്ചത് ഷാഹിദ് ഭായ്... ബിപിന്‍‌ജി പറഞ്ഞത് പോലെ ഏതെങ്കിലും ഒരു സിഗ്നലില്‍ എന്നെങ്കിലും ഒരു നാള്‍ ആ മുഖം തേടിയെത്താതിരിക്കില്ല.

    ReplyDelete
  5. കൊള്ളാം.. നന്നായിരിക്കുന്നു.. ആശംസകൾ


    ReplyDelete
  6. പറയാതെ ബാക്കിവെച്ചത്...
    അതെപ്പോഴും മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും...
    നന്മയുടെ തിളക്കമാര്‍ന്നൊരു ചിത്രമായി....
    ആശംസകള്‍

    ReplyDelete
  7. പറയാനുള്ളതുമായി അവനെവിടെയോ മറഞ്ഞിരിപ്പുണ്ട്‌... വരും

    ReplyDelete
  8. ഇനി കണ്ടാ ഭാഗ്യം ...
    ചിലപ്പോൾ പരസ്പരം അറിയാതെ
    സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിൽ
    ഇത് കണ്ട് വന്നെന്നും വരും കേട്ടോ ഭായ്

    ReplyDelete
  9. എപ്പോഴെങ്കിലും സർപ്രൈസ് ആയി അവൻ കണ്മുന്നിൽ എത്തുമായിരിക്കും....

    ReplyDelete
  10. എപ്പോഴെങ്കിലും സർപ്രൈസ് ആയി അവൻ കണ്മുന്നിൽ എത്തുമായിരിക്കും....

    ReplyDelete