Monday, 25 May 2015 - 30 comments

ഐ വില്‍ ഗോ റ്റു മൈ SONG ട്ടാ....





അന്നൊരു ഞായറാഴ്ച ദിവസം...നല്ല സുന്ദരമായ പ്രഭാതം ....
കൂടെയുണ്ടായിരുന്ന ഭാര്യയെയും കുട്ടിയേയും അവരുടെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം വീണ്ടും ഒരു സ്വാതന്ത്രത്തിന്‍റെ ഇളം കാറ്ററ്റു നടക്കുന്ന സമയം.

സമയം ഏകദേശം പന്ത്രണ്ടു മണി.

 അന്നും പതിവ് പോലെ സൂര്യന്‍ കിഴക്ക് ഉദിക്കുകയും നട്ടുച്ചയായപ്പോള്‍ തലക്ക് മുകളില്‍ എത്തുകയും ചെയ്തു.

 രാവിലെ വെട്ടി വിഴുങ്ങിയ പുട്ടും കടലേം ദാഹിച്ചിട്ടില്ലാത്തതിനാലും...വീട്ടിലിരുന്നു ബോറടി തുടങ്ങിയതിനാലും ഞാന്‍ പുറത്തേക്കിറങ്ങി.നാല് വശത്തേക്കും റോഡ്‌ ഉള്ളത് കൊണ്ട് എവിടേക് പോകണം എന്ന് ടോസ് ഇടാന്‍ ഒരുങ്ങിയപ്പോളാണ്  അപ്പുറത്തെ സൈഡില്‍ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടത്.

 ഓര്‍ക്കൂട്ടും ഫേസ് ബുക്കും വരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഞങ്ങളുടെ ബസ് സ്റ്റോപ്പ്‌ .റോഡില്‍ കൂടി കടന്നു പോകുന്നവരുടെ പ്രൊഫൈല്‍ നോക്കി " Like" " Poke "  " Comment " ഓക്കേ ചെയ്തിരുന്നത്  ഇവിടെ വെച്ചായിരുന്നു.

ഇത്തരം മനോഹരമായ  "App" നെ ഏതു കോപ്പനാണാവോ വായ്‌ നോട്ടം എന്ന് പേരിട്ടത്.?

ഒരു കാലത്ത് എതിരാളികള്‍ ഇല്ലാതെ പയറ്റി തെളിഞ്ഞ ഞങ്ങളുടെ തട്ടകം ഇന്ന് സ്പൈക്കും .. ലോ വൈസ്ട്ടും,,,ആയുധമാക്കിയ ചേകവന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

" എന്നെ തല്ലേണ്ടമ്മാവാ....ഞാന്‍ നന്നാവൂല്ലാ...."

സംസാരിക്കാന്‍ വിഷയം ഇല്ലാത്തത് കൊണ്ട് അജി ഒരു പാട്ട് പാടി കൊണ്ട് റിയാലിറ്റി ഷോ ഉല്‍ഘാടനം ചെയ്തു.തുടങ്ങി വെച്ചത് അവനാണെങ്കിലും ബാക്കിയുള്ളവര്‍ അത് പെട്ടെന്ന് ഏറ്റെടുത്തു.ബാത്ത് റൂമില്‍ സ്വന്തമായി നിത്യവും ഗാനമേള നടത്തി പരിചയമുള്ള ഞാനും അധികം വൈകാതെ അവരില്‍ ഒരാളായി മാറി.പതിയെ..പതിയെ..ഷോ " old is gold " റൌണ്ടിലേക്ക് കടന്നു.

" ചന്ദനത്തില്‍...കടഞ്ഞെടുത്തൊരു...സുന്ദരീ ശില്‍പ്പം.."

പാടി മുഴുവനായില്ല പാട്ടിനു ചേര്‍ന്നൊരു സീന്‍ അതാ തൊട്ടു മുന്നില്‍ ബസില്‍!!!!

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.പിന്നെ അടുത്തിരുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് എന്തോ അടക്കം പറയുന്നു.

വടക്കന്‍ കേരളത്തില്‍ മാത്രം വീശുന്ന പ്രത്യേക തരം കാറ്റാണെന്ന്  തോനുന്നു അത് വഴി കടന്നു പോയി...." പ്രഥമദര്‍ശനാനുരാഗം "എന്ന മാരക രോഗത്തിനു ഞാന്‍ അടിമയായത്‌ പോലെ.
ഈ രോഗം പണ്ടൊക്കെ ഇടക്കിടക്ക് വരാറുണ്ടായിരുന്നെങ്കിലും കുറച്ചു കാലമായി അല്‍പ്പം ശമനമുണ്ടായിരുന്നു.

ഞാന്‍ അവളെ നോക്കി കൈ വീശി ഒന്ന് സ്മൈലി...

ചില കാര്യങ്ങള്‍ അങ്ങിനെയാണ്.മനസ്സ് എത്ര തവണ വേണ്ടായെന്നു പറഞ്ഞാലും ശ്രമത്തില്‍ നിന്നും പിന്‍തിരിയാനാവില്ല.

അവള്‍ തിരിച്ചും സ്മൈലി.
എന്നെ തന്നെയാണോ?
ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി.
എന്റെ പുറകില്‍ ആരും ഇല്ല...എന്നെ തന്നെയാ....

മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി.
അവള്‍ വീണ്ടും എന്നെ തന്നെ നോക്കുന്നുണ്ടല്ലോ..
പടച്ചോനേ...പ്രശ്നമാകുമോ..???

മൌനം വാചാലമാകുന്നത് കണ്ണുകള്‍ സംസാരിക്കുമ്പോളാണ്.ആ സംസാരം കണ്ടു നില്‍ക്കാനും ഒരു രസം തന്നെ.സ്വപ്നങ്ങളില്‍ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആയി...അവള്‍ ശാലിനിയും..ഞങ്ങള്‍ ആ ബസ്‌ സ്റ്റോപ്പില്‍ പാടി പാടി നടന്നു.പാട്ട് സീനില്‍ സ്റെപ്പ് തെറ്റാതെ ഡാന്‍സ് ചെയ്തു.

(((((ട്ര്ര്ര്ര്ര്ര്‍...")))))

നിറുത്താതെ മുഴങ്ങിയ റിംഗ് ടോണാണ് എന്നില്‍ പരിസരബോധം ഉണര്‍ത്തിയത്.

ഛെ...മൂഡ് കളഞ്ഞു...മൊബൈലിനു ചിലക്കാന്‍ കണ്ട സമയം..

വീട്ടില്‍ നിന്നും ഭാര്യയാണ്.ഇന്നെന്തു പണിയാണാവോ എന്നാലോചിച്ചു ഞാന്‍ പച്ചയില്‍ വിരലമര്‍ത്തി.

" നിങ്ങള്‍ എവിടെയാ....?"
എന്നെ കൊണ്ട് പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ? ..വേഗം വായോ..ഇന്നൊരു പ്രോഗ്രാം ഉണ്ട്. "

" ഓക്കേ..ആയിക്കോട്ടെ..വൈകുന്നേരം വരാം എന്ന് പറഞ്ഞ്  ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക് യാത്രയായി.

അങ്ങ് ദൂരെ..പകല്‍ മുഴുവന്‍ എരിഞ്ഞു നിന്ന സൂര്യന്‍ ഇന്ത്യയിലെ ഡ്യൂട്ടി കഴിഞ്ഞു അമേരിക്കയിലേക്ക്  യാത്രയാവാന്‍ തയ്യാറെടുക്കുകയായിരുന്നു.ഭാര്യയെ വിളിക്കാനായി ഞാന്‍ വൈഫ്‌ ഹൌസിലെക്കും യാത്രയായി.

സിറ്റിംഗ് റൂമില്‍ തന്നെ ഉണ്ടായിരുന്ന അവരുടെ ഒരു ഫാമിലി ഫ്രെണ്ട് ആണ് എന്നെ വരവേറ്റത്.സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം പുള്ളിയുടെ മുഖത്ത് പ്രകടമായി കാണാം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയ പുള്ളിക്കാരന്‍ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുന്നു വധിക്കാന്‍ തുടങ്ങി.അമേരിക്കയും...ഒബാമയും...മോദിയും  ഉള്‍പ്പെടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തി കയറുകയാണ്. 

എലിയുടെ പ്രാണവേദനയുണ്ടോ പൂച്ചയറിയുന്നു!!!!!!!!

ഇതില്‍ നിന്നും എങ്ങിനെ രക്ഷ പ്പെടാം എന്ന്  ആലോചിച്ചു ഇരിക്കുമ്പോളാണ്  ഒരു മുഖം മുന്നില്‍ പ്രത്യക്ഷപെട്ടത്.

ഒന്ന് കൂടി നോക്കി ഞാന്‍...
യഥാര്‍ത്ഥ  വുമായി പൊരുത്തപ്പെടുവാന്‍  ഞാന്‍ കണ്ണുകളെ തിരുമ്മി നോക്കി.
ഈ മുഖം!!!!!!!!!

അതെ..രാവിലെ ബസില്‍ കണ്ട അതേ മുഖം...!!!!

എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന എന്നോടവള്‍ ചോദിച്ചു

" എന്നെ കണ്ടപ്പോള്‍ മനസ്സിലായല്ലേ?
രാവിലെ കൈ വീശി കാണിച്ചപ്പോള്‍ ഞാന്‍ ശെരിക്കുംഅത്ഭുത പെട്ടു പോയി. എനിക്ക് ഷാഹിദിനെ അറിയാമെങ്കിലും നമ്മള്‍ ഇത് വരെ പരിച്ചയപെട്ടിട്ടില്ലലോ.." 

മുതു കാടിന്റെ ശിക്ഷ്യന്‍ ആയിരുന്നെങ്കില്‍ ഞാന്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷ മായേനെ..

വന്ന എക്സ്പ്രഷനില്‍ നന്നായി തന്നെ വെള്ളം ചേര്‍ത്ത് ഞാന്‍ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു

" ഹായ്...
എവിടെയാ പേര്???
ങേ...!!!!
അയ്യോ..സോറി..
എന്താ വീട്?  "

പറ്റിയ അബദ്ധം ഭാര്യ എന്റെ വിളറിയ മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കി.

കൊടുങ്ങല്ലൂര്‍ SONG പ്രതീക്ഷിച്ചു നിന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് തനി പ്രാഞ്ചിയേട്ടന്‍ ശൈലിയില്‍ അവള്‍ വളരെ സിമ്പിള്‍ ആയി അഭിപ്രായം രേഖപ്പെടുത്തി.

" ചമ്മല്‍ IS THE  മങ്ങല്‍ OF THE ഫേസ്  & വിങ്ങല്‍ ഓഫ് ദി ഹാര്‍ട്ട്‌.. ഇതാണ് കയ്യിലിരുപ്പെങ്കില്‍  ഐ വില്‍ ഗോ റ്റു  മൈ  SONG ട്ടാ....

കാര്യം എന്താണെന്ന് മനസ്സിലാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപ്പോളും സോഫയില്‍ ഇരുന്നു ഞങ്ങളെ നോക്കി കൊണ്ടേയിരുന്നു.

Monday, 30 March 2015 - 29 comments

ഘര്‍ വാപ്പസി






" ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന...
തിരുമുറ്റത്തെത്തുവാന്‍ മോഹം..."

രാവിലെ എണീറ്റാല്‍ തുടങ്ങും ബാല്യത്തിലേക്ക് തിരിച്ചു പോകണമെന്ന ചിന്ത.
സംഭവം നാട്ടില്‍ പോയാല്‍ മാറാവുന്നതേ ഉള്ളൂ. 

" അബീ...നമുക്ക് നാട്ടിലൊന്നു പോയി വരാം. " 

" പടച്ചോനേ...നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ? 
ചോറും കറിയും അടുപ്പത്താ..ഡ്രസ്സുകള്‍ മുഴുവന്‍ മെഷീനിലും." 
((((((ഠിം ))))))

സ്വതസിദ്ധമായ രീതിയില്‍ നല്ലപാതി പ്രതികരിച്ചു..

രണ്ടു മാസത്തോളമായി പുതിയ കുറേ സ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ കാണുന്നു. എല്ലാം നാട്ടിലെ മാധുര്യമേറിയ ഓര്‍മ്മകള്‍.എന്നും കാണുന്നത് തന്നെയാണ്. എന്നാലും ഇപ്പൊ അതിനു ഒരു പ്രത്യേകതയുണ്ട്.ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്ക്  പോവുകയാണ്.മകളെ നാട് കാണിക്കാനുള്ള ആദ്യയാത്ര.ഞാന്‍ കണ്ടു തീരാത്ത എന്റെ നാട്ടിലേക്ക്....

              പ്രഭാതങ്ങളുടെ ശത്രുവായ അലാറം കേള്‍ക്കാതെ...അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും.....പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും...പള്ളിമണികളുടെ നിലക്കാത്ത മുഴക്കവും കേട്ടു അവള്‍ ഉണരട്ടെ...നമ്മുടെ നാട്ടിലെ കാക്കയേയും.. പൂച്ചയെയും.. തുമ്പിയും.. പൂമ്പാറ്റയെയും.. പശുവിനെയും...ആടിനെയും ഓക്കേ കാണട്ടെ.അക്കൂടെ എനിക്കും കാണാമല്ലോ കണ്ടു തീര്‍ന്നിട്ടില്ലാത്ത എന്റെ നാട്.

                 എല്ലാ തവണയും നാട്ടിലേക് പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്.ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ അവധിക്കാലവും വരുന്നത്.പെന്റിങ്ങില്‍ ഉള്ള എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാമെന്ന പ്രതീക്ഷ. എന്നാലോ? ഒന്നും ചെയ്യാതെ തെക്ക് വടക്ക് നടന്ന് തിരികെ പോരാനാവുമ്പോള്‍ സാമാന്യം മോശമല്ലാത്ത നിരാശയും.

ഇത്തവണയും ഉണ്ട് ഒരുപാട് മോഹങ്ങള്‍.

ഗര്‍ഭിണികളുടെയും പ്രവാസികളുടെയും മോഹങ്ങള്‍ കടല്‍ പോലെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യം.കൊതി പിടിപ്പിക്കുന്ന ചിന്തകളാണ് രണ്ടു കൂട്ടര്‍ക്കും.എന്ത് പറഞ്ഞാലും സാധിച്ചു തരുവാന്‍ ആളുള്ളതിനാല്‍ മോഹവും മൂക്കും.

  • ഉമ്മയുടെ സ്വന്തം കയ്യാല്‍ നിര്‍മിതമായ സോഫ്റ്റ്‌ ദോശ നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയില്‍ മുക്കി രുചിച്ച് ..നാക്കിലെ എരിവിനോപ്പം ഒരു ചുടു ചായ...((((ഹോ)))))
  •  തുഞ്ചന്‍ പറമ്പിലെ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത് നേരില്‍ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളെ ഒന്ന് നേരില്‍ കാണണം.
  •  പഠിപ്പിച്ച അധ്യാപകരെയും..സുഹൃത്തുക്കളെയും കണ്ടു മടങ്ങണം.
  •  പണ്ട് വര്‍ക്കിയ ഓഫിസിലെല്ലാം ഒന്ന് പോകണം
  • സുഹൃത്തുക്കളുമായി ഒരു മൂന്നാര്‍ ട്രിപ്പ്‌...
  • വീട്ടുകാരുമായി ഒരു ആലപ്പുഴ യാത്ര....
  • ക്ഷണിച്ചതും ക്ഷണിക്കാത്തതുമായ കല്യാണങ്ങളില്‍ പങ്കെടുത്ത്  രുചിഭേദങ്ങള്‍ തേടിയുള്ള  ഒരു തീര്‍ഥാടനം ...

അങ്ങിനെ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരുപാട് മോഹങ്ങളോടെ...ഒന്നര വര്‍ഷത്തിനു ശേഷം ഒരു വിരുന്നുകാരനെ പോലെ കയ്യില്‍ പെട്ടികളും സമ്മാന പൊതിയുമായി ഒന്ന് കൂടി സ്വന്തം നാട്ടിലേക് ഒരു യാത്ര.

മലേഷ്യന്‍ വിമാനം പോയത് പോലെ കടലില്‍ പോയില്ലെങ്കില്‍...ഏപ്രില്‍ 10 ന് എന്നെ ഞാനാക്കിയ എന്റെ നാട്ടിലേക് ഞാന്‍ ഒരിക്കല്‍ കൂടി വരുന്നു.

എന്റെ  കമ്പ്യൂട്ടര്‍ ടിപ്സ്  പരീക്ഷിച്ചു പ്രതികരണം കമെന്റ് വഴി പോരാ..കൈ വെച്ച് തന്നെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇതൊരു ചാന്‍സ് ആയി കാണരുതെന്ന അപേക്ഷയോടെ....

നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍.
ഷാഹിദ്.ഇബ്രാഹിം.കെ 
(ഒപ്പ്...)



Friday, 13 February 2015 - 27 comments

ഓഫിസിലെ പെണ്‍കുട്ടി !!!!

ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു!!!!!!!!!

ഡിസൈന്‍ സെന്‍ററില്‍  വളയിട്ട കൈകള്‍ ആര്‍കിടെക്റ്റ് ട്രെയിനി ആയി ജോയിന്‍ ചെയ്യാന്‍ വരുന്നു. അതും ഒരു മലയാളി പെണ്‍കുട്ടി.

വാര്‍ത്ത ഹോട്ട് ആയതോടെ പലരും തല പുകച്ചു തുടങ്ങി.പല വഴിക്കും അന്വേഷണം പോയി തുടങ്ങി.പക്ഷെ ആര്‍ക്കും ഒരു ക്ലൂവും കിട്ടിയില്ല.

ഒരു പെണ്ണിനെ കുറിച്ച് അന്വേഷിക്കാനാനെങ്കില്‍ C.B.I പോലും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഓഫീസിലെ പ്രാദേശിക ലേഖഖനായ റാഫിക്ക  , വീണു കിട്ടിയ വാക്കിനു പുറകെ മണപ്പിച്ചു പോയി സത്യം കണ്ടെത്തുകയും റിപ്പോര്‍ട്ട്  സമര്‍പ്പിക്കുകയും ചെയ്തു.

പേര്        :  ഉമ
നാട്         :  പാലക്കാട്.
25 വയസ്സ്... Single
ഒരാഴ്ചക്കകം ജോയിന്‍ ചെയ്യും.


കേട്ടവരുടെയെല്ലാം മനസ്സില്‍ ലഡ്ഡു പൊട്ടി....എന്റെ മനസ്സിലും...
വേറെയും ലേഡീസ് സ്ടാഫുകള്‍ ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു.

ലോകത്തോട്‌ മുഴുവന്‍ പ്രണയം പ്രഖ്യാപിച്ചു..നിറയെ ബോയ്‌ ഫ്രെണ്ട്സുമായി ..ആരെയും കൂസലില്ലാത്ത മരിയ....

ഒന്ന് പറഞ്ഞു രണ്ടിന് ആരോടും കേറി ഉടക്കുന്ന കത്രീന...എങ്കിലും മലയാളി പെണ്‍കുട്ടി ആദ്യമായാണ്..

വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌.പാഴാക്കരുത് ഒരു വാക്ക് പോലും എന്ന പോളിസിയില്‍ മുറുകെ പിടിച്ചു നടക്കുന്നതിനാല്‍ ഇവരുടെ മുന്നില്‍ ഞാന്‍ എന്നും മിതഭാഷി തന്നെയായിരുന്നു.

സത്യായിട്ടും....!!!!!

വാര്‍ത്ത എന്തായാലും ഓഫീസില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.എന്നും രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ വരാറുള്ള അനസ് താടിയും മുടിയും മുറിച്ചു സുന്ദരനായിരിക്കുന്നു.

വേസ്റ്റ് ബോക്സ്‌ സ്ഥാനം തെറ്റി വെച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന ഓഫീസി ടേബിള്‍ ക്ലീനാക്കി അച്ചായനും പുതിയ സ്റ്റാഫിനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. തന്റെ ടാബിളിനു അടുത്ത് പുതിയ കമ്പ്യൂട്ടര്‍ സ്ഥാപിച്ചു കൊണ്ടാണ് റിയാസ് ഒരുങ്ങിയത്.

ഇവന്മാരൊന്നും പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? കണ്ട്രി ഫെല്ലോസ്..ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ കാത്തിരുന്നു കാത്തിരുന്നു ആ ദിവസം വന്നെത്തി. അന്നും പതിവ് പോലെ അലാറം കൃത്യ സമയത്ത് വിളിച്ചുണര്‍ത്തി. ഷാര്‍ജയില്‍ അന്നും As Usual പുലരി ചിറകടിച്ചിറങ്ങി 

പതിവ് പോലെ എണീറ്റ്‌ കയ്യും കാലുമൊക്കെ ഒന്ന് വലിച്ച് പൊക്കി രണ്ടു ചാട്ടമോക്കെ ചാടി ഒന്നുഷാറായി കണ്ണാടിയില്‍ നോക്കി.മനസ്സ്  6 പാക്കിനും  8 പാക്കിനും കൊതിക്കുന്നുന്ടെങ്കിലും വയറു ഫാമിലി പാക്ക് പോലെ ആകുന്നുണ്ടോ ??????

ആ മലയാളിക് എന്തിനാ സിക്സ് പാക്ക്? എങ്കിലും ഞാനൊരു സുന്ദരന്‍ തന്നെ. എന്നെ പണ്ട് മുതലേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നുവെന്നു പണ്ടത്തെ കൂട്ടുകാരി  ഇന്നലെ കൂടി പറഞ്ഞതെ ഉള്ളൂ..
എത്ര ഒരുങ്ങിയിട്ടും മതിയാകാത്ത പോലെ.

" ഡോ...മുഖം മിനുക്കി മിനുക്കി എന്നെ ഒന്ന് പറ്റിച്ചതാ..ഇനിയത് വേണ്ട.സല്‍മാന്‍ ഖാന്‍ ആണെന്നാ വിജാരം., നടക്കുമ്പോ പോക്കറ്റില്‍ എന്തെങ്കിലും പാറക്കഷണം വെക്കാന്‍ മറക്കണ്ട. പുറത്ത് നല്ല കാറ്റു വീശുന്നുണ്ട്. പറന്നു പോകും. "

ഠിം ....
ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ല എന്നാ അഹം ഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുന്പോളാ യിരുന്നു പുറകില്‍ നിന്നും പ്രിയതമയുടെ  ഉപദേശം  
ലവളിന്നു രാവിലെ തന്നെ അപാര ഫോമിലാണല്ലോ..അല്ലെങ്കിലും എന്നെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ അവള്‍ക്  പി.സി. ജോര്‍ജിന്റെ നാവാണ്.

ഞാന്‍ നാവിറങ്ങിയവനെ പോലെ ഊമനായി തിരിച്ചു നടന്നു.

അന്ന് പതിവിലും നേരത്തെ ഓഫീസില്‍ എത്തി.ട്രാഫിക്കിനെ തെറി വിളിച്ചു എന്നും 8.30 ആയാലും ഓഫീസില്‍ എത്താത്ത പലരെയും അന്ന് ഞാന്‍ 7.30 നു ഞാന്‍ കണ്ടു.
" എത്രയോ..ജന്മമായ്...നിന്നെ ഞാന്‍ തേടുന്നൂ...."
അച്ചായന്‍ ആ ഗാനം അതുണ്ടാക്കിയവര്‍ക്ക് അറ്റാക്ക് ഉണ്ടാക്കുന്ന വിധം പാടുന്നു...

ലേബര്‍ റൂമിന്റെ മുന്നില്‍ വൈറ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന അനസ്സ്..

വെള്ള മുണ്ടിന്റെ പരസ്യത്തിലെ മമ്മുട്ടിയെ പോലെ കയ്യും കെട്ടി ഒരു മൂലയില്‍ നിന്നും വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന റിയാസ്.

ക്ലോക്കിലെ സൂചികളുടെ ചലനം ഹൃദയമിടിപ്പിനോട് ഏറ്റു മുട്ടുന്നു.ക്ലോക്കിലെ ശബ്ദമാണോ അതോ ഹൃദയമിടിപ്പാണോ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്നാ ഡൌട്ട് മാത്രമേ ഉള്ളൂ...

സമയം 10 കഴിഞ്ഞു..12 കഴിഞ്ഞു...1 കഴിഞ്ഞു...ക്ലോക്കിലെ സൂചികള്‍ ഓടിക്കൊണ്ടേ ഇരുന്നു.ഉമ മാത്രം വന്നില്ല.

പുതിയ ട്രെയിനി നാളെയെ ജോയിന്‍ ചെയ്യുന്നുള്ളൂ..ഒമര്‍ സാറാണ് എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ പ്പിച്ച ആ സത്യം പുറത്ത് വിട്ടത്.

"  പുല്ല്...അപ്പൊ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു എല്ലാം വേസ്റ്റ്. ഇനിയും ഒരു ദിവസം കൂടി കാത്തിരിക്കണമല്ലോ "  എന്ന് പിറു പിറു ത്ത്  അനസ് ഫ്ലോറില്‍ ആഞ്ഞു ചവിട്ടി.

സമയം ഒരു ഉച്ച..ഉച്ചര..ഉച്ചേ മുക്കാല്‍ ആയിട്ടുണ്ടാകും.ലഞ്ച് കഴിഞ്ഞു കസേരയില്‍ തന്നെ ഇരുന്നു ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും ചില്ലി ക്കാശു ചിലവില്ലാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്നാ മനോഹരമായ തളികയില്‍ യാത്ര ആരംഭിക്കുകയായിരുന്നു.

" ഹായ് "
അരി ചെമ്പി നകത്ത്  തലയിട്ടു സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം കേട്ടാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്.

ആറടി രണ്ടിഞ്ചു പൊക്കം. അവന്റെ ചുരുണ്ട തലമുടി നെറുകയില്‍ അല്‍പ്പം മാത്രം നിറുത്തി ബാക്കിയൊക്കെ വടിച്ചു കളഞ്ഞിരിക്കുന്നു.കൊള്ളാം നന്നായിട്ടുണ്ട്. ആകെയൊരു " യോ ..യോ " ലുക്ക്‌.

Hi. am Uma.. UMA SHANKAR  "

ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പേ അവന്‍ പരിചയപ്പെടുത്തി.ഞാന്‍ ചുറ്റും ഒന്ന് നോക്കി.പ്രതീക്ഷിച്ച പോലെ എല്ലാവരുടെ കണ്ണുകളും റാഫിക്ക യെ തേടുകയായിരുന്നു.എന്റെ കണ്ണുകള്‍ അറിയാതെ ഉമയുടെ കൈകളിലേക്ക് നീണ്ടു.

അതെ വള അവിടെ തന്നെയുണ്ട്‌...



Tuesday, 27 January 2015 - 21 comments

തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല.



" തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല.ഞാന്‍ ഒരു ചവിട്ടു വെച്ച് തരുംട്ടാ ഐശൂ.... "

അബിയുടെ ആക്രോശം കേട്ടു കൊണ്ടാണ് ഞാന്‍ വീട്ടിലെത്തിയത്.ചവിട്ടു മാറി എനിക്ക് കൊണ്ടാലോ എന്ന് കരുതി വളരെ സൂക്ഷിച്ചാണ്  ഞാന്‍ റൂമില്‍ പ്രവേശിച്ചത്.

യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ കിടക്കുന്ന സിറ്റിംഗ് റൂം.
തല വഴി കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന ഭാര്യ....
കരയണോ..ചിരിക്കണോ എന്നാ കണ്ഫ്യൂഷനില്‍ നില്‍ക്കുന്ന ഒരു വയസ്സുകാരി ഐശു...
കാര്യങ്ങള്‍ ഒരുവിധം പറയാതെ തന്നെ മനസ്സിലായി.


ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.ചെന്ന പാടെ..ടിവി ഓഫ്‌ ചെയ്തു കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന അബിയെ നോക്കി സോഫയില്‍ ഇരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

" ഹും...ചിരിച്ചോ...ചിരിച്ചോ...തങ്കക്കുടം പോലൊരു പെണ്ണിനെ കിട്ടിയിട്ട് നോക്ക്  വെല്ല വിലയും ഉണ്ടോന്നു? പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു .എപ്പോളും എന്നോട് വര്‍ത്താനം പറയാന്‍ വരുമായിരുന്നു.ഇപ്പൊ കണ്ടില്ലേ? ഒന്നും മിണ്ടാനുമില്ല..പറയാനുമില്ല. വായ് തുറക്കുന്നത് എന്നെ കളിയാക്കാന്‍ വേണ്ടി മാത്രം "

അശോക വനത്തിലെ സീതയുടെ കരച്ചില്‍ അടുക്കളയില്‍ നിന്നും കേള്‍ക്കാം.
കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും ശബ്ദ കോലാഹലങ്ങള്‍ നിന്നു.കയ്യും മുഖവുമൊക്കെ കഴുകി സഹധര്‍മിണി ഹാജര്‍ ആയി എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നു.

അതേയ്....
ഇയാള്‍ക്ക് എന്നോട് എട്രേം..ഇഷ്ട്ടമുണ്ട്?

ദൈവമേ....വരാന്‍ പോകുന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ മാത്രമാണോ ഇത്?
നെഞ്ഞിടിപ്പ്‌ പുറത്ത് കാട്ടാതെ ഞാന്‍ ചോദിച്ചു.

" എന്തൂട്ട്....? "
പറ..എന്തോരം ഇഷ്ട്ടമുണ്ട് ?
അബിയുടെ സ്വരത്തിന് പതിവിലേറെ റൊമാന്റിക് ഫ്ലേവര്‍.

കുറേ....
കുറേന്ന് പറഞ്ഞാല്‍ ?
അബി വിടാനുള്ള ലക്ഷണമില്ല.
രണ്ടു കയ്യും വിടര്‍ത്തി പ്പിടിച്ചു ഞാന്‍ പറഞ്ഞു 
" ഇട്രേം .... "

എന്നാല്‍ നമുക്കൊന്ന് നടക്കാനിറങ്ങിയാലോ? കോര്‍നീഷില്‍ പോയി അവിടത്തെ തണുത്ത കാറ്റുമേറ്റ് ...കൈകോര്‍ത്തു നടക്കുവാന്‍ തോന്നുന്നു. "
ഇന്നെന്തു പറ്റി ?  ഭയങ്കര റൊമാന്റിക് ആണല്ലോ?

" പ്രിയനേ..നീ അറിയുന്നതിനപ്പുറം ..ചിലതുണ്ട്....
പറയുവാന്‍ ഞാന്‍ മടിക്കുന്ന ചിലത്...
ഞാന്‍ ഞാനെന്ന ഭാവം വെടിഞ്ഞു 
ചിലത് പറയട്ടെ നിന്നോട്.."

കഞ്ചാവടിച്ചു  ഇംഗ്ലീഷ് പറയുന്ന ദിലീപിനെ നോക്കി സലിം കുമാര്‍ ചോദിച്ച പോലെ ഞാനും ചോദിച്ചു
" ആഹാ...അതെപ്പോ...."
കുറുക്കില്‍ കുളിച്ചാല്‍ ഇങ്ങിനെ സാഹിത്യം വരുമോ?
എന്തായാലും റൊമാന്റിക് മൂഡ്‌ കളയണ്ട എന്ന് കരുതി ഞാനും വേഗം റെഡിയായി നടക്കാനിറങ്ങി.

പോകുന്ന വഴിയില്‍ റെഡിമൈഡ്  ഷോപ്പ് കണ്ടപ്പോള്‍  ഭാര്യക്ക് ഒരു സൈഡ് വലിവ്. പച്ചില കണ്ട പശുവിനെ പോലെ എന്നെ മുന്നോട്ടു വലിച്ചു കൊണ്ട് പോകുന്ന അബി. പഴ്സ് അരുതേ...അരുതേ...എന്ന് പറഞ്ഞു പുറകോട്ടു വലിക്കുന്നു.

" ഇയാള്‍ടെ ഷര്‍ട്ട്‌ എല്ലാം പഴയതായി തുടങ്ങിയിരിക്കുന്നു.ഒരെണ്ണം ഇയാള്‍ക്ക് വാങ്ങിച്ചു തരുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. എതിര് നില്‍ക്കരുത്. പ്ലീസ്...

ഞാനവളെയൊന്നു നോക്കി പുഞ്ചിരിച്ചു.

ഇയാള്‍ കാശ് ഒന്നും മുടക്കണ്ട ഇയാള്‍ക്കുള്ള ഷര്‍ട്ട്‌ ഞാന്‍ വാങ്ങിച്ചു തരാം.എന്റെ പുഞ്ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ഭാര്യ പറഞ്ഞു.
ഇനി ഭാര്യയുടെ ആഗ്രഹത്തിന് എതിര് നിന്നു എന്നാ ചീത്ത പേര് വേണ്ട എന്നാ ഒറ്റ കാരണത്താല്‍ ( അല്ലാതെ കാശ് ചിലവ് ഇല്ല എന്നറിഞ്ഞത് കൊണ്ടല്ല...സത്യം ) കാറ്റു കൊള്ളാനിറങ്ങിയ ഞങ്ങള്‍ ആ ഷോപ്പിലെ എസിയുടെ തണുത്ത കാറ്റേറ്റു നടന്നു.

വെള്ളിയാഴ്ച ആയത് കൊണ്ടാവണം മാളില്‍ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും...വെറുതെ സമയം കളയാന്‍ വന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.   

കുറേ കാലമായി ആഗ്രഹിച്ചു നടന്നിരുന്ന ഒരു വൈറ്റ് ഷര്‍ട്ട്‌  ഞാനെടുത്തു അബിയോടു ചോദിച്ചു 
"ഇതെങ്ങിനെ ഉണ്ടെടോ ? "
whaat ?????/
ഇംഗ്ലീഷിലുള്ള മറുപടി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. 
ഇറുകിയ ചുവന്ന ഉടുപ്പം..പാവാട പോലൊരു സാധനവുമിട്ട് ഒരു ഫിലിപ്പൈനി. കൊള്ളാം നല്ല ഭംഗിയോക്കെയുണ്ട്. കുറവെന്നു പറയാനുള്ളത് തുണി മാത്രം.

അവള്‍ എന്നെ നോക്കി ഒരു ക്ലോസപ്പ് പുഞ്ചിരി പാസ്സാക്കി.
Acknowledgment ആയി ഞാനും ഒരു പുഞ്ചിരി പാസ്സാക്കി.
അങ്ങിനെ ഞങ്ങളുടെ രണ്ടു പേരുടെയും പുഞ്ചിരികള്‍ കൂട്ടിമുട്ടി ട്രാഫിക് ജാം ഉണ്ടാവുന്നതിനു മുന്‍പേ..കയ്യില്‍ ഒരു കറുത്ത ചുരിദാരുമായി ട്രാഫിക് പോലിസ് എത്തി.

" എനിക്ക് ഈ ബ്ലാക്ക്‌ നല്ല ഭംഗിയുണ്ടാവില്ലേ?
ഷര്‍ട്ട്‌ വാങ്ങാന്‍ വന്നവള്‍ ചുരിദാറുമായി നില്‍ക്കുന്നു.

" ഇയാള്‍ക്ക് ഞാനൊരു ഷര്‍ട്ട്‌ വാങ്ങി തരുമ്പോള്‍ എനിക്ക് ഒരു ചുരിദാരെങ്കിലും വാങ്ങി തന്നില്ലെങ്കില്‍ അതിന്റെ മോശം  ഇയാള്ക്കല്ലേ?  ഇയാള്‍ ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് എന്റെ മുന്നിലായാല്‍ പോലും.അബി വികാരാധീനനായി....

ആഹാ...അത് കൊള്ളാലോ...ഇത്രക്കൊന്നും എന്നെ സ്നേഹിക്കല്ലേ.....
എന്റെ കണ്ണ് ആദ്യം പോയത് പ്രൈസ് ടാഗിലെക്കായിരുന്നു.

" ഇത് ബോറാനബീ.....
ഇയാള്‍ക്കിത് ചേരില്ല.
സന്ധ്യക്ക് എന്തിനു സിന്ദൂരം?
സിമ്പിള്‍ മോഡലാ ഇയാള്‍ക്ക്  നന്നായി ചേരുന്നത് .."

ഒരു വെറൈറ്റിക്ക്  നമുക്കീ ബോറന്‍ ഡ്രസ്സ്‌  തന്നെ എടുത്താലോ? 
ഒരു ചേഞ്ച്‌ ഓക്കേ ആരാ ഇഷ്ട്ടപ്പെടാത്തെ?

സ്ത്രീകളുടെ മനസ്സിലേക്കുള്ള ഷോര്‍ട്ട് കട്ട് പുകഴ്ത്തല്‍ ആണെന്ന എന്റെ പൊതു വിജ്ഞാനം പാളിപ്പോയി.

ചുരിദാറിനുള്ള കാശും വാങ്ങി അബി ബില്‍ അടക്കുവാന്‍ റെഡി ആയി.
വിശപ്പിന്റെ വിളി വരുന്നു. ഇനി നമുക്ക് കോര്‍നീഷിലെ കാറ്റു കൊള്ളണോ അബീ? ഇത്രയും പോരെ?
" ഞാനും അത് പറയാന്‍ ഇരിക്കയായിരുന്നു. ഇനിയിപ്പോ പോയിട്ട്  ഫുഡ്‌ ഒന്നും ഉണ്ടാക്കാന്‍ നേരമില്ല. സമയത്തിനു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അള്‍സര്‍ വരുമെന്ന് ഉമ്മച്ചി പറയാറുണ്ട്‌.

ഠിം.....
ലക്‌ഷ്യം അടുത്തുള്ള ഉടുപ്പി റെസ്റ്റൊരന്റ്റ്  ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ട വന്നുള്ളൂ...

അങ്ങിനെ എല്ലയിടത്തേം കാറ്റും കൊണ്ട്  തളര്‍ന്നു ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി.ടിവി ഓണ്‍ ചെയ്യാനായി റിമോട്ട് തപ്പിയപ്പോളാണ്  ഞങ്ങള്‍ പോയ റെഡിമൈഡ്  ഷോപ്പിന്റെ ബ്രൌഷര്‍ കണ്ണില്‍ പെട്ടത്.
അതിലെ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.

" ഒരു ചുരിദാര്‍ വാങ്ങിയാല്‍ ഒരു ഷര്‍ട്ട്‌ ഫ്രീ "

ഏതു വലിയ സോഫ്റ്റ്‌ വെയറും ക്രാക്ക് ചെയ്യാമെന്ന് അഹങ്കരിച്ച എനിക്ക് അവളുടെ സാഹിത്യം ക്രാക്ക് ചെയ്യാന്‍ കഴിയാതെ പോയി...

Monday, 26 January 2015 - 16 comments

അവള്‍ പറഞ്ഞ കഥ.



അലുമിനിയുടെ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ അവള്‍  അതിശയിച്ചു പോയി. കോളേജ് വിട്ട ശേഷം ആരുമായും സൌഹൃദം തുടരുവാന്‍ ആശിച്ചിരുന്നില്ല. വെറുതെ തുറന്നു നോക്കി.സംഘാടകരുടെ ഫോട്ടോയുമുണ്ട്‌.അതിലൊരു മുഖം!!!!!

          നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ആ മുഖം കാണുന്നത്. പണ്ട് ഏതു ആള്‍ക്കൂട്ടത്തിനിടയിലും  ഞാന്‍ തിരിച്ചറിഞ്ഞിരുന്ന രൂപം. അല്‍പ്പം തടി വെച്ചിട്ടുണ്ട്.

അവള്‍ തന്നെയൊന്നു നോക്കി.താനും ഒരുപാട് മാറിയിരിക്കുന്നു.തടിച്ചുരുണ്ട്...കാലങ്ങള്‍ കൊഴിഞ്ഞു പോകുന്നതറിയിക്കുന്ന ചില വെള്ളി രേഖകള്‍ മുടിയില്‍. പക്ഷെ അതിനേക്കാളേറെ മാറിയിരിക്കുന്നു മനസ്സ്.

ഇന്ന് തന്റെ ലോകം " കൃഷ്ണ പ്രിയ" എന്ന ഈ വീട്ടില്‍ ഒതുങ്ങിയിരിക്കുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായ അജീവന്റെ ഭാര്യ...ചിന്മയ വിദ്യാലയത്തിലെ നക്ഷരയുടെയും തൂലികയുടെയും അമ്മ.പണ്ടത്തെ നാട്ടു പ്രമാണിയായ കേശവന്‍റെ മരുമകള്‍.

ഉണ്ടായിരുന്നു കുറേ സ്വപ്‌നങ്ങള്‍.നല്ലൊരു ജോലി.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു കൊച്ചു കുടുംബം.

ദാമ്പത്യത്തില്‍ ഒരാള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോള്‍ മറ്റേയാളുടെ മനസ്സ് ഒരുപാട്  മുറിപ്പെടും.പ്രത്യേകിച്ച് പങ്കാളിയെക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക്  നല്‍കുമ്പോള്‍.

ഓരോ തവണയും അപമാനിക്കപ്പെടുമ്പോള്‍ അവളിലെ സിംഹിണി സട കുടഞ്ഞെഴുന്നെല്‍ക്കും.പക്ഷെ സാരി തുമ്പില്‍ പിടിച്ചു വലിക്കുന്ന രണ്ടു കുഞ്ഞി കൈകള്‍.

മകര മാസത്തിലൊരു പുലരിയില്‍ അയാളുടെ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയപ്പോളും ..പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണിന്റെ മണമറിഞ്ഞ പെണ്ണിന് അതില്ലാതെ പറ്റില്ലാന്നു  അയാള്‍ തെളിയച്ചപ്പോളും അവള്‍ക്കു രണ്ടു കുഞ്ഞുങ്ങളായി.

പൊരുത്തപ്പെടില്ലാന്ന്‍  തുടക്കത്തിലെ അറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് പിന്നെന്തിനു കൂടെ ജീവിക്കാന്‍ തയ്യാറായെന്നു അജീവ് പല തവണ ചോദിച്ചിരുന്നു.വിധിയെ ചെറുക്കാനുള്ള തന്റേടം അവള്‍ക്കുണ്ടായിരുന്നില്ല അന്നും ഇന്നും.സ്വന്തം സുഖത്തെ ക്കുറിച്ച് ഒരിക്കലും ഓര്‍ത്തില്ല.ഇത്ര കാലം വളര്‍ത്തിയ അച്ഛനമ്മമാര്‍.അവരെ വേദനിപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ഒരു ദേഷ്യത്തിനു പറയുന്നതിനപ്പുറം പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലാന്നു അവര്‍ക്ക് അറിയാമായിരുന്നു.
എന്നിട്ടും..എന്നിട്ടുമെന്താ   ഈ മുഖമെന്നില്‍  നഷ്ട്ടബോധമുണര്‍ത്തിയത്  ????

" ഇത്ര നേരമായിട്ടും  ഉമ്മറത്ത് ഒരു നിലവിളക്ക് വെക്കാനായില്ലേ? അവരൊക്കെ രാത്രി വരുന്നതാ.ഞങ്ങളുള്ള കാലത്തല്ലേ അവരക്കിവിടന്നു രണ്ടു വറ്റ് കൊടുക്കുവാന്‍ പറ്റൂ. "

കയ്യിലെ കടലാസ്സു കഷണം എന്നത്തേയും പോലെ തീനാളങ്ങള്‍ക്ക്  ഭക്ഷണമാക്കി നല്ലൊരു മരുമകളായി അവള്‍ ഉമ്മറത്തെക്കോടിപ്പോയി.

Thursday, 1 January 2015 - 25 comments

ഓപറേഷന്‍ പാലും ചായ.




മമ്മുട്ടിയുടെ പഴശ്ശിരാജ പോലെ..ഇതും ഒരു ചരിത്രത്തിന്റെ പച്ചയായ പുനരാവിഷ്കരനമാണ്.മറ്റൊരു ഒളിപ്പോരിന്റെ കഥ.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌...പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്.അതികം നാളുകള്‍ ആയിട്ടില്ല. ജാഡക്ക്  ജാഡ..എളിമക്ക്  എളിമ...പതപ്പിക്കലിനു..പതപ്പിക്കല്‍ ഇത്യാദി ലൊട്ടു ലൊടുക്കു ഐറ്റംസ് ഇറക്കി കമ്പനിയില്‍ (ചീത്ത)പേരെടുത്തു വരുന്നതേയുള്ളൂ...

                                                   അന്നൊരിക്കല്‍ ഒരു ശനിയാഴ്ച ദിവസം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു ഓഫീസില്‍ പോകുവാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.H.R മാനേജര്‍ക്ക് വെറുതെ പണിയുണ്ടാക്കണ്ട എന്നാ ഒറ്റക്കാരണത്താല്‍ അന്നും ഞാന്‍ ഓഫീസില്‍ പോയി.രാവിലെ തന്നെ എല്ലാവരും സീറ്റില്‍ എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് ഉറക്കം തളം കെട്ടി നില്‍ക്കുന്നു.

" ആ ചെറ്റ^%^$$^൫ഏ%$ഇ%$#  ഒരു പണികൊടുക്കണം.അവന്റെയൊക്കെ വിജാരം അവന്‍ മേലാളും നമ്മള്‍ അടിയാന്മാരുമാനെന്നാ "

അന്‍സാറിന്റെ ശബ്ദം അവിചാരിതമായതിനാല്‍ എല്ലാവരും ഒന്ന് പകച്ചു പോയി.

അന്‍സാറിന്  മൂക്കത്ത് ആണ് ശുണ്ടി. അതായത്..മൂക്കത്ത് ഒരു ഈച്ച വന്നിരുന്നാല്‍ അതിന്റെ തന്തക്ക് വരെ വിളിക്കുന്ന ശാന്ത സ്വഭാവം.

നോണ്‍ഡിക്ഷ്ണറിക്കല്‍ വേഡുകള്‍ കേട്ടപ്പോളെ...ആരെയാണ്  ഉദ്ദേശിച്ചതെന്നു മനസ്സിലായി.ഞങ്ങളുടെ എല്ലാമെല്ലാമായ HR മാനേജര്‍.

 പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്.അങ്ങ് വടക്കന്‍ കേരളത്തില്‍ ആയിരുന്നെങ്കില്‍ പാണന്‍ അത് പാട്ടായി പാടി നടക്കുമായിരുന്നു.
സുന്ദരനാണ്...
സുമുഖനാണ്‌....
സര്‍വോപരി സംഭാഷണ പ്രിയനാണ്..
സംഭാഷണം കേള്‍ക്കുന്നവന്‍ മുഖമടച്ചു ഒന്ന് പൊട്ടിക്കാതെ വേറെ പണിക്കു പോകില്ല.
അത്രക് കേമനാണ് ഞങ്ങളുടെ HR.

കഴിഞ്ഞ മാസത്തില്‍ ഒരു ദിവസം കേവലം ഒരു 15 മിനിട്ട് വൈകിയതിനു ഹാഫ് ഡേ സാലറി കട്ട് ചെയ്തതാണ് ഇന്നത്തെ തെറിവിളിയുടെ കാരണം.

" അതെ..അയാള്‍ക്കിട്ട്‌ പണി കൊടുക്കണം.പക്ഷെ അയാള്‍ അത് അറിയാനും പാടില്ല.

ബൂസ്റ്റ്‌ കുടിച്ചു ഫീല്‍ഡില്‍ ഇറങ്ങിയ സച്ചിനെ പോലെ ഞാനും ഇറങ്ങി പണി കൊടുക്കല്‍ കമ്മറ്റിയിലെ സജീവ മെമ്പര്‍ ആവാന്‍.

 പക്ഷെ എങ്ങിനെ????
ചോദ്യം അപ്പോളും അവശേഷിച്ചു.

ആ സമയത്താണ് രാവിലത്തെ ചായയുമായി ഞങ്ങളുടെ സ്വന്തം റാഫിക്ക എത്തിയത്.ചായയുടെ ഛ യ പോലുമില്ലാത്ത ചായ.

ന്യൂട്ടന്റെ തലയില്‍ ആപ്പിള് വീണത് പോലെ ചായ കുടിച്ചപ്പോളാണ്  റിയാസിന്റെ തലയില്‍ ബള്‍ബ് കത്തിയത്.

"പണി പാലും ചായയില്‍ കൊടുത്താലോ ? "

" പാവം റാഫിക്കാക്  മറുപണി കിട്ടും "
മുഖത്ത് മാത്രം നിഷ്കളങ്കതയുള്ള ശാന്ത സ്വഭാവക്കാരനായ അച്ചായനാണ്‌  " ഓപ്പറേഷന്‍  പാലും ചായ"  യുടെ ടെക്നിക്കല്‍ പ്രോബ്ലെംസ് വിവരിച്ചത്.

മനസ്സില്‍ വന്ന ദേഷ്യം മുഴുവന്‍ പാവം സാന്‍വിച്ചില്‍ തീര്‍ത്തു.

" എന്നെയോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട.എനിക്ക് പണി കിട്ടില്ല.കാരണം മാനേജര്‍ പുള്ളിക്കുള്ള ചായ സ്വയം ഉണ്ടാക്കലാണ് പതിവ്.നിങ്ങള്‍ " ഓപ്പറേഷന്‍ പാലും ചായ " യുമായി  ദൈര്യമായി  മുന്നോട്ടു പൊയ്ക്കോളൂ..ഞാനും ഈ കമ്മറ്റിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നു."
റാഫിക്ക എന്തിനും തയ്യാറായി മുന്നില്‍ നില്‍ക്കുന്നു.

താങ്കളെ തന്നെ ഇതിന്റെ ടീം ലീഡര്‍ ആയി ഇപ്പൊ തന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാവരുടെയും ഉറക്ക ക്ഷീണം പമ്പ കടന്നു.

" പഞ്ചസാര പാത്രത്തില്‍ അല്‍പ്പം ഡിറ്റര്‍ജന്റ്റ്  മിക്സ്‌ ചെയ്തു വെച്ചാല്‍ മാത്രം മതി.ബാകിയൊക്കെ മാനേജര്‍ തന്നെ ചെയ്തോളും.ഓപറേഷന്‍ സീക്രട്ട് ടീം ലീഡര്‍ വെളിപ്പെടുത്തി.

അല്‍പ്പം പഴഞ്ചന്‍ ഐഡിയ ആണെങ്കിലും വേറെ ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ ആ കണ്ടു പിടുത്തം എല്ലാവര്ക്കും സ്വീകാര്യമായി.
അനസിന്റെ മുഖം തെളിഞ്ഞു ( എല്ലാവരുടെയും )

"ശുഭ കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ പാടില്ല.ഇന്ന് തന്നെ എല്ലാം റെഡി ആക്കി വെച്ചിട്ട് പോയാല്‍ മതി."
ആവി പൊങ്ങുന്ന ചായയില്‍ കണ്ണോടിച്ചു റിയാസിന്റെ ഉപദേശം.

നെക്സ്റ്റ് ഡേ..
സ്ഥലം ഓഫീസ്. സമയം രാവിലെ 8 മണി.അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രീ..ഹ്യുമിടിട്ടി 80 ശതമാനം.ദൂരെ നിന്നും ഫുള്‍ സ്ലീവോക്കെയിട്ട്  ഇന്‍ ചെയ്തു കയ്യില്‍ ഒരു ബേഗുമായി മാനേജര്‍ വരുന്നത് കാണാം.

" GO TO YOUR CLASSES " പറഞ്ഞത് മനസ്സിലായില്ലേ..എല്ലാവരും അവരവരുടെ സീറ്റില്‍ പോയിരിക്കാന്‍.അച്ചായന്‍ മുന്നറിയിപ്പ് തന്നു.

പതിവിനു വിപരീതമായി ഇന്ന് എല്ലാവരുടെ മുഖത്തും വലിയ സന്തോഷമാണ്.ഇന്നാണ് ആ സുദിനം.ഓപ്പറേഷന്‍ പാലും ചായ.ടോയ്ലറ്റിലെ ബക്കറ്റ് ( മൈ ബോസ്സ് ഷാജൂണ്‍ ) വാങ്ങി മുടിയാത്തവര്‍ ഈ ഓഫീസില്‍ വിരളം.

 സമയം 8.10
ഓഫീസില്‍ കൃത്യ സമയത്ത് ലഭിക്കുന്ന ഒരേ ഒരു വസ്തുവായ ചായയുമായി റാഫിക്ക വന്നു.

" എന്തായി നമ്മുടെ ഓപ്പറേഷന്‍ ?  സക്സസ് ആവുമോ "
ഉത്തരം ലഭിക്കുന്നതിനു മുന്പേ.. " പ" യില്‍ തുടങ്ങി "ന്‍ " ല്‍ അവസ്സാനിക്കുന്നതുമായ ഒരു നെടുങ്കന്‍ ഡയലോഗും അടിച്ചു അന്‍സാര്‍ വാഷ്‌ ബേസിനരികിലെക്  ഓടി.

റാഫിക്ക ഞങ്ങള്‍ക്കിട്ടു പണി തന്നതാണോ?? അതോ മാനേജര്‍ക്ക് റെഡി ആക്കി വെച്ച പഞ്ചസാര അറിയാതെ ഇട്ടു പോയതാണോ?

സമ്മര്‍ ഇന്‍ ബത് ലഹെമിലെ പൂച്ചക്കുട്ടിയെ പാര്‍സല്‍ അയച്ചതാര്?  എന്നാ ചോദ്യം പോലെ ഇപ്പോളും നിഗൂഡമായി തുടരുന്നു.

ആ സംഭവം റാഡിക്കല്‍ ആയ മാറ്റമാണ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.
എന്താണെന്നല്ലേ?

"ഞാന്‍ ചായ കുടി നിര്‍ത്തി " 
Sunday, 7 December 2014 - 8 comments

നൊമ്പരം

ഒരു നേർത്ത നൊമ്പരം എന്നിലവശേഷിച്ചു
നീർ ക്കുമിള പോലൊരു സൌഹൃദ മോർക്കുവാൻ
നൽകിയ സ്നേഹം ഉയർത്തുന്ന നൊമ്പരം
വേദന മാത്രം ബാക്കിയാക്കിയ വിങ്ങലും
ഈ ശാപ ജന്മത്തിൽ മുക്തി നേടുവാൻ
സ്വയമോരുക്കിയ ചിതയിൽ
ഞാൻ നീറി വെന്തീടാവേ
ക്രൂ രമീ ലോകം നഷ്ട്ട സ്വപ്‌നങ്ങൾ നിറയുന്നു.
അരുതാത്ത മോഹത്തിൻ തിൗരി കൊളുത്തുമ്പോൾ
പൊള്ളുന്നു ..മനസ്സും ഈ കയ്യിനോപ്പം
ഉള്ളിലെ തീ ക്കനൽ ഊതി കെടുത്തുവാൻ
ഒരു കാറ്റു മില്ല വീശിടുന്നു
ഒരു മഴ തുള്ളി പോഴിയവേ എന്നിലെ
കണ്ണു നീർ മുത്തം പിണ ങീ ടുന്നു




Thursday, 4 December 2014 - 25 comments

ഒരു ദാല്‍ ബാട്ടിക്കഥ

കുറച്ചു ദിവസങ്ങളായി നല്ല ജോലി തിരക്കിലായിരുന്നു.പുതുതായി ജോയിന്‍ ചെയ്ത കമ്പനി ആയ കാരണം വര്‍ക്ക് ലോഡ് കൂടുതലാണ്.നല്ലൊരു സ്വപ്നം പോലും കാണാന്‍ സാധിക്കാതായിരിക്കുന്നു.കണ്ണടച്ചാല്‍  " ഇനിയും തീര്‍ന്നില്ലേ..." എന്ന ഒരൊറ്റ ചോദ്യവുമായി മുന്നില്‍ നില്‍കുന്ന ബോസ്സിന്റെ രൂപം മാത്രം.

" ഞാനിത് തിന്നു തീര്‍ക്കുകയല്ല,,," എന്ന് പറയാനായി തുനിഞ്ഞപ്പോളാണ് സുരേഷ് ഗോപിയുടെ വചനം ഓര്മ വന്നത് .  " ഒരൊറ്റ ചോദ്യം മതി....ജീവിതം മാറി മറിയാന്‍ "അത് കൊണ്ട് മാത്രം ഞാന്‍ മനസ്സില്‍ തികട്ടി വന്നത് അവിടെ തന്നെ ഒതുക്കി.
അല്ലേലും എനിക്കിങ്ങിനെ പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.പിന്നെ....കുടുംബം........

അങ്ങിനെ കാത്തു കാത്തിരുന്ന വ്യാഴം വന്നെത്തി.പതിവ് പോലെ ഹാഫ് ഡേ ലീവ് ആഘോഷിച്ചു കൊണ്ട് സ്വന്തം ബ്ലോഗിന് മുന്നില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോലാണ്  അബിയുടെ  ( പ്രിയതമ )പിന്നില്‍ നിന്നുള്ള വിളി

   " ഉം...നല്ലൊരു വ്യാഴമായിട്ട്..ആ കുന്തത്തിന്റെ മുന്നിലിരിക്കാതെ ഐശൂനെ ഒന്ന് നോക്കിക്കേ...ഞാന്‍ ഇന്ന് ഡിന്നറിനു " ദാല്‍ ബാട്ടി " ഉണ്ടാക്കാന്‍ പോവുകയാ..

  " ദൈവമേ...അപ്പൊ ഇന്നും ഭക്ഷണം പുറത്ത് നിന്ന് തന്നെ കഴിക്കേണ്ടി വരും " ഞാന്‍ കാലിയായ പഴ്സിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.
    കളിയാകൊന്നും വേണ്ട..ഞാന്‍ ഇതിനു മുന്‍പ്‌ പരീക്ഷിച്ചു വിജയിച്ചതാ...അബിയുടെ വക ഗ്യാരണ്ടി.

 പട്ടിണി കിടക്കെണ്ടല്ലോ എന്ന് കരുതി എന്ത് ഉണ്ടാക്കിയാലും " ബാലെ..ഭേഷ്...സൂപ്പര്‍ " എന്നൊക്കെ ഞാന്‍ പുകഴ്ത്ത്തുന്നതിന്റെ അഹങ്കാരം.അല്ലാതെന്തു പറയാന്‍.

 " ദാല്‍ ബാട്ടിയുണ്ടാക്കി ഞാന്‍ ഒറ്റക് തന്നെ കഴിക്കും.ആ നേരത്തെ കുറച്ച തായോ എന്നും ചോദിച്ചു വാ...അപ്പൊ ഞാന്‍ തരാം ട്ടാ....ബിസ്ക്കറ്റ്.....പട്ടിക്ക് കൊടുക്കണ ബിസ്ക്കറ്റ് "

ഡയലോഗ് അടിച്ചു ഐശൂനെ എന്റെ മടിയില്‍ വെച്ച്  അബി അടുക്കളയിലേക് പോയി.

കറക്റ്റ് സമയം നോക്കി അവള്‍ പണിയൊപ്പിച്ചു." സാധനം നുമ്മ ഡെലിവറി ചെയ്തൂട്ടാ..." എന്ന അര്‍ത്ഥത്തില്‍ ഐശു എന്നെ നോക്കി ഒന്നര പല്ല് കാണിച്ചു ഒരു നോട്ടിഫികേഷന്‍ തന്നു.

അത് വരെ എന്റെ മുഖത്തുണ്ടായ മള്‍ട്ടിപ്പിള്‍ വികാരങ്ങള്‍ സിംഗിള്‍ വികാരത്തിനു വഴി മാറി.വേഗം തന്നെ ഐശൂനെ താഴെ വെച്ച് ഞാന്‍ പതുക്കെ സ്കൂട്ടായി.

 " വപ്പാനേം മോളേം നോക്കി ഞാന്‍ വയ്യാതായി.എല്ലാത്തിനും എന്റെ കയ്യും കണ്ണും എത്തണം...എന്നെ ഒന്ന് സഹായിച്ചാല്‍ എന്താ...?  സോഫ്റ്റ്‌ വെയറും ഹാര്ഡ് വെയറും ഒക്കെ യായി നടന്ന് ..ഇയാള്‍ടെ ഹാര്‍ട്ടും ഹാര്ഡ് ആയി മാറിയിരിക്കുന്നു. "

പരാതിക്കിടയിലും ഭാര്യയുടെ വക കൌണ്ടര്‍.

കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  " ഇക്കാ...." എന്നുള്ള വിളി അടുക്കളയില്‍ നിന്നും കേട്ടു.
ഭര്‍ത്താവിനെ ഇക്കാ എന്ന് വിളിക്കുന്നത് സാധാരണം. എന്നാല്‍ വിളിക്കുന്നത് അഭിയും..വിളിക്കപ്പെടുന്നത് ഞാനും ആവുമ്പോള്‍....അതിലൊരു അപകട സൂച്ചനയില്ലേ..?

പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പുഞ്ചിരിയോടെ അബി.
" മുബാറക് സെന്റെറില്‍ പുതിയ പിസ്സാ ഹട്ട് ഓപ്പണ്‍ ആയിട്ടുണ്ട്‌.ഇന്ന് നമുക്ക് ഭക്ഷണം അവിടന്നാക്കിയാലോ ? വിളിച്ചു പറഞ്ഞാല്‍ അവര്‍ അര മണിക്കൂറിനുള്ളില്‍ എത്തിക്കും.

ദാല്‍ ബാട്ടി കുളമായി..ഇളിഞ്ഞ ചിരിയോടെയുള്ള ആ നില്‍പ്പ് കണ്ടു ചിരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.

Wednesday, 3 December 2014 - 7 comments

ഡിസംബറിന്റെ നഷ്ട്ടം

ഓര്‍മകള്‍ക്കെന്നും  ഗൃ ഹാതുരത്വത്തിന്റെ സുഗന്ധമാണ്. മറവിയുടെ തിരകളെടുക്കാത്ത മനസ്സിന്റെ തീരത്ത്  സൂക്ഷിക്കുന്ന ചില ഓര്‍മകളെങ്കിലും ഉണ്ടാകും എല്ലാരിലും.

      എന്റെ ഉള്ളില്‍ ഒളിച്ചു കിടന്ന ആ ദിനത്തിന്റെ ഓര്‍മകളെ ഉണര്‍ത്തിയത് അവിചാരിതമായി വന്ന ഒരു " ലൈക് " ആണ്.
             ഓഫീസില്‍ നിന്നെത്തിയ ഞാന്‍ പതിവ് പോലെ എല്ലാ ബ്ലോഗറേയും പോലെ  ആദ്യം ചെയ്തത് പുതിയ കമന്റോ ലൈകോ എന്റെ പോസ്റ്റിനു ലഭിച്ചോ എന്നാണു. എന്തായാലും നിരാശപ്പെടേണ്ടി വന്നില്ല.അതില്‍ അവിചാരിതമായി ഒരു സുഹൃത്തിനെ കണ്ടു. വളരെയധികം സന്തോഷം തോന്നി അത് കണ്ടപ്പോള്‍.

ഞാന്‍ അറിയാതെ ഓര്‍മകളിലെ നഷ്ട്ടങ്ങള്‍ ചികയുകയായിരുന്നു എന്റെ മനസ്സ്.ഡിസംബര്‍ എന്നും നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓര്‍മയാണ്

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇത് പോലൊരു ഡിസംബര്‍ മാസ പ്രഭാതത്തിലായിരുന്നു അവളെ ആദ്യം ഞാന്‍ കാണുന്നത്. JB ട്രാവല്‍സ്  ( ബസ് ) ന്റെ ഡ്രൈവര്‍ സീറ്റിനടുത്ത്  ചില്ലിനടുത്തായി ഇരിക്കുന്ന ആ രൂപം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
                                                                           യൂണിഫോം കണ്ടപ്പോളേ മനസ്സിലായി എന്റെ കോളേജില്‍ തന്നെയാണെന്ന്. ക്ലാസ്സിലെത്തിയപ്പോലാണ് അവളും എന്റെ ക്ലാസ്സില്‍ തന്നെയെന്നു മനസ്സിലായത്.

അവള്‍ മിക്കപ്പോളും തനിച്ചായിരുന്നു.പുസ്തകങ്ങളുമായി ക്ലാസിന്റെ ഒരു മൂലയില്‍ ഒതുങ്ങി കൂടുന്ന പ്രകൃതം. അങ്ങിനെയിരിക്കെ ബസിറങ്ങി ക്ലാസ്സിലേക്ക് പോകുന്ന വഴിയെ ഞങ്ങള്‍ പരിജയപ്പെട്ടു.പരിജയം പതിയെ നല്ലൊരു സൌഹൃദമായി വളര്‍ന്നു.
             
                          കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന എന്റെ ചങ്ങാതി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു. ( അധികം ആര്‍ക്കും അത് അറിയില്ലായിരുന്നെങ്കിലും )
               
                         കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം അവള്‍ സ്വയം തീര്‍ത്ത ചട്ടക്കൂടുകള്‍ക്കിടയില്‍ ഒതുങ്ങി ജീവിക്കുകയായിരുന്നു.ഫോണ്‍ നമ്പര്‍ മാറ്റിയും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തും  ക്യാമ്പസ് സൌഹൃദങ്ങളില്‍ നിന്നും അവള്‍ ഒളിച്ചോടുകയായിരുന്നു.  ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാരണത്താല്‍ ഞങ്ങളുടെ സൌഹൃദം ഇടക്കെവിടെയോ വെച്ച് നഷ്ട്ടപ്പെട്ടു. ഒരു പക്ഷെ തന്നിലേക്കുള്ള ഒതുങ്ങിക്കൂടല്‍ അവള്‍ ആസ്വദിക്കുകയായിരുന്നിരിക്കും. 

ജീവിതം ഇങ്ങിനെയാണ്‌ പാതി വഴിയില്‍ പ്രിയപ്പെട്ട പലതും നഷ്ട്ടമായെക്കാം. ഈ നഷ്ട്ടവും ഇങ്ങിനെയാണ്‌.ഒരു നാള്‍ മറ്റെന്തിനെക്കാളും പ്രിയം തോന്നിയിരുന്ന..ഇഷ്ട്ടപെട്ടിരുന്ന ഒരാള്‍.എന്നാല്‍ ആ ഇഷ്ട്ടത്ത്തിനു അതികം ആയുസ്സുണ്ടായിരുന്നില്ല.

മനസ്സില്‍ ഓര്‍മകളുടെ കനലുകള്‍ വാരി വിതറി യാത്ര ചോദിച്ച ചങ്ങാതീ....നിനക്കായി ഒരു പ്രഭാതത്തിന്റെ ഓര്മ കുറിപ്പ്......
      



Sunday, 4 May 2014 - 1 comments

അങ്ങിനെ എനിക്കും കിട്ടി

ദുബായ് , തിരക്ക് പിടിച്ച ജീവിതം.... എല്ലാവരും ജീവിതത്തിൽ എവിടെയോ എത്തിച്ചേരാൻ ഓടി കൊണ്ടിരിക്കുന്നു.,എന്തിനു വേണ്ടിയോ കാത്തിരിക്കുന്നു. പകൽ രാത്രിയെ തേടി ഓടുന്നു.രാത്രിയോ പകലിനെയും.ഇതിനിടയില്‍ ഞാനും ഓടി ഒരു ലൈസന്സിിന് പിറകെ.

                  ഡ്രൈവിംഗ്   ഒരു കലയാണ്  ... അത് നൈസര്ഗിടഗമായ ഒരു ജന്മ വാസനയാണോ അല്ലയോ എന്ന് എനിക്കറിയില്ല . പക്ഷെ ചില ആളുകള്‍ ഡ്രൈവ് ചെയ്യുന്ന രീതി കാണുമ്പോള്‍ എനിക്കങ്ങനെ തോന്നാറുണ്ട് ...

അങ്ങിനെ വീണ്ടൂം ആ സുദിനം വന്നെത്തി .ഇന്ന് എന്റെ മൂന്നാമത്തെ    ഡ്രൈവിങ്ങ്  ടെസ്റ്റാണ്

രാത്രി ഉറക്കവും ശെരിയായില്ല. രാത്രി മുഴുവനും ഉറക്കത്തിനിടക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പൊട്ടുന്നത്  സ്വപ്നം കണ്ടൂ ഞെട്ടി എഴുന്നേറ്റു , പലവട്ടം. !
റൂമില്‍ നിന്നും പുറത്തിറങ്ങി , ആദ്യം കണ്ട ടാക്സി പിടിചു . ഞാന്‍  ടെസ്റ്റിനു പോകുവാണെന്നു അറിഞ്ഞപ്പോള്‍ , ചുള്ളന്റെ വക ഒരു ക്ലാസ്സും.! മിനിമം ഒരു അഞ്ചു ടെസ്റ്റെങ്കിലും കഴിയ്യാതെ ലൈസന്സ്ി കിട്ടില്ല.അതിലൊന്നും പതറാതെ ലൈസന്സ്െ ലഭിക്കുന്നത് വരെ മനോ ദൈര്യം കൈ വിടരുതെന്ന ഉപദേശവും.
ഒരു പാകിസ്റ്റാന്കാകരന്റെ ഉപദേശം കേട്ടപ്പോള്‍ സ്വാഭാവികമായും എന്റെ ചോര തിളച്ചു. പക്ഷേ , അതു പെട്ടന്നു മാറി , കാരണം ഇവന്മാറ്ക്കു ബോധം കുറവാണ് , വെറുതെ അവന്റെ  കയ്യില്‍  നിന്നും തല്ല് മേടിച്ചു ഇന്ഡ്യയുടെ മാനം കളയണ്ടാ ‘ ഇന്ത്യയുടെ ഭാവി..അത് എന്റെ കൂടി കയ്യിലാണ്. രാജ്യ സ്നേഹം അതോര്ത്ത്  മാത്രം ഞാന്‍ ക്ഷമിച്ചു.

സത്യായിട്ടും..



പതിവു പോലെ പേപ്പര്‍ എക്സാമിനേഴ്സ് റൂമില്‍ കൊടുത്ത ശെഷം നമ്മുടെ പേരും വിളിക്കുന്നതും കാത്തിരിപ്പയി , കല്ല്യാണ ഹാളില്‍ ചെറുക്കനേയും പെണ്ണീനേയും കാത്തിരിക്കുന്ന നാട്ടുകാരെ പോലെ


  കാഴ്ചയില്‍ ഒരു നല്ല പോലീസുകാരനെയാണ് എനിക്ക് എക്സാമിനര്‍ ആയി ലഭിച്ചത്. പുള്ളിയുടെ വകയും ഉപദേശം ലഭിച്ചു.കൂടെ ഒരു ബെസ്റ്റ് ഓഫ് ലക്കും.സാധാരണ അതൊന്നും ലഭിക്കാത്തതിനാല്‍ മനസ്സിലൊരു ആശ്വാസം തോന്നി.


റോഡിലെ വണ്ടികളുടെ ഓട്ടം ആസ്വദിച് ഇരിക്കുകയാണെന്ന് വിചാരിച്ച അറബി  മെല്ലെ ഒന്ന് തട്ടി. എന്നിട്ട്.....

അറബി: ആര്‍ യു ഡ്രൈവിംഗ്?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ വാട്ട്‌ ആര്‍ യു വെയിടിംഗ് ഫോര്‍?
ഞാന്‍: ടൂ മച്ച് വെഹിക്കിള്സ്ം സാര്‍.
അറബി: ഓ സോറി ഷാള്‍ ഐ ഗെറ്റ് ഡൌണ്‍ ആന്ഡ്ു‌ സ്റ്റോപ്പ്‌ ഓള്‍ കാര്സ്ര ഫോര്‍ യു?

ടിം.....
ഇത്രയും നേരം എന്റെ കൂടെ നിന്ന നീ ഇത്ര പെട്ടന്ന് കാലു മാറുമെന്നു  ഞാന്‍ വിചാരിച്ചില്ല."

അല്ലെങ്കിലും ഇവിടെ കാലാവസ്ഥയും അറബിയുടെ സ്വഭാവവും എപ്പോളാ മാറുന്നതെന്ന് പറയാന്‍ സാധിക്കില്ല.

പിന്നെ ഒന്നും ആലോചിച്ചില്ല. ദൈവത്തെയും..മാതാപിതാക്കളെയും ...എന്റെ ഡ്രൈവിംഗ് കണ്ടു " മേരെ ചോട്ടാ ചോട്ടാ ബച്ചാ ഹേ " എന്നോര്മിയപ്പിച്ച ഡ്രൈവിംഗ് ഉസ്ത്താദിനെയും മനസ്സില്‍ ധ്യാനിച്ച്‌ “ പടച്ചോനേ കാത്തോളീ “  എന്ന് പറഞ്ഞു വണ്ടിയെടുത്തു.

കുറച് നേരം ലെഫ്റ്റ്, റൈറ്റ്, യു ടേണ്‍, എന്തായാലും അറബി എന്നെ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഒരു വിധം കുഴപ്പമില്ലാതെ ഓടിച്ചു എന്ന് എന്റെ മനസ്സ് പറഞ്ഞു

മൂന്നു നാല്‍ പ്രാവശ്യം അറബി പറഞ്ഞ പൊലെ ട്രാക്കുകള്‍ ഞാന്‍ പുഷ്പം പോലെ മാ‍ാറി...കാരണം എന്റെ ചാത്തന്മാര്‍ എനിക്കു അപ്പോല്‍ വണ്ടികള്‍ ഒന്നും വരാതെ റോഡ് ക്ലിയറാക്കിതന്നു

“ റൈറ്റ് പാര്ക്കിുങ്ങ് “ എന്നും പറഞ്ഞ്  അറബി ‘ ഇനി അബദ്ധം പറ്റരുത് ‘ എന്നും മനസ്സില്‍ വിചാരിച്ച് ബ്രേകില്‍ കാല്‍ വച്ചു.പക്ഷെ , മുന്നില്‍ വേറെ വണ്ടീയൊന്നും ഇല്ലാത്തതിനാലും, സ്പേസ് ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാലും ഞാന്‍ കൂളായി പാര്ക്കു  ചെയ്തു .

"യു ആര്‍ പാസ്സ്‌ട്" എന്ന അറബിയുടെ വാക്ക് എനിക്ക് വിശ്വാസമായില്ല.

 " വന്ദനം” സിനിമയില്‍ “ എന്തോ “ കണ്ട് ബോധം പോയി വീട്ടില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മോഹന്ലാതലിനെ പോലെ ഞാന്‍ അറബിയുടെ  കയ്യില്‍ നിന്നും “ PASS"  എന്നെഴുതിയ പേപ്പറുമായി വായും പൊളിച്ചു കാറില്‍ നിന്നും ഇറങ്ങി നടന്നു.!

മുന്നറിയിപ്പ് :-
റോഡിന്റെ അരികു ചേര്ന്ന്  നടക്കുക. പണ്ടത്തെ പോലെ അല്ല; എനിക്കും ലൈസന്സ്  കിട്ടി.എപ്പോളാ...ഏതു വഴിയാ ഞാന്‍ വരുന്നതെന്ന് പറയാന്‍ പറ്റില്ലാലോ..സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
Sunday, 22 December 2013 - 6 comments

പേരില്ലാ കവിത ( ? )

കാലത്തെ വലം വെക്കാന്‍ മോഹിച്ചു 
ഞാനൊരു ഘടികാര സൂചിയായി
മുന്നോട്ടു നീങ്ങി..പിന്നോട്ട് നീങ്ങി..
ചുറ്റിത്തിരിഞ്ഞു വന്നെത്തി
വൃത്തത്തിന്നകത്ത് പിന്നെയും..
തേടി ഞാന്‍ വീണ്ടുമാ വൃത്തത്തിനുള്ളില്‍
 അളവ് സൂചിപ്പിക്കും മധ്യബിന്ദു.
ആരവും....വ്യാസവും..വിസ്തീര്‍ണവും..
കണ്ടു ഞെട്ടി ഞാന്‍


ആകെ തുക വെറും പൂജ്യം മാത്രം.
Sunday, 8 December 2013 - 4 comments

ഒരു ചോദ്യം.

അല്ലയോ സുഹൃത്തെ..
നമ്മള്‍ വഴി പിരിഞ്ഞതെന്ന്?
ചൂള മരങ്ങള്‍ക്കിടയിലെ
തണുത്ത കാറ്റും..
വിങ്ങുന്ന മനസ്സിലെ
ഒത്തിരി സ്വപ്നങ്ങളും
എന്നാണു നമ്മള്‍ പങ്കു വെച്ചത്?
നിനക്കേറ്റ മുറിവിന്റെ
വേദന തിന്നതുംനിന്റെ വാക്കുകള്‍ക്ക് കാതു കൂര്‍പ്പിച്ചതും
പിന്നെയെന്നോ നിന്റെ വായ്ത്താരി
കേട്ട് ഞാന്‍ ക്ഷോഭിച്ചുവഴി മാറി നടന്നതും
ഒടുവിലെന്നോ ഒരു വാക്കും പറയാതെ
ഓര്മ തന്‍ വീഥിയില്‍ഓടിയോളിച്ചതും
ഇന്നായിരുന്നോ?

അല്ലയോ സുഹൃത്തെ...
നമ്മള്‍ വഴി പിരിഞ്ഞതെന്തിനു??????
Monday, 2 September 2013 - 6 comments

സ്നേഹം

നല്ലൊരു മനസും സ്നേഹത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കുവാനും കഴിയുമെങ്കില്‍ ആ സ്നേഹം യഥാർത്ഥമെങ്കില്‍ സ്നേഹിക്കുന്ന ആരെയും മറക്കില്ല
Sunday, 1 September 2013 - 3 comments

അഭിമാനം

സ്വന്തമായി ഉണ്ടാക്കാത്തതിൽ അഭിമാനം കൊള്ളുന്നത്  ലഞ്ജാവഹമാണ് 
നിന്റെ സൌന്ദര്യത്ത്തിൽ നീ പൊങ്ങച്ചം കാണിക്കരുത്.
കാരണം നിന്റെ സൌന്ദ ര്യത്തെ നീയല്ല രൂപപ്പെടുത്തിയത്. 
നിന്റെ കുലമഹിമയിൽ നീ അഹങ്കരിക്കരുത്.
കാരണം അത് നീ തിരഞ്ഞെടുത്തതല്ല.
നിന്റെ സ്വഭാവത്തിൽ നീ അഭിമാനം ഉള്ളവനാവുക.
കാരണം നീയാണതിനെ രൂപപ്പെടുത്തിയത്  
Monday, 8 October 2012 - 1 comments

എന്റെ മൗനം






Wednesday, 25 July 2012 - 1 comments

സ്നേഹം



Tuesday, 24 July 2012 - 0 comments

സുഹൃത്ത്‌..സൌഹൃദം..


Tuesday, 17 July 2012 - 3 comments

സ്നേഹത്തിന്റെ വേദന


Sunday, 15 July 2012 - 6 comments

എന്റെ പ്രണയം


Monday, 18 June 2012 - 2 comments

ആയുസ്സ്